പുതിയ ഹോണ്ട അമേസ്, മാറ്റങ്ങൾ എന്തൊക്കെ?
Mail This Article
പുതുരൂപത്തില്‍ മൂന്നാം തലമുറ അമേസിനെ ഡിസംബര്‍ നാലിനാണ് ഹോണ്ട പുറത്തിറക്കിയത്. ഹോണ്ടയുടെ തന്നെ സിറ്റി, എലിവേറ്റ് തുടങ്ങിയ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാറ്റങ്ങള്‍ അമേസില്‍ പ്രകടമാണ്. പുറംമോടിയില്‍ മാറ്റങ്ങളേറെയുണ്ടെങ്കിലും എന്‍ജിനും ട്രാന്‍സ്മിഷനും അടക്കമുള്ള മർമപ്രധാന ഭാഗങ്ങളില്‍ പുതിയ അമേസില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഹോണ്ടയുടെ ജനകീയ സെഡാനില്‍ എന്തൊക്കെ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. പഴയ അമേസിനെ അപേക്ഷിച്ച് പുതിയ അമേസില്‍ വിസ്മയിപ്പിക്കുന്ന കാര്യങ്ങളുണ്ടോ?
പുതിയ അമേസിന്റെ മുന്‍ഭാഗം കൂടുതല്‍ ക്ലീനായതോടെ എലിവേറ്റിനോടുള്ള സാദൃശ്യം കൂടിയിട്ടുണ്ട്. ഗ്രില്‍ കൂടുതല്‍ വലുതായപ്പോള്‍ ഹെഡ്‌ലാംപുകള്‍ മെലിഞ്ഞിട്ടുണ്ട്. ഹെഡ്‌ലാംപിലെ ക്രോം ഉപയോഗിക്കുന്നത് കുറച്ചിട്ടുണ്ട്. കൂടുതല്‍ ആധുനിക രൂപം പുതിയ അമേസിന് നല്‍കാന്‍ ഇത് സഹായിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ വളരെ കുറച്ചു മാറ്റങ്ങളേ തോന്നിക്കൂ എങ്കിലും സൂഷ്മമായി പരിശോധിച്ചാല്‍ വ്യത്യാസങ്ങള്‍ കാണാനാവും.
പുതിയ അമേസില്‍ ക്യാരക്ടര്‍ ലൈനുകള്‍ കാറിന്റെ മുഴുവന്‍ വലിപ്പത്തിലേക്കും നീളുന്നുണ്ട്. 15 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും പഴയതലമുറ അമേസില്‍ ഇല്ല. വീല്‍ ആര്‍ക്കുകളും കാഴ്ച്ചയില്‍ കൂടുതല്‍ പ്രകടമാണ്. പുതിയ അമേസില്‍ പില്ലറില്‍ നിന്നും ഡോറിലേക്ക് വിങ് മിററുകള്‍ മാറ്റിയിട്ടുണ്ട്. സിറ്റിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് പുതിയ അമേസിന്റെ പിന്‍ഭാഗം. പിന്നില്‍ മെലിഞ്ഞ ദീര്‍ഘചതുരാകൃതിയിലുള്ള ടെയില്‍ ലാംപുകളാണ്.
ഉള്ളിലേക്കു വന്നാല്‍ എലിവേറ്റുമായുള്ള സമാനതകള്‍ പ്രകടമാണ്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആഫ്പിള്‍ കാര്‍പ്ലേ സപ്പോര്‍ട്ടുള്ള 8ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം. ഇതിനു താഴെയാണ് എസി വെന്റുകളുടെ സ്ഥാനം. സ്റ്റീറിങ് വീലുകളില്‍ കൂടുതല്‍ കണ്‍ട്രോള്‍ ബട്ടണുകള്‍ വന്നിട്ടുണ്ട്. സെന്റര്‍ കണ്‍സോളില്‍ പുതിയ വയര്‍ലെസ് ചാര്‍ജിങ് സൗകര്യം. അനലോഗ് ടെക്കോമീറ്ററിനു പകരം 7 ഇഞ്ച് ഡിജിറ്റല്‍ എംഐഡി വന്നതാണ് മറ്റൊരു മാറ്റം.
മൂന്നാം തലമുറ അമേസില്‍ മുന്‍ തലമുറയെ അപേക്ഷിച്ച് എന്‍ജിനില്‍ ഹോണ്ട മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 90എച്ച്പി കരുത്തും 110 എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ അമേസിലുമുള്ളത്. 5 സ്പീഡ് മാനുവല്‍/സിവിടി ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഓട്ടമാറ്റിക്കില്‍ മാനുവല്‍ കണ്‍ട്രോള്‍ കൂടി ചേര്‍ക്കാനായി പാഡില്‍ ഷിഫ്‌റ്റേഴ്‌സ് കൂടി ഉള്‍പ്പെടുത്തിയതാണ് ഒരു മാറ്റം. മാനുവല്‍ വകഭേദത്തില്‍ 18.65 കിലോമീറ്ററാണ് ഇന്ധനക്ഷമതയെങ്കില്‍ സിവിടി ഓട്ടമാറ്റിക്കില്‍ 19.46 കിലോമീറ്ററാണ് ഇന്ധനക്ഷമത.
അമേസിന്റെ നീളത്തിലും(3,995എംഎം), ഉയരത്തിലും(1,500എംഎം), വീല്‍ബേസിലുമെല്ലാം(2,470എംഎം) മാറ്റങ്ങളില്ല. അതേസമയം വീതിയില്‍ 38എംഎം വര്‍ധിച്ചിട്ടുണ്ട്. ബൂട്ട്‌സ്‌പേസ് 4 ലീറ്റര്‍ കുറഞ്ഞിരിക്കുകയാണ്. സെഡാന്‍ വിഭാഗത്തില്‍ മാരുതി ഡിസയര്‍, ഹ്യുണ്ടേയ് ഓറ, ടാറ്റ ടിഗോര്‍ എന്നീ മോഡലുകളോടാണ് ഹോണ്ട അമേസ് ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുന്നത്.