ADVERTISEMENT

ബാക്കുവിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ (29) പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് പങ്കെടുക്കില്ല. അസർബൈജാൻ ഭരണകൂടത്തിന്റെ നടപടികളോടുള്ള എതിർപ്പാണ് കാരണം. രണ്ടാഴ്ച നീളുന്ന ഉച്ചകോടിയിൽ വിവിധരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. അസർബൈജാനിലെ പരിസ്ഥിതി, പ്രകൃതിസംരക്ഷണ മന്ത്രിയായ മുഖ്താർ ബാബയേവാണ് ഉച്ചകോടിയുടെ അധ്യക്ഷൻ. അസർബൈജാനിലെ സർക്കാർ ഏകാധിപത്യ സ്വഭാവമുള്ളതാണെന്നും അസർബൈജാൻ വലിയ രീതിയിൽ എണ്ണ, വാതക ഉത്പാദനം നടത്തുന്ന രാജ്യമാണെന്നും ചൂണ്ടിക്കാട്ടി ഉച്ചകോടിയുടെ നടത്തിപ്പിനെതിരെ വിമർശനമുയർന്നിരുന്നു.

അസർബൈജാനിലേക്കും ഗ്രേറ്റ പോകുന്നില്ല. എന്നാൽ അസർബൈജാന്റെ അയൽരാജ്യമായ ജോർജിയയിൽ ഗ്രേറ്റ എത്തിയിട്ടുണ്ട്. കാലാവസ്ഥാ ഉച്ചകോടിക്കെതിരെ ജോർജിയയിൽ പ്രതിഷേധപരിപാടികൾ സംഘ‍ടിപ്പിക്കുകയാണ് അവർ.

2003 ജനുവരിയിൽ സ്വീഡനിലെ സ്റ്റോക്കോമിലാണ് ഗ്രേറ്റ ജനിച്ചത്. എഴുത്തുകാരനായ സ്വാന്റ ട്യുൻബെർഗും പാട്ടുകാരിയായ മലേനയുമാണ് ഗ്രെറ്റയുടെ മാതാപിതാക്കൾ. മാതാപിതാക്കളോട് കാർബൺ ബഹിർഗമനം കുറച്ചുള്ള ജീവിതരീതി അവലംബിക്കാൻ നിർബന്ധിച്ചുകൊണ്ടാണ് ഗ്രേറ്റ പരിസ്ഥിതി പ്രവർത്തനം തുടങ്ങിയത്. 2018 ഏപ്രിലിൽ സ്വീഡിഷ് പാർലമെന്റിനു പുറത്ത് ശക്തമായ കാലാവസ്ഥാ നയങ്ങൾ ആവശ്യപ്പെട്ട് ഗ്രേറ്റ സമരങ്ങൾ തുടങ്ങി. വെള്ളിയാഴ്ചകളിൽ നടന്ന ഈ സമരങ്ങൾ ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ എന്ന പേരിലാണ് അറിയപ്പെട്ടത്.

2019ൽ യുഎസിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി പായ്‌വഞ്ചിയിൽ നടത്തിയ ഗ്രേറ്റയുടെ യാത്ര ലോകമെങ്ങും ശ്രദ്ധ നേടിയിരുന്നു. നിരവധി പുരസ്‌കാരങ്ങളും ഈ ഇരുപതുകാരി നേടിയിട്ടുണ്ട്, 2019,2020, 2021, 2022 വർഷങ്ങളിൽ നോബൽ പുരസ്‌കാരത്തിനായുള്ള നാമനിർദേശങ്ങളിലും ഗ്രേറ്റ ഇടംനേടി.

English Summary:

Greta Thunberg Boycotts COP29 in Azerbaijan, Citing Human Rights Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com