മരുഭൂമിയെ തടഞ്ഞു നിർത്തിയ യാക്കൂബാ; 70 കാരൻ പച്ചപ്പ് വിരിയിച്ചത് വേറിട്ട മാർഗത്തില്‍!
Mail This Article
താപനില റെക്കോര്‍ഡുകള്‍ താണ്ടുന്നതോടെ വരള്‍ച്ചയുടെ വാര്‍ത്തകളാണ് ലോകമെങ്ങും. വര്‍ഷത്തില്‍ കൃത്യമായി ലഭിക്കേണ്ടി മഴ ലഭിക്കാതെ വരുമ്പോഴാണ് ഈ പ്രതിസന്ധി. എന്നാല്‍ ഇന്ത്യയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ലഭിക്കുന്നതിന്‍റെ പകുതി പോലും മഴ ലഭിക്കാത്ത ആഫ്രിക്കയിലെ മരുഭൂമിയുടെ പ്രാന്തപ്രദേശങ്ങളില്‍ വരള്‍ച്ചയെ വെല്ലുവിളിച്ച് പച്ചപ്പ് വിളയിച്ച ഒരു മനുഷ്യനുണ്ട്. യാക്കൂബാ സവാഡോഗോ. 2020ലെ യുഎന്നിന്റെ ചാംപ്യൻസ് ഓഫ് ദി എർത്ത് പുരസ്ക്കാരം തേടിയെത്തിയതും യാക്കൂബായെ തന്നെ. ഐഎഎസ് ഓഫിസറായ സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ യാക്കൂബാ സവാഡോഗോയുടെ വിവരങ്ങൾ പങ്കുവച്ചത്.
സായ് എന്ന പരമ്പരാഗത ആഫ്രിക്കന്‍ മാര്‍ഗമുപയോഗിച്ചാണ് യാക്കൂബാ മരുഭൂമിയില്‍ പച്ചപ്പ് വിരിയിച്ചത്. കാലം എണ്‍പതുകളുടെ തുടക്കം. ആഫ്രിക്ക നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച. പൊതുവെ മഴ കുറവായ വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബുർക്കിനാ ഫാസോ എന്ന മരുപ്രദേശത്തിന്‍റെ അതിര്‍ത്തികളില്‍ മഴലഭ്യത 20 ശതമാനം മാത്രമായി ചുരുങ്ങി. പ്രദേശവാസികള്‍ കൂട്ടത്തോടെ നാട് വിട്ടപ്പോള്‍ യാക്കൂബാ കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല.
പൂര്‍വികരില്‍ നിന്നു പകര്‍ന്ന് കിട്ടിയ സായ് മാതൃക വരള്‍ച്ചയിലും വഴികാട്ടുമെന്ന ഉത്തമ ബോധ്യം യാക്കൂബായിക്കുണ്ടായിരുന്നു. ചെറിയ കുഴികളില്‍ ജൈവവളവും ജീര്‍ണ്ണിക്കുന്ന ജൈവ വസ്തുക്കളും ചേര്‍ത്ത് വയ്ക്കുക. അതില്‍ വിത്ത് നടുക. ലഭിക്കുന്ന മഴ അതെത്ര ചെറുതായാലും വെള്ളം ആവിയായോ മറ്റ് രീതികളിലോ പോകാതെ ഈ കുഴികളില്‍ ഈര്‍പ്പമായി ശേഖരിക്കപ്പെടും. ഇവയില്‍ നടുന്ന വിത്തുകള്‍ വളരും.
ആദ്യം ചെറിയ വിത്തുകള്‍ മാത്രം നട്ട യാക്കൂബാ പിന്നീട് മരങ്ങളും ഇതേ മാര്‍ഗത്തില്‍ നട്ട് വളര്‍ത്തുന്നതില്‍ വിജയം കണ്ടു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ പ്രദേശത്ത് വരള്‍ച്ച വീണ്ടുമെത്തിയപ്പോള്‍ യാക്കൂബായുടെ സായ് വിദ്യ പരീക്ഷിച്ച പ്രദേശത്തെ വരള്‍ച്ച ബാധിച്ചില്ല. പച്ച പുതച്ച് ആ പ്രദേശം നിലകൊണ്ടു. യാക്കൂബാ തന്നെ നിര്‍മിച്ച തടാകം വരണ്ടില്ല. ഇതിന് യാക്കൂബാ നന്ദി പറയുന്നതും പ്രദേശത്തെ മരങ്ങളോടും പച്ചപ്പിനോടുമാണ്. സായ് വിദ്യ തന്‍റേത് മാത്രമായി രഹസ്യമാക്കി സൂക്ഷിക്കാനും യാക്കൂബാ തയാറായില്ല. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഈ രീതിയില്‍ പച്ചപ്പ് വിരിയിക്കാന്‍ യാക്കൂബാ മുന്‍കൈയെടുത്തു.
മരുഭൂമിയെ തടഞ്ഞ് നിര്‍ത്തിയ മനുഷ്യന്‍ എന്നാണ് യാക്കൂബാ ഇന്ന് അറിയപ്പെടുന്നത്. യാക്കൂബാ ഒരു ഒറ്റപ്പെട്ട പ്രതിഭാസമല്ല. രാജസ്ഥാനിലെ ജലമനുഷ്യന്‍ എന്നറിയപ്പെടുന്ന രാജേന്ദ്രസിംഗും പരമ്പരാഗത വിദ്യകളിലൂടെ എങ്ങനെ പച്ചപ്പ് വിളയിക്കാനാകുമെന്നും തടാകങ്ങള്‍ നിലനിര്‍ത്താനാകുമെന്നും തെളിയിച്ച വ്യക്തിയാണ്. ഇതേ മാര്‍ഗങ്ങളൊക്കെ ലോകത്തിന്‍റെ ഏത് ഭാഗത്തും പരീക്ഷിക്കാവുന്നവയാണ്. ഒരു പക്ഷേ ഗ്രാമങ്ങളിലെ സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഇവയെക്കുറിച്ച് അറിവുണ്ടാവില്ല. അറിയേണ്ട പഠിപ്പിക്കേണ്ട അധികൃതരാകട്ടെ അതിന് തുനിയുന്നുമില്ല. പരിശ്രമിച്ചാൽ ആർക്കും മരുഭൂമിയെപ്പോലും ഹരിതാഭമാക്കാമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് യാക്കൂബാ.
English Summary: Man who stopped the desert’: 70-year-old transforms barren land into forest