613 കി.മീ റേഞ്ച്; 1 ലക്ഷം രൂപയ്ക്ക് ബുക്ക് ചെയ്യാം ഹ്യുണ്ടേയ് ഇലക്ട്രിക് അയോണിക് 5
Mail This Article
ഹ്യുണ്ടേയ് ഇലക്ട്രിക് കാർ അയോണിക് 5 ന്റെ ബുക്കിങ് ആരംഭിച്ചു. ഒരു ലക്ഷം രൂപ നൽകി ബുക്ക് ചെയ്യാം. അടുത്ത മാസം ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ വച്ചാണ് പുതിയ വാഹനം പുറത്തിറക്കുക. അയോണിക് 5 ന്റെ ബ്രാൻഡ് എൻജിനിയറിങ് പതിപ്പായ കിയ ഇവി 6 നെക്കാൾ വിലക്കുറവായിരിക്കും ഇതിന് എന്നാണു പ്രതീക്ഷ.
ബിയോൺഡ് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായി ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യവാഹനമാണ് അയോണിക് 5. ആറ് ഇലക്ട്രിക് മോഡലുകള്‍ 2028 നുള്ളിൽ ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് ബിയോൺഡ് മൊബിലിറ്റി സ്ട്രാറ്റജി എന്ന പദ്ധതി ഹ്യുണ്ടേയ് ആവിഷ്കരിച്ചത്. 2022 ലെ വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ അയോണിക് പൂർണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തായിരിക്കും വിൽപനയ്ക്ക് വയ്ക്കുക.
മനോഹരമായ ഡിസൈൻ, മോഡുലാർ പ്ലാറ്റ്ഫോം
ഫ്യുച്ചറിസ്റ്റിക് ഡിസൈനാണ് അയോണിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. മനോഹരമായ മുൻഭാഗവും അലോയ് വീലുകളും പിൻഭാഗവുമുണ്ട് കാറിന്. ലാളിത്യമാണ് ഡിസൈനിന്റെ മുഖമുദ്ര. ഹ്യുണ്ടേയ്‌യുടെ സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോമായ ഇ–ജിഎംപിമ്മിലാണ് (ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം) നിർമാണം. ബാറ്ററിയെയും ഇലക്ട്രിക് മോട്ടറിനെയും അടിസ്ഥാനപ്പെടുത്തി രൂപകൽപന ചെയ്ത ഹ്യുണ്ടേയ്‌യുടെ ആദ്യ മോഡലാണ് അയോണിക് 5.
ബാറ്ററി, കരുത്ത്
രാജ്യന്തര വിപണിയിൽ രണ്ട് പവർ ട്രെയിൻ വകഭേദങ്ങളും രണ്ട് ബാറ്ററി പാക്ക് വകഭേദങ്ങളും വാഹനത്തിനുണ്ട്. ഇന്ത്യൻ വിപണിയിൽ വലിയ ബാറ്റിറി പായ്ക്കായിരിക്കും എത്തുക എന്നാണ് പ്രതീക്ഷ. സിംഗിൾ മോട്ടർ മുൻവീൽ ഡ്രൈവ് മോഡലിന് ഏകദേശം 169 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. ഡ്യുവൽ മോട്ടറുള്ള ഓൾ വീൽ ഡ്രൈവ് മോഡലിന് 325 എച്ച്പിയാണ് കരുത്ത്. ടോർക്ക് 605 എൻഎമ്മും. രണ്ടു പവർട്രെയിൻ മോഡലിനോടൊപ്പം രണ്ടു തരത്തിലുള്ള ബാറ്ററി പാക്കുമുണ്ട്.
റേഞ്ച് കുറഞ്ഞ മോഡലിന് 58 കിലോവാട്ട് ബാറ്ററിയും കൂടിയ റേഞ്ചുള്ള മോഡലിന് 77.4 കിലോവാട്ട് ബാറ്ററിയുമാണ്. ഒറ്റ ചാർജിൽ 613 കിലോമീറ്റർ വരെ വാഹനം സഞ്ചരിക്കും. അയോണിക് 5 ലെ 800 വി ബാറ്ററി സാങ്കേതിക വിദ്യ അതിവേഗ ചാർജിങ് ഉറപ്പുവരുത്തുന്നു എന്നാണ് ഹ്യുണ്ടേയ് പറയുന്നത്. 220 കിലോവാട്ട് ഡിസി ചാർജർ ഘടിപ്പിച്ചാൽ 10 ൽ നിന്ന് 80 ശതമാനം ചാർജിലേക്ക് എത്താൻ വാഹനത്തിന് വെറും 18 മിനിറ്റ് മതി. എന്നാൽ ഈ രണ്ടു മോഡലുകളിൽ ഏത് ബാറ്ററി പാക്കുള്ളവയാണ് ഇന്ത്യയിൽ എത്തുക എന്ന് ഹ്യുണ്ടേയ് പ്രഖ്യാപിച്ചിട്ടില്ല.
English Summary: Hyundai IONIQ 5 Set to Redefine Electric Mobility Lifestyle