ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരം; 470 കടന്ന് സൂചിക, കാഴ്ചാപരിധിയിലും ഇടിവ്
Mail This Article
ഡൽഹിയിലെ വായു ഗുണനിലവാരം ഗുരുതരമായി തുടരുന്നു. ഞായറാഴ്ച 7ന് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് 428 ആണ്. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ കാഴ്‌ചാപരിധി 800 മീറ്ററായി കുറഞ്ഞതോടെ 107 വിമാനങ്ങള്‍ വൈകുന്നതിനു കാരണമായി. മൂന്ന് വിമാനങ്ങളുടെ സർവീസ് റദ്ദാക്കിയിരിക്കുകയാണ്.
പലയിടങ്ങളിലും വായുഗുണനിലവാരം ഗുരുതരാവസ്ഥയിൽ നിന്ന് അതീവ ഗുരുതരാവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, രാജ്യതലസ്ഥാനത്തെ നിരവധി നിരീക്ഷണ കേന്ദ്രങ്ങളിൽ ഞായറാഴ്ച വായു ഗുണനിലവാര സൂചിക (AQI) 400ന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 471 എന്ന ഏറ്റവും ഉയർന്ന സൂചിക രേഖപ്പെടുത്തിയത് ബവാനയിലാണ്. തൊട്ടുപിന്നാലെ അശോക് വിഹാറും ജഹാംഗീർപുരിയും ഉണ്ട്. ഇവിടെ വായു എക്യുഐ 466 ആണ്. ആനന്ദ് വിഹാർ, ഷാദിപൂർ, വിവേക് വിഹാർ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ 457 ഉം രോഹിണിയിൽ 449 ഉം പഞ്ചാബി ബാഗിൽ 447 ഉം രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിന് പുറത്തുള്ള 35 വായു ഗുണനിലവാര സ്റ്റേഷനുകളിൽ 22 എണ്ണത്തിലും റിപ്പോർട്ട് ചെയ്ത വായു നിലവാരം ഗുരുതരാവസ്ഥ വിഭാഗത്തിലാണ്. മൂന്ന് സ്റ്റേഷനുകളിൽ മാത്രമാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
വായു മലിനീകരണം രൂക്ഷമായ ഹരിയാനയിൽ നിയന്ത്രണ നടപടികൾ തുടങ്ങിയിട്ടുണ്ട്. അഞ്ചാം ക്ലാസുവരെയുള്ള കുട്ടികൾക്ക് അവധി നൽകിയിരിക്കുകയാണ്. പുറത്തിറങ്ങുന്നവർ എൻ95 മാസ്ക് ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ദീപാവലിയിൽ പടക്കം പൊട്ടിക്കുന്നതും രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതുമാണ് വായു മലിനീകരണ തോത് കൂട്ടുന്നതെന്ന് പ്രധാനമായി പറയുന്നു. എന്നാൽ ഇത് മാത്രം കാരണമായി ചൂണ്ടിക്കാട്ടുന്നത് ശരിയല്ലെന്നാണ് വിദ്ഗധരുടെ അഭിപ്രായം. ഇവ നടക്കുന്നത് ചെറിയ സമയങ്ങളിൽ മാത്രമാണ്. എന്നാൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം ഡൽഹിയിൽ വർഷത്തിൽ 201 ദിവസം മാത്രമാണ് വായുഗുണനിവാര സൂചിക 200ൽ താഴുന്നത്.
എക്യുഐ പൂജ്യം മുതൽ 50 വരെയാണ് മികച്ച വായു ഗുണനിലവാരം എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. 50–100 ഉചിതം, 100–200 മോശം അവസ്ഥ, 200–300 അപകടകരമായ അവസ്ഥ, 300–400 രൂക്ഷം, 400ന് മുകളിൽ അതീവ ഗുരുതരം എന്ന വിഭാഗത്തിലും ഉൾപ്പെടുന്നു. മലിനവായു കാരണ് ഡൽഹിയിൽ നിരവധിപ്പേർക്ക് തൊണ്ടവേദനയും കണ്ണെരിച്ചലും തുടങ്ങിയിട്ടുണ്ട്. പ്രായമായവരിലും കുട്ടികളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും റിപ്പോർട്ട് ചെയ്തുവരുന്നു.