ADVERTISEMENT

ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്കിൽ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 481ൽ എത്തിനിൽക്കുന്നു. ഈ സീസണിലെ ഏറ്റവും മോശമായ അവസ്ഥയാണിത്. ഡൽഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര സൂചിക 450നു മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താരതമ്യേന കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഫരീദാബാദിലാണ്. ഇവിടെ എക്യുഐ 320 ആണ്.

അന്തരീക്ഷ മലിനീകരണം ശക്തമായ തോതിലായ ഡൽഹിയിലെ ദൃശ്യങ്ങൾ. ചിത്രം:  ജോസ്കുട്ടി പനയ്ക്കൽ /  മനോരമ
അന്തരീക്ഷ മലിനീകരണം ശക്തമായ തോതിലായ ഡൽഹിയിലെ ദൃശ്യങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ

രാവിലെ 6ന് മൂടൽമഞ്ഞ് കാരണം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ കാഴ്ചാപരിധി 150 മീറ്റർ മാത്രമായിരുന്നു. തുടർന്ന് ചില വിമാനങ്ങൾ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വൈകിയിട്ടുണ്ട്. വായു മലിനീകരണം രൂക്ഷമായ ഘട്ടത്തിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) നാലാം ഘട്ടം അനുസരിച്ചുള്ള കടുത്ത നടപടികൾ തിങ്കളാഴ്ച മുതൽ നടപ്പിലാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗ്രാപ് ഫോറിന്റെ കീഴിൽ വരുന്ന നിയന്ത്രണങ്ങൾ ഇങ്ങനെയാണ്:

ശ്വസിക്കാനാകാതെ ഡൽഹി; രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും മലിനമായ വായു: ഗ്രാപ്–4 നിയന്ത്രങ്ങളിലേക്ക്
ശ്വസിക്കാനാകാതെ ഡൽഹി; രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും മലിനമായ വായു: ഗ്രാപ്–4 നിയന്ത്രങ്ങളിലേക്ക്

> മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന സിഎൻജി, ഇലക്ട്രിക് ട്രക്കുകളും അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകളും മാത്രമേ അനുവദിക്കൂ. 

> ഡൽഹിക്ക് പുറത്തുള്ള റജിസ്റ്റർ ചെയ്യുന്ന ലഘു വാണിജ്യ വാഹനങ്ങൾക്കും പ്രവേശനം അനുവദിക്കില്ല.

> ബിഎസ്–4 നിലവാരത്തിലുള്ളതും താഴെയുള്ളതുമായ വാഹനങ്ങൾക്കും ഹെവി ഗുഡ് വെഹിക്കിളുകൾക്കും പ്രവേശനം ഉണ്ടാകില്ല.

> 10,12 ക്ലാസുകൾ ഒഴികെയുള്ളവർക്ക് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. ഗ്രാപ്–3 യുടെ കീഴിൽ 5–ാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഇതിനോടകം തന്നെ ഓൺലൈൻ ക്ലാസ് ആരംഭിച്ചിട്ടുണ്ട്.

(Photo:X/@DDNewslive)
(Photo:X/@DDNewslive)

മലിനീകരണത്തിന്റെ തോത് അനുസരിച്ച് 6 ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. വായു മലിനീകരണ തോത് (എക്യുഐ) പൂജ്യം മുതൽ 50 വരെയാണ് മികച്ച വായു ഗുണനിലവാരം എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. 50–100 ഉചിതം, 100–200 മോശം അവസ്ഥ, 200–300 മോശം, 300–400 വളരെ മോശം, 400–450 കടുത്ത വായു മലിനീകരണം, 450ന് മുകളിൽ ‘സിവിയർ പ്ലസ്’ എന്ന വിഭാഗത്തിലും ഉൾപ്പെടുന്നു.

English Summary:

Delhi Implements Emergency Measures as Smog Shuts Down City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com