42000 വർഷം മുൻപ് നടന്ന ചരിത്രത്തിലെ ആദ്യ മൃഗക്കടത്ത്! കയറ്റുമതി ചെയ്തത് സഞ്ചിമൃഗങ്ങളെ
Mail This Article
ഇന്ന് സ്ഥിതി ചെയ്യുന്നില്ലാത്ത വൻകരയാണ് സാഹുൽ. ഓസ്‌ട്രേലിയ, ടാസ്മാനിയ, ന്യൂഗിനി തുടങ്ങി അനേകം ദ്വീപുകൾ പണ്ട് സാഹുലിന്റെ ഭാഗമായിരുന്നു. 42000 വർഷങ്ങൾക്ക് മുൻപ് സാഹുലിൽ നിന്ന് ഇന്തൊനീഷ്യയിലേക്ക് സഞ്ചിമൃഗങ്ങളെ മനുഷ്യർ എത്തിച്ചിരുന്നെന്നാണ് പുതിയ ഗവേഷണം പറയുന്നത്. ഇതേക്കുറിച്ച് മനസ്സിലാക്കാനായി ഗവേഷകർ ടാനിംബാർ എന്ന ദ്വീപിലെ ഒരു ഗുഹയിൽ പരിശോധന നടത്തി. വലേഷ്യ എന്ന ദ്വീപനിരയിൽപെട്ട ദ്വീപുകളിലൊന്നാണ് ടാനിംബാർ. ഓസ്‌ട്രേലിയയെ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന, ഭൗമഘടനപ്രകാരം വലിയ പ്രാധാന്യമുള്ള സ്ഥലമാണ് വലേഷ്യ. ഓസ്‌ട്രേലിയയിലേക്ക് അരലക്ഷം വർഷം മുൻപ് മനുഷ്യരുടെ കുടിയേറ്റം നടന്നത് ഇതുവഴിയാണ്.
വലേഷ്യയിൽ മറ്റു പല ദ്വീപുകളിലും ആദിമമനുഷ്യസാന്നിധ്യം തെളിയിച്ചുണ്ടെങ്കിലും ടാംനിംബാറിൽ ഇതു സാധിച്ചിരുന്നില്ല. വളരെ വിദൂരമേഖലയിൽ സ്ഥിതി ചെയ്യുന്ന ദ്വീപായതിനാൽ ഇവിടെ മനുഷ്യർക്ക് എത്താൻ സാധ്യത കുറവാണെന്നായിരുന്നു ശാസ്ത്രജ്ഞരുടെ അനുമാനം. എന്നാൽ ഇവിടെ നിന്നും മനുഷ്യസാന്നിധ്യം സംബന്ധിച്ച തെളിവുകൾ കണ്ടെത്തിയോടെ ഈ നിഗമനം തെറ്റാണെന്നു തെളിയിച്ചു. വലേഷ്യയിലെ മറ്റു ദ്വീപുകളിലെല്ലാം തന്നെ എത്താൻ വള്ളങ്ങളും ചങ്ങാടങ്ങളും പോലുള്ള ലളിത സമുദ്രഗതാഗത മാർഗങ്ങൾ മതിയെന്നായിരുന്നു ഗവേഷകരുടെ പഠനം. എന്നാൽ ടാനിംബാറിലെത്താൻ കൂടുതൽ ശക്തവും സങ്കീർണവുമായ നാവിക ഗതാഗതാ മാർഗങ്ങൾ വേണമെന്നും ഗവേഷകർ വിലയിരുത്തിയിരുന്നു. ടാനിംബാർ ദ്വീപിൽ സഞ്ചിമൃഗങ്ങളുടെ അസ്ഥികളും കണ്ടെത്തിയിരുന്നു.
ഇവ എങ്ങനെ എത്തിയതാണെന്ന സംശയത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഇപ്പോൾ പുതിയൊരു പഠനത്തിൽ ഗവേഷകർ പറയുന്നത് ഇവയെ മനുഷ്യൻ ഇങ്ങോട്ടേക്ക് കടത്തിയതാണെന്നാണ്. അങ്ങനെയെങ്കിൽ മനുഷ്യചരിത്രത്തിൽ സ്ഥരീകരിക്കപ്പെട്ട ആദ്യ മൃഗക്കടത്തലായിരിക്കും ഇത്. എന്നാൽ ഇതു സ്ഥിരീകരിക്കുന്നതിനു കൂടുതൽ തെളിവുകളും ആവശ്യമാണ്.
നിലവിൽ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള മൃഗക്കടത്ത് 24000 വർഷം മുൻപാണ് സംഭവിച്ചത്. ഫലാൻജർ ഒറിയാന്റലിസ് അഥവാ കസ്‌കസ് എന്ന സഞ്ചിമൃഗത്തെയാണ് സഹുലിൽ നിന്നു ന്യൂസീലൻഡിലെ മാറ്റെൻബെകിലേക്ക് കൊണ്ടുവന്നത്.