തെലങ്കാനയിൽ 400 ഏക്കർ വനഭൂമി നികത്തുന്നു; ‘നോട്ടം കോടികളിൽ മാത്രം, ആവാസവ്യവസ്ഥ തകിടംമറിയും’

Mail This Article
കാഞ്ച ഗാച്ചിബൗളി ഗ്രാമത്തിലെ 400 ഏക്കര്‍ വനഭൂമി തെലങ്കാന സർക്കാർ ലേലത്തിൽ വയ്ക്കുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥികളാണ് സർക്കാരിനെതിരെ സമരപരിപാടികളുമായി മുന്നോട്ടുപോകുന്നത്. ലോകോത്തര ഐടി പാര്‍ക്കുകളും മെച്ചപ്പെട്ട നഗര ജീവിതവും വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലേലത്തില്‍ നിന്ന് സംസ്ഥാനത്തിന് 10,000 മുതല്‍ 15,000 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
രംഗാറെഡ്ഡി ജില്ലയിലാണ് വനഭൂമി സ്ഥിതി ചെയ്യുന്നത്. 2008-09 കാലയളവിൽ ഹൈദരാബാദ് സർവകാലാശാലയും വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF)ഇന്ത്യയും ചേർന്ന് നടത്തിയ പഠനത്തിൽ ഇവിടെ 455ലധികം സസ്യ–ജീവജാലങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. 233 ഇനം പക്ഷികൾ, വിവിധ ഔഷധ സസ്യങ്ങള്‍, കുറ്റിച്ചെടികള്‍ എന്നിവയെല്ലാം ഉൾപ്പെടും. വനം വെട്ടിതെളിക്കുന്നതിലൂടെ ആവാസവ്യവസ്ഥ തകിടംമറിയുകയും ജീവജാലങ്ങൾ ഇല്ലാതാവുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ പ്രദേശത്തെ താപനില ഒന്നുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും പറയുന്നു.

ഹൈദരാബാദിലെ മറ്റ് പ്രദേശങ്ങളേക്കാള്‍ ജൈവവൈവിധ്യം നിറഞ്ഞ മേഖലയാണ് കാഞ്ച ഗച്ചിബൗളി. പ്രകൃതിരമണീയമായ ഈ മേഖലയുടെ ഒരു ചെറിയ ഭാഗം പുനർനിർമിക്കാൻ വലിയ ചെലവ് വരും. എന്നാൽ വനത്തെ പരിപാലിക്കാൻ വലിയ ചെലവില്ലെന്നും ഗവേഷകനായ അരുൺ വസി റെഡ്ഡിയുടെ പാരിസ്ഥിതിക പൈതൃക റിപ്പോർട്ടിൽ പറയുന്നു.
വനം നികത്താനായി 50ലധികം എർത്ത് റിമൂവറുകളാണ് സ്ഥലത്തുള്ളത്. പ്രവർത്തനം തടയാൻ ശ്രമിച്ച അമ്പതോളം വിദ്യാർഥികളെ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്തെ ദേശീയോദ്യാനമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജി ഏപ്രിൽ 7 ന് ഹൈക്കോടതി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.