പുതിയ അമേസ് മുതൽ കിയ സിറോസ് വരെ; ഡിസംബറിൽ എത്തുന്നത് 4 പുതിയ കാറുകൾ
Mail This Article
2024ലെ അവസാന മാസത്തിലും മികച്ച കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുന്നത്. സ്കോഡ, ഹോണ്ട, കിയ, ടൊയോട്ട എന്നിങ്ങനെയുള്ള മുന്‍നിര കമ്പനികളാണ് പുത്തന്‍ മോഡലുകളുമായി ഡിസംബറിലെത്തുക. ഓരോ കമ്പനികളും പുറത്തിറക്കുന്ന കാര്‍ മോഡലുകളുടെ പ്രധാന ഫീച്ചറുകളും എന്ജിന് സവിശേഷതകളും പുറത്തിറങ്ങുന്ന ദിവസവും അടക്കം വിശദമായി പരിചയപ്പെടാം.
സ്കോഡ കൈലാഖ്
അടുത്തിടെ സ്കോഡ അവതരിപ്പിച്ച സബ് 4 മീറ്റര്‍ എസ് യു വി കൈലാഖിന്റെ ബുക്കിങ് ഡിസംബര്‍ രണ്ടിന് ആരംഭിക്കും. ബേസ് മോഡലിന്റെ വില മാത്രമാണ് സ്കോഡ പ്രഖ്യാപിച്ചിരിക്കുന്നത്, 7.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. എംക്യൂബി എ0 ഐഎൻ പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന സ്കോഡ കൈലാഖ് മാരുതി ബ്രസയുടെ എതിരാളിയായാണ് എത്തുന്നത്. സ്പ്ലിറ്റ് എല്‍ഇഡി ഹെഡ് ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഷോര്‍ട്ട് ഓവര്ഹാങ്സ്, പുതിയ ബംപറുകള്‍, സിഗ്നേച്ചര്‍ സ്കോഡ ഗ്രില്‍, കറുപ്പ് വീല്‍ ക്ലാഡിങ്, 17 ഇഞ്ച് അലോയ് വീല്‍, അകന്നിരിക്കുന്ന പിന്നിലെ ടെയില്‍ ലൈറ്റുകള്‍ എന്നിവയാണ് പ്രധാന എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍.
സ്കോഡയുടെ സ്ലാവിയ, കുഷാഖ് മോഡലുകളിലും ഇതേ പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കുഷാഖിനേക്കാളും ചെറിയ കാറാണ് കൈലാഖ്. വീല്‍ബേസിലും കുഷാഖിനേക്കാള്‍ 85 എംഎം കുറവുണ്ട്. കുഷാഖിലെ 1.0 ടിഎസ്ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കൈലാഖിലും നല്‍കിയിരിക്കുന്നത്. 115 ബിഎച്ച്പി കരുത്തും പരമാവധി 178 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 10.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗത കൈവരിക്കും. 6എംടി, 6എടി എന്നിങ്ങനെ രണ്ട് ട്രാന്സ്മിഷനുകള്.
ടുസ്പോക്ക് സ്റ്റീറിങ് വീല്‍, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, കീലെസ് എന്‍ട്രി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍ എന്നിങ്ങനെ നീളുന്നു ഇന്റീരിയര്‍ ഫീച്ചറുകള്‍. കൈലാഖിന്റെ വില 7.89 ലക്ഷം രൂപ മുതലാണ് ആരംഭിക്കുകയെന്ന് സ്കോഡ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ചെക്ക് കാര്‍നിര്‍മാതാക്കളായ സ്കോഡയുടെ കൈലാഖ് എന്ന മോഡലിന്റെ പേര് നിര്‍ദേശിച്ചത് മലയാളിയാണ്.
ഹോണ്ട അമേസ്
മൂന്നാം തലമുറ അമേസ് ഡിസംബര്‍ നാലിന് ഹോണ്ട പുറത്തിറക്കും. അടുത്തിടെ പുറത്തിറങ്ങിയ മാരുതിയുടെ സെഡാനുകളിലെ സൂപ്പര്‍താരം നാലാം തലമുറ ഡിസയറിന് വെല്ലുവിളിയുമായാണ് അമേസിന്റെ വരവ്. പുതിയ എല്‍ഇഡി ലൈറ്റുകള്‍, വലിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഷോള്‍ഡര്‍ ലൈനുകള്‍, ഡയമണ്ട് കട്ട് അലോയ് വീല്‍, എല്‍ഇഡി ടൈല്‍ലൈറ്റ് എന്നിങ്ങനെ പോവുന്നു എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍.
ഉള്‍ഭാഗത്ത് കൂടുതല്‍ ഫീച്ചറുകളും സാങ്കേതികവിദ്യയും സ്ഥലവും ഉള്‍പ്പെടുത്തിയാണ് പുതിയ ഹോണ്ട അമേസിന്റെ വരവ്. കൂടുതല്‍ വലിയ ടച്ച്സ്ക്രീന്‍, എലിവേറ്റിന്റേതിന് സമാനമായ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് ബട്ടണുകള്‍, പുതിയ സ്റ്റീറിങ് വീല്‍ എന്നിങ്ങനെയുള്ള ഇന്റേണല്‍ ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്. 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ i-VTEC പെട്രോള്‍ എന്‍ജിനാണ് കരുത്ത്. 88.5 ബിഎച്ച്പി കരുത്തും 110എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന പുത്തന്‍ അമേസില്‍ 5 സ്പീഡ് മാനുവല്‍/ സിവിടി ഗിയര്‍ബോക്സ് ട്രാന്സ്മിഷന് ഓപ്ഷനുകളാണുള്ളത്.
ടൊയോട്ട കാമ്രി
സെഡാനുകളിലെ ആഡംബര മോഡലായ കാമ്രിയുടെ ഒമ്പതാം തലമുറയാണ് ടൊയോട്ട ഡിസംബര്‍ 11ന് പുറത്തിറക്കുക. സ്കോഡ സൂപ്പര്ബുമായാണ് കാമ്രിയുടെ പ്രധാന മത്സരം. കൂടുതല്‍ മെലിഞ്ഞ എല്‍ഇഡി ഹെഡ് ലൈറ്റ്, അഗ്രസീവ് ഫ്രണ്ട് ബംപര്‍, പുതിയ വീലുകള്‍, കൂടുതല്‍ ഷാര്‍പ്പായ C രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ എന്നിങ്ങനെ പോവുന്നു പുറംഭാഗത്തെ ഫീച്ചറുകള്‍.
കൂടുതല്‍ വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ, അഡാസ് സുരക്ഷാ ഫീച്ചറുകള്‍, മടക്കാനും വെന്റിലേഷനും സൗകര്യവുമുള്ള പുതിയ പിന്‍സീറ്റുകള്‍ എന്നിവയാണ് പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍. കാമ്രിയിലെ പുതിയ ഫോര്‍ സിലിണ്ടര്‍, 2.5 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ 227ബിഎച്ച്പി കരുത്ത് പുറത്തെടുക്കുന്നതാണ്. ഹൈബ്രിഡ് വാഹനമായതിനാല്‍ തന്നെ കാംമ്രിയുടെ ഇന്ധനക്ഷമത ലീറ്ററിന് 25 കീലോമീറ്ററുണ്ട്.
കിയ സിറോസ്
കിയയുടെ ചെറു എസ് യു വി സിറോസ് ഡിസംബര്‍ 19ന് എത്തും. സെല്‍റ്റോസിനും സോണറ്റിനും ഇടക്കായിരിക്കും സിറോസിന്റെ സ്ഥാനം. ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയിലും കിയ സിറോസ് പ്രദര്‍ശിപ്പിക്കും. മിനിവാന്‍ ബോഡിസ്റ്റൈലിലുള്ള വാഹനമാണ് സിറോസ്. പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 അഡാസ് എന്നിങ്ങനെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്ന ഫീച്ചറുകളുമായാണ് സിറോസിന്റെ വരവ്. സോണറ്റിലെ 1.0ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ഡീസല്‍ എന്ജിന് ഓപ്ഷനുകള്‍ പ്രതീക്ഷിക്കുന്നു. ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് 118ബിഎച്ച്പി കരുത്തും 172എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 115ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവുന്നതാണ് ഡീസല്‍ എന്ജിന്.