വിരമിക്കുന്നു 35000 ജിപ്‌സികൾ, സൈന്യത്തിന് കരുത്തേകാൻ ഇനി ആര്?
Mail This Article
രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സൈന്യത്തിന്റെ വിശ്വസ്ത വാഹനമായ മാരുതി സുസുകി ജിപ്‌സി പടിയിറങ്ങുന്നു. സൈന്യത്തിൽ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 35000 ത്തോളം ജിപ്‌സികള്‍ക്ക് പകരം വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ പൊതുവിപണിയില്‍നിന്നു പിന്‍വലിച്ച ശേഷവും 2020 അവസാനം വരെ സൈന്യത്തിനായി ജിപ്‌സികള്‍ വിതരണം ചെയ്തിട്ടുണ്ട്.
ഒറ്റയടിക്ക് 35,000 ജിപ്‌സികൾ മാറ്റുകയെന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഘട്ടംഘട്ടമായി വര്‍ഷങ്ങളെടുത്തായിരിക്കും ജിപ്‌സിയുടെ പിന്‍വാങ്ങല്‍ പൂര്‍ത്തിയാവുക. സാധാരണ നിലയില്‍ 15 വര്‍ഷമാണ് ജിപ്‌സിയുടെ സൈന്യത്തിലെ സേവന കാലാവധി. ജിപ്‌സിക്ക് പകരം പുതിയ 4x4 വാഹനം വേണമെന്ന സൈന്യത്തിന്റെ ആവശ്യം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകരിച്ചു കഴിഞ്ഞു.
മാരുതി ഒമ്‌നിക്കും മാരുതി 800നും ഒപ്പം 1984ലായിരുന്നു മാരുതി ജിപ്‌സിയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. ഏതു ഭൂപ്രകൃതിയിലും അനായാസം സഞ്ചരിക്കാനുള്ള ശേഷിയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രിയ വാഹനമായി ജിപ്‌സിയെ മാറ്റിയത്. നിസാൻ ജോഗയായിരുന്നു അതുവരെ ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനം. ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി നിസാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനമായിരുന്നു ഇത്.
ജിപ്‌സി പ്രധാന വാഹനമായി തുടരുമ്പോള്‍ത്തന്നെ മറ്റു സാധ്യതകളെക്കുറിച്ച് 2017 മുതല്‍ സൈന്യം പരിശോധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 3000 ടാറ്റ സഫാരി എസ്‌യുവികൾ സൈന്യം വാങ്ങിയത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ക്ക് ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ജിഎസ് 800(ജനറല്‍ സര്‍വീസസ് 800) വിഭാഗത്തില്‍ പെടുന്ന എസ്‌യുവിയാണിത്. 800 കിലോഗ്രാം വരെ ഭാരം കയറ്റാവുന്ന ഹാര്‍ഡ് ടോപും എസിയുമുള്ള വാഹനങ്ങളാണ് ഈ വിഭാഗത്തിലുള്ളവ. ടാറ്റയുടെ സഫാരി സ്റ്റോമിനേക്കാള്‍ നിരവധി മാറ്റങ്ങളുള്ള മോഡലാണ് ടാറ്റ സൈന്യത്തിനു നല്‍കിയത്. ചെന്നൈയില്‍ 2018 മേയില്‍ നടന്ന ഡിഫന്‍സ് എക്‌സ്‌പോയില്‍ സൈന്യത്തിനായി നിര്‍മിച്ച ത്രീ ഡോര്‍, സോഫ്റ്റ് ടോപ് സഫാരി സ്റ്റോം ടാറ്റ അവതരിപ്പിച്ചിരുന്നു.
ഏത് വാഹനമായിരിക്കും ജിപ്‌സിയുടെ പിന്തുടര്‍ച്ചക്കാരനാകുകയെന്ന് ഇപ്പോഴും ഉറപ്പില്ല. സൈനികർക്കു പലപ്പോഴും വെല്ലുവിളികൾ നിറഞ്ഞ ഭൂപ്രകൃതിയിലൂടെ തുടര്‍ച്ചയായി സഞ്ചരിക്കേണ്ടതിനാല്‍ 4x4 സോഫ്റ്റ് ടോപ് വാഹനങ്ങള്‍ക്കാണ് സാധ്യത. ലഭിക്കുന്ന ടെൻഡറുകളില്‍നിന്നു സൈന്യത്തിന്റെ സുരക്ഷാ, ശേഷി പരീക്ഷണങ്ങള്‍ വിജയിക്കുന്ന വാഹനങ്ങളില്‍ ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള രണ്ടെണ്ണമാകും തിരഞ്ഞെടുക്കപ്പെടുക.
English Summary: Indian Army starts scouting for Gypsy replacement