ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ധ്രുവപ്രദേശത്തെ ഏറ്റവും വലിയ ജീവികളിലൊന്നാണ് വാൽറസുകൾ. ധ്രുവപ്രദേശത്ത് എത്തുന്ന എല്ലാവരുടെയും പേടിസ്വപ്നമായ പോളാര്‍ കരടിയുമായി താരതമ്യപ്പെടുത്തിയാല്‍ വാൽറസുകളുടെ വലുപ്പം മനസ്സിലാക്കാനാകും. ഒരു മുതിര്‍ന്ന പോളാര്‍ കരടി 500 മുതല്‍ 600 പൗണ്ട് വരെ ഭാരമുള്ള ജീവിയാണെങ്കില്‍, ഒരു വാൽറസിന്‍റെ വലിപ്പം ഏതാണ്ട് നാലായിരം പൗണ്ട് വരും. ഈ വലുപ്പവ്യത്യാസം പോലും മറന്നാണ് വിശപ്പ് സഹിക്കാനാകാതെ വന്നപ്പോള്‍ വാൽറസുമായി ഏറ്റുമുട്ടാന്‍ ഒരു അമ്മക്കരടി തയാറായത്.

സാധാരണ ഗതിയില്‍ കരടികള്‍ ഒറ്റയ്ക്ക് വാൽറസുമായി ഒരു ഏറ്റുമുട്ടലിന് തയാറാകാറില്ല. ഈ അമ്മക്കരടിയുടെ ശാരീരിക അവസ്ഥ ഭക്ഷണം ഉള്ളില്‍ ചെല്ലാതെ ദുര്‍ബലമായ സ്ഥിതിയിലായിരുന്നു. അമ്മക്കരടിക്കൊപ്പമുള്ള കുഞ്ഞും ക്ഷീണിച്ച നിലയിലായിരുന്നു. ഈ സാഹചര്യത്തില്‍ തന്‍റെയും കുഞ്ഞിന്‍റെ വിശപ്പ് മാറ്റാനുള്ള അറ്റകൈ ശ്രമം എന്ന നിലയിലായിരിക്കാം ഒരു പക്ഷേ അമ്മക്കരടി വാൽറസിനെ സമീപച്ചതെന്നാണ് കരുതുന്നത്. അതേസമയം, ഉറങ്ങുകയായിരുന്ന വാൽറസ് ഒരു പക്ഷെ ക്ഷീണത്തിലോ ആരോഗ്യകരമായി ദുര്‍ബലാവസ്ഥയിലോ ആണെന്ന് കരുതി കരടി ഈ ജീവിയെ സമീപിച്ചതാകാനും സാധ്യതയുണ്ട്.

പട്ടിണി മാറ്റാനെടുത്ത വെല്ലുവിളി

വെള്ളത്തിന് നടുവിലെന്ന പോലെ ഒറ്റപ്പെട്ട ഒരു പ്രദേശത്താണ് അമ്മക്കരടിയുടെ കുഞ്ഞും അലഞ്ഞു തിരിയുന്നതായി ദൃശ്യത്തില്‍ കാണാനാകുന്നത്. രണ്ട് വാൽറസുകള്‍ ഉറങ്ങിക്കിടക്കുന്നതും ദൃശ്യത്തില്‍ കാണാം. ആ പരിസരത്ത് ഒന്ന് ചുറ്റിക്കറങ്ങിയ ശേഷം വാൽറസുകള്‍ പ്രതികരിക്കുന്നില്ലെന്ന് മനസ്സിലായതോടെയാണ് കൂട്ടത്തിലൊന്നിനെ കരടി സമീപിയ്ക്കുന്നത്. കരടി ആദ്യം കാലിലും മറ്റും മണത്തു നോക്കിയെങ്കിങ്കിലും അപ്പോഴും വാൽറസ് പ്രതികരിച്ചില്ല. ഇതോടയാണ് കരടി വാൽറസിന്റെ തല ലക്ഷ്യമാക്കി നീങ്ങിയത്. എന്നാല്‍ അതുവരെ അനങ്ങാതെ കിടന്ന വാൽറസ് ഇതോടെ പ്രത്യാക്രമണമണത്തിനായി മുതിരുകയായിരുന്നു.

വാള്‍റസ് പ്രതികരിച്ചതോടെ കരടി പിന്തിരിഞ്ഞു. മറ്റൊരു ശ്രമത്തിക്കുറിച്ച് കരടിക്ക് ആലോചിക്കാന്‍ പോലും വാൽറസ് അവസരം നൽകിയില്ല. വീണ്ടും വാൽറസ് മുന്നോട്ടു വന്നതോടെ കരടിയും കുഞ്ഞും പ്രദേശം വിട്ട് പോകുന്നതും വിഡിയോയില്‍ വ്യക്തമാണ്. രണ്ട് വാൽറസുകളും പരിക്കേറ്റോ തളര്‍ന്നോ കിടക്കുകയാണെന്ന ധാരണയിലായിരുന്നു കരടിയെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 

നാഷണല്‍ ജ്യോഗ്രഫികിന്‍റെ യൂട്യൂബ് ചാനലിലാണ് വാൽറസിനെ വേട്ടയാടാനെത്തുന്ന ധ്രുവക്കരടിയുടെ ദൃശ്യം പങ്കുവച്ചത്. നോര്‍വെയുടെ നിയന്ത്രണത്തിലുള്ള പോളാര്‍ മേഖലയിലെ  സ്വാല്‍ബാര്‍ഡ് ദ്വീപില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയത്. ട്രാവിസ് വില്‍കിന്‍സണ്‍ എന്നയാളും കുടുംബവും ഈ മേഖലയില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഈ കാഴ്ച കണ്ടത്. ഈ ദൃശ്യം വിലയിരുത്തിയ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത് കരടിയുടേയും കുഞ്ഞിന്‍റെയും നില പരിതാപകരമാണെന്നാണ്. കുഞ്ഞിന് ആവശ്യമായ പാല് കൊടുക്കാൻ പട്ടിണിയും  ക്ഷീണവും മൂലം കരടിക്ക് കഴിയുന്നുണ്ടാവില്ല. ഈ സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം ഭക്ഷണം കിട്ടിയിട്ടില്ലെങ്കിൽ ഈ കരടിക്കുഞ്ഞ് അതിജീവിക്കില്ലെന്നും ഗവേഷകർ വിലയിരുത്തി..

കാലാവസ്ഥാ വ്യതിയാനം

ധ്രുവക്കരടിയുടേയു കുഞ്ഞിന്‍റെ അവസ്ഥ ഒറ്റപ്പെട്ട സംഭവമല്ല. ആഗോളതാപനം മൂലം ധ്രുവപ്രദേശത്തെ മഞ്ഞുപാളികളില്‍ വലിയ കുറവ് വന്നതോടെ ഇരതേടാനായി ധ്രുവക്കരടികള്‍ ബുദ്ധിമുട്ടുകയാണ്. മഞ്ഞുപാളികള്‍ തകരുന്നതോടെ ഒറ്റപ്പെട്ട ദ്വീപുകളില്‍ ഇരകളെ കിട്ടാതെ കുടുങ്ങുന്നതാണ് ഇതിന് കാരണം. ഇതോടെ പട്ടിണിയിലായി ക്ഷീണിച്ച് എല്ലും തോലുമായ പല കരടികളുടെയും ദൃശ്യങ്ങള്‍ ഈയിടയായി പുറത്തു വരുന്നുണ്ട്. മഞ്ഞുപാളികളുടെ തകര്‍ച്ചയാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് ധ്രുവപ്രദേശത്ത് കൂടുതല്‍ വടക്കോട്ട് പോകുമ്പോഴുള്ള കാഴ്ച. മഞ്ഞുപാളികള്‍ക്ക് ഉറപ്പുള്ള ഈ പ്രദേശത്ത് ധ്രുവക്കരടികള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ട്. മുകളില്‍ പറഞ്ഞ അമ്മയുടേയും കുഞ്ഞിന്‍റേയും ദൃശ്യങ്ങള്‍ പകര്‍ത്തിയ വില്‍കിന്‍സണ്‍ തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. 

 

English Summary: Mother Polar Bear, Desperate for Food, Tests Walrus 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com