കാര്‍ നിയന്ത്രണം വിട്ട് 83 പേർ മരിച്ച ദുരന്തം; വെല്ലുവിളി നിറഞ്ഞ മത്സരയോട്ടങ്ങൾ
Mail This Article
തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ നിമിഷത്തിലും നിറഞ്ഞു നില്‍ക്കുന്ന അനിശ്ചിതത്വമാണ് മോട്ടര്‍സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ ജീവന്‍. വര്‍ഷങ്ങള്‍ കഴിയും തോറും വാഹനങ്ങളുടേയും ഡ്രൈവര്‍മാരുടേയും കാഴ്ചക്കാരുടേയും സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിക്കുന്നുണ്ട്. എങ്കില്‍ പോലും ഇന്നും ഓരോ വളവിലും മരണം പതിയിരിക്കുന്ന അത്യന്തം അപകടകരമായ മോട്ടര്‍സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നിരവധിയാണ്. ആഗോളതലത്തിലുള്ള അപകടസാധ്യതയുടെ കാര്യത്തില്‍ മുന്നിലുള്ള മോട്ടര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങളെക്കുറിച്ച് കൂടുതലറിയാം.
24 മണിക്കൂര്‍ ന്യൂര്‍ബര്‍ഗ്രിങ് റേസ്
ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും അപകടം പിടിച്ചതുമായ റേസ് ട്രാക്കുകളില്‍ മുന്നിലുണ്ട് ജര്‍മനിയിലെ ന്യൂര്‍ബര്‍ഗ്രിങ് റേസ് ട്രാക്ക്. ഏതാണ്ട് 20.76 കിലോമീറ്ററാണ് ഈ റേസ് ട്രാക്കിന്റെ നീളം. ഒരു തവണ ഈ ട്രാക്ക് വലം വച്ചെത്തണമെങ്കില്‍ 150 വളവുകള്‍ സുരക്ഷിതമായി മറികടക്കണം. ഏതൊരു ഡ്രൈവറേയും പരീക്ഷിക്കാന്‍ പോന്നതാണ് ന്യൂര്‍ബര്‍ഗ്രിങ്ങിലെ വളവുകള്‍.
ജര്‍മനിയിലെ ന്യൂര്‍ബര്‍ഗില്‍ നടക്കുന്ന ഈ കാറോട്ട മത്സരത്തില്‍ പങ്കെടുക്കുന്ന കാറുകള്‍ മണിക്കൂറില്‍ 320 കിലോമീറ്ററിലേറെ വേഗത്തില്‍ പായാറുണ്ട്. അഞ്ചു ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരുടെ ജീവന്‍ ഈ ട്രാക്കില്‍ പൊലിഞ്ഞിട്ടുണ്ട്. അപകട സാധ്യത പരിധിവിട്ടപ്പോള്‍ 1977ല്‍ ന്യൂര്‍ബര്‍ഗ്രിങ് റേസില്‍ നിന്നു ഡ്രൈവര്‍മാര്‍ കൂട്ടമായി പിന്മാറുകയുണ്ടായി. മെച്ചപ്പെട്ട സുരക്ഷാ സൗകര്യം ഒരുക്കണമെന്നതായിരുന്നു ഡ്രൈവര്‍മാരുടെ ആവശ്യം.
ഡാക്കര്‍ റാലി
1979ല്‍ ആരംഭിച്ച കാലം മുതല്‍ ലോകത്തെ ഏറ്റവും അപകടം പിടിച്ച റാലികളില്‍ ഡാക്കര്‍ റാലിയുണ്ട്. പാരിസ് ഡാക്കര്‍ റാലിയെന്നാണ് ആദ്യകാലത്ത് ഇത് അറിയപ്പെട്ടിരുന്നത്. ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ നിന്നും ആരംഭിച്ച് സെനഗലിലെ ഡാക്കറിലാണ് ഇത് സമാപിക്കുക. 49 ഡ്രൈവര്‍മാര്‍ക്കും നിരവധി കാഴ്ചക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ക്കും ഈ റേസിനിടെ ജീവന്‍ നഷ്ടമായിട്ടുണ്ട്.
അമച്വർ, പ്രഫഷനൽ ഡ്രൈവര്‍മാര്‍ക്ക് ഒരേ പോലെ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിളുകളോ മോട്ടര്‍ സൈക്കിളുകളോ ട്രക്കുകളോ ഒക്കെയാണ് ഈ റാലിക്കായി ഉപയോഗിക്കുക. പ്രത്യേകിച്ച് ട്രാക്കുകളൊന്നുമില്ലെന്നതാണ് ഈ മത്സരത്തിന്റെ മറ്റൊരു പ്രത്യേകത. റാലിയില്‍ പങ്കെടുക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന പാതകളാണ് അവരുടെ ട്രാക്കുകള്‍.
ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ക്കൊപ്പം കാലാവസ്ഥയും ഡ്രൈവര്‍മാര്‍ക്ക് മരണമണിയാകാറുണ്ട്. പ്രതിദിനം 800 കിലോമീറ്ററിലേറെയാണ് ഓരോ ഡ്രൈവറും ഈ റാലിക്കിടെ മറികടക്കേണ്ടത്. റാലിക്കിടെ ജീവന്‍ നഷ്ടപ്പെട്ട ഡ്രൈവര്‍മാരില്‍ പലരുടേയും മരണകാരണം ഹൃദയാഘാതമായിരുന്നുവെന്നത് ഈ റാലി ഡ്രൈവര്‍മാര്‍ക്ക് ശാരീരികമായി എത്രത്തോളം വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നതിന്റെ തെളിവാണ്.
ഐൽ ഓഫ് മാന്‍ ടി.ടി
1907 മുതല്‍ മേയ്, ജൂണ്‍ മാസങ്ങളിലായി നടക്കുന്ന മോട്ടര്‍ സൈക്കിള്‍ റേസിങ്ങാണ് ദ ഐൽ ഓഫ് മാന്‍ ടൂറിസ്റ്റ് ട്രോഫി. വടക്കന്‍ അയര്‍ലൻഡിനും ബ്രിട്ടനും ഇടയിലാണ് ഈ മത്സരം നടക്കുന്ന ട്രാക്കുള്ളത്. ഇടുങ്ങിയ പൊതുവഴികളാണ് മത്സരത്തിനായി മാറ്റിവച്ചിരിക്കുന്നത്. ഇതാണ് അപകടം നിറഞ്ഞ റേസിങ്ങാക്കി ഇതിനെ മാറ്റുന്നത്. മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ വേഗത്തില്‍ ഗ്രാമപാതകളിലൂടെ സൂപ്പര്‍ ബൈക്കുകള്‍ ചീറിപ്പായുന്ന ഐൽ ഓഫ് മാന്‍ ടിടിയിലെ ദൃശ്യം ഒരിക്കല്‍ കണ്ടവരാരും മറക്കാനിടയില്ല.
റേസര്‍മാര്‍ക്ക് വെല്ലുവിളിയാകുന്ന 75 വളവുകളാണ് തുടക്കം മുതല്‍ ഫിനിഷിങ് പോയിന്റ് വരെയുള്ളത്. റോഡരികിലെ വിളക്കുമരങ്ങളിലും മതിലുകളിലും ഇടിച്ചും മലമുകളില്‍ നിന്നു താഴേക്കു വീണും കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയുമെല്ലാം അപകടങ്ങള്‍ ഇതിനിടെ സാധാരണയാണ്. ഇതുവരെ 239 മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്ക് ഈ മത്സരത്തിനിടെ ജീവന്‍ നഷ്ടമായിട്ടുണ്ട്.
ലേമാന്‍സിലെ 24 മണിക്കൂര്‍
കാറോട്ട പ്രേമികള്‍ കൊണ്ടാടുന്ന പ്രൗഢമായ കാറോട്ട മത്സരമാണ് ഫ്രാന്‍സിലെ ലേമാന്‍സില്‍ നടക്കുന്ന ഈ 24 മണിക്കൂര്‍ റേസ്. ഡ്രൈവര്‍മാരുടേയും സംഘത്തിന്റേയും മാനസികവും ശാരീരികവുമായ ശേഷി പരമാവധിയില്‍ ലേമാന്‍സ് പരീക്ഷിക്കും. രാവിലെ ആരംഭിച്ച് രാത്രിയും കടന്ന് പിറ്റേന്ന് രാവിലെ അവസാനിക്കുന്ന രീതിയിലാണ് ലേമാന്‍സ് നടക്കുക. മണിക്കൂറില്‍ 400 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിക്കുന്ന കാറുകള്‍ 24 മണിക്കൂര്‍ വരെ സാങ്കേതിക പിഴവുകളില്ലാതെ ഓടുകയെന്നത് ഓരോ സംഘത്തിന്റേയും വെല്ലുവിളിയാണ്.
മോട്ടോര്‍സ്‌പോര്‍ട്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തത്തിന് ലേമാന്‍സ് വേദിയായിട്ടുണ്ട്. 1955ല്‍ മെഴ്‌സിഡസ് ബെന്‍സ് ഡ്രൈവര്‍ പിയറെ ലെവെഗിന്റെ കാര്‍ നിയന്ത്രണം വിട്ട് കാണികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ ദുരന്തത്തില്‍ കാഴ്ചക്കാരടക്കം 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 180ഓളം പേര്‍ക്ക് ഈയൊരു അപകടത്തില്‍ മാത്രം പരുക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവര്‍ അപകടത്തെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചു.
മറ്റു റേസുകള്‍
പൈക്‌സ് പീക്ക് ഇന്റര്‍നാഷണല്‍ ഹില്‍ ക്ലൈംപ്, ദ ബാജ 1000, ഇന്ത്യാനപോളിസ് 500, ഏര്‍സ്ബര്‍ഗ് റോഡിയോ തുടങ്ങി നിരവധി മോട്ടോര്‍സ്‌പോര്‍ട്ട് മത്സരങ്ങളും അപകട സാധ്യതയുടെ കാര്യത്തില്‍ മുന്നിലാണ്. കാഴ്ചക്കാര്‍ക്ക്‌പോലും ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ പോലും ഓരോ വര്‍ഷം കഴിയും തോറും മോട്ടോര്‍സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് ആരാധകര്‍ ഏറി വരികയാണ്. ആധുനികകാലത്ത് മോട്ടര്‍സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ അപകടസാധ്യത കുറച്ചുകൊണ്ടുവരാന്‍ സംഘാടകര്‍ക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും അടുത്തനിമിഷം എന്തും സംഭവിക്കാമെന്ന അനിശ്ചിതത്വമാണ് ഇപ്പോഴും മോട്ടര്‍സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ സൗന്ദര്യവും ആരാധകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകവും.
Source: Hotcars
English Summary: These Are The Most Dangerous Motorsport Events In The World