ഇന്ത്യയിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ട ഹിപ്പോകൾ! പാബ്ലോ എസ്‌കോബാറിന്റെ കുപ്രസിദ്ധ മൃഗങ്ങൾ
Mail This Article
മൃഗങ്ങളുടെ സംരക്ഷണത്തിനൊപ്പം തന്നെ ഒരു പ്രകൃതിമേഖലയിലേക്ക് വിഭിന്നമായ മറ്റൊരു മേഖലയിൽ നിന്ന് വ്യത്യസ്തരായ മറ്റു മൃഗങ്ങൾ കടന്നെത്തി പാരിസ്ഥിതികമായ പ്രതിസന്ധി സൃഷ്ടിക്കുന്നതിന്റെയും ചർച്ചകൾ ലോകത്ത് സജീവമാണ്. ഇൻവേസീവ് സ്പീഷീസ് എന്നാണ് ഈ അധിനിവേശ ജീവികൾ അറിയപ്പെടുന്നത്.
തെക്കൻ അമേരിക്കൻ വൻകരയിലെ രാജ്യമായ കൊളംബിയയ്ക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്. ദാരിദ്ര്യം മുതൽ ലഹരിക്കടത്ത് സംഘങ്ങൾ വരെ ഇക്കൂട്ടത്തിൽ പെടും. എന്നാൽ മറ്റൊരു വ്യത്യസ്ത പ്രശ്‌നവും രാജ്യത്തെ കുറച്ചുകാലമായി വേട്ടയാടുന്നുണ്ട്. ഹിപ്പോകളുടെ രൂപത്തിലാണ് ഇത്. കൊളംബിയയിലെ പ്രധാന നദിയായ മഗ്ദലേനയുടെ കരയിൽ റോന്തുചുറ്റുന്ന നൂറിലധികം ഹിപ്പോകളാണ് ഈ പ്രശ്‌നം.
അടുത്തിടെ ജൂണിൽ ഈ ഹിപ്പോകളിൽ 60 എണ്ണത്തിനെ ഇന്ത്യയിലേക്കും പത്തെണ്ണത്തിനെ മെക്സിക്കോയിലേക്കും അയക്കാൻ പദ്ധതിയുണ്ടെന്ന് കൊളംബിയൻ അധികൃതർ പറഞ്ഞിരുന്നു.
ഈ ഹിപ്പോകളുടെ തുടക്കം കുപ്രസിദ്ധ ലഹരിക്കടത്തു മാഫിയാത്തലവൻ പാബ്ലോ എസ്‌കോബാറുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൊളംബിയയിലെ മെഡലിൻ കാർട്ടൽ എന്ന ലഹരികടത്തുസംഘത്തിന്റെ അധിപനായ പാബ്ലോ എസ്‌കോബാർ കൊക്കെയ്‌ന്റെ രാജാവ് എന്നാണ് അറിയപ്പെട്ടത്. അനധികൃത ലഹരിമരുന്ന് ബിസിനസിലൂടെ 3000 കോടി യുഎസ് ഡോളറിനടുത്ത് സമ്പാദിച്ച എസ്‌കോബാർ ലോകചരിത്രത്തിലെ ഏറ്റവും സമ്പന്നനായ ക്രിമിനലുമായിരുന്നു. യുഎസിലേക്ക് ആദ്യമായി ലഹരിമരുന്ന് കടത്ത് വ്യാപകമായി തുടങ്ങിയ എസ്‌കോബാർ താമസിയാതെ അമേരിക്കൻ ലഹരിവിരുദ്ധ സേനയായ ഡിഇഎയുടെയും അമേരിക്കൻ സർക്കാരിന്റെയും നോട്ടപ്പുള്ളിയായി 1993ൽ മെഡലിൻ നഗരത്തിൽ വച്ച് കൊളംബിയൻ പൊലീസിന്റെ ദൗത്യത്തിൽ എസ്‌കോബാർ കൊല്ലപ്പെട്ടു.
Read Also: അമ്മ ഓടിരക്ഷപ്പെട്ടു, ഒറ്റപ്പെട്ട കുട്ടിയാനയെ വേട്ടയാടാൻ ഒരുകൂട്ടം സിംഹം–വിഡിയോ
മെഡലിനിൽ എസ്‌കോബാർ ഹാസിയൻഡ നാപോളിസ് എന്നു പേരായ ഒരു വലിയ ഗൃഹവും അതിനു ചുറ്റും ഒരു എസ്റ്റേറ്റും സ്വന്തമാക്കിയിരുന്നു. ഈ എസ്റ്റേറ്റിൽ ആനകൾ, ജിറാഫുകൾ, വിവിധയിനം അപൂർവ പക്ഷികൾ എന്നിവയടങ്ങിയ ഒരു മൃഗശാലയുമുണ്ടായിരുന്നു. ഈ മൃഗശാലയിലേക്ക് ആഫ്രിക്കയിൽ നിന്ന് എഴുപതുകളിൽ എസ്‌കോബാർ 4 ഹിപ്പോപ്പൊട്ടാമസുകളെ അനധികൃതമായി എത്തിച്ചു. കൊക്കെയ്ൻ ഹിപ്പോകൾ എന്ന് ഇവ അറിയപ്പെട്ടു.
എസ്‌കോബാറിന്റെ മരണശേഷം ഹാസിയൻഡ നാപോളിസ് പിടിച്ചടക്കിയ കൊളംബിയൻ സർക്കാർ, മറ്റു മൃഗങ്ങളെ മാറ്റിയെങ്കിലും ഹിപ്പോകളെ എസ്‌റ്റേറ്റിൽ തന്നെ വിട്ടു. ഇവ താമസിയാതെ പെറ്റുപെരുകി. ഭക്ഷണം ആവശ്യത്തിനുള്ളതിനാലും ആഫ്രിക്കയിലുള്ളതുപോലെ സ്വാഭാവിക വേട്ടക്കാർ ഇല്ലാത്തതിനാലും ഇവയ്ക്ക് യാതൊരു പ്രതിബന്ധങ്ങളുമുണ്ടായില്ല. താമസിയാതെ എസ്‌കോബാറിന്റെ എസ്‌റ്റേറ്റ് വിട്ട് മഗ്ദലേന നദിക്കരയിലേക്ക് ഇവ താമസം മാറ്റി. നിലവിൽ ഈ സംഘത്തിൽ നൂറിലധികം ഹിപ്പോകളുണ്ട്. മഗ്ദലേന നദിയിലെ തദ്ദേശീയരായ നീർനായകൾക്കും കടൽപ്പശുക്കൾക്കും ആമകൾക്കുമൊക്കെ ഇവ വലിയ ഭീഷണിയാണെന്നു കൊളംബിയൻ ജന്തുശാസ്ത്രജ്ഞർ പറയുന്നു. പത്തുവർഷത്തിനിടെ ഇവയുടെ എണ്ണം രണ്ടുമടങ്ങാകുമെന്നും അഭ്യൂഹമുണ്ട്. നിലവിൽ 2250 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ള മേഖലയിൽ ഇവ വ്യാപിച്ചിട്ടുണ്ട്. ഹിപ്പോകൾ പുറന്തള്ളുന്ന ജൈവരാസ വസ്തുക്കൾ മഗ്ദലേന നദിയിൽ വൻ പായൽവളർച്ചയ്ക്കു കാരണമാകുന്നുണ്ട്. ഇതും നദിയിലെ മറ്റു ജീവികളെ കൊന്നൊടുക്കുന്നു.
Read Also: തിരിച്ചുവരുമോ വംശനാശം സംഭവിച്ച ജീവികൾ; ഭൂമിയിൽ വിഹരിക്കുമോ മൺമറഞ്ഞ മാമ്മോത്ത്?
വർഷങ്ങളായി കൊളംബിയൻ സർക്കാർ ഈ ഹിപ്പോകളെ ഒതുക്കാൻ നോക്കുന്നു. 2009ൽ ഒരു ഹിപ്പോപ്പൊട്ടാമസിനെ തദ്ദേശ സർക്കാരിന്റെ അനുമതിയോടെ വേട്ടക്കാർ കൊന്നു. എന്നാൽ ഇത് അമേരിക്കൻ വൻകരയിലെ മൃഗസ്‌നേഹികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കി. തുടർന്ന് വന്ധ്യംകരണം നടത്താനും കൊളംബിയ പദ്ധതിയിട്ടു. എന്നാൽ ഒരു ഹിപ്പോയെ വന്ധ്യംകരിക്കാൻ 35 ലക്ഷത്തോളം രൂപ ചെലവുവരുന്നതിനാൽ ഇതും മന്ദഗതിയിലായി.
എന്നാൽ ഹിപ്പോകൾ കൊളംബിയ വീടാക്കിയിരിക്കുകയാണെന്നും ഇവയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും രാജ്യാന്തര മൃഗസ്‌നേഹികൾ വാദിക്കുന്നു. ജന്തുശാസ്ത്രജ്ഞർ വളരെ സൂക്ഷ്മമായി ഈ ഹിപ്പോകളെ പഠിക്കുന്നുണ്ട്. മറ്റൊരു മേഖലയിലേക്ക് പറിച്ചുനടപ്പെടുന്ന അധിനിവേശ ജീവികൾ അവിടത്തെ തദ്ദേശീയ ജീവിവർഗങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കാനുള്ള മികച്ച അവസരമാണു കൊളംബിയൻ ഹിപ്പോകൾ നൽകുന്നതെന്ന് ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ട്.
Content Highlights: Pablo Escobar | Hippopotamus