15 വർഷം പഴക്കമുള്ള സൈക്കിളിനായി 15000 മുടക്കി: ഇലക്ട്രിക്ക് വാഹനം വീട്ടിലുണ്ടായത് ഇങ്ങനെ !
Mail This Article
കണ്ടാൽ ഒരു പഴയ സൈക്കിൾ... കയറി ഇരുന്നാലോ ഇവനൊരു ഇലക്ട്രിക് സൈക്കിൾ. മറ്റു സൈക്കിളുകാർ കയറ്റം ചവിടി മടക്കുമ്പോൾ ഇലക്ട്രിക് കരുത്തിൽ ഇവൻ കുതിക്കും. ചവിട്ടാതെ ബാറ്ററി കരുത്തിൽ 25 കിലോമീറ്റർ വരെ ഇസിയായി പോകുന്ന ഈ സൈക്കിൾ കോട്ടയം പുതുപ്പള്ളി സ്വദേശി ഡോ. തോമസ് ബേബിയുടെ കരവിരുതിൽ പിറന്നതാണ്. അറിയാം ഇലക്ട്രിക് സൈക്കിളുണ്ടാക്കിയ കഥ...
സൈക്കിളിന്റെ തിരിച്ചു വരവ്
ഇന്ന് സൈക്കിളിങ് ഒരു ഹോബിയും വ്യായാമ ശീലവുമായി മാറിയിരിക്കുന്നു. പ്രായ വ്യത്യാസമില്ലാതെ എല്ലാവരും സൈക്കിള്‍ ചവിട്ടുന്നു. ദിവസം 50ഉം 100ഉം കിലോമീറ്ററുകൾ ചവിട്ടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിലുണ്ട്. ഈ ദൂർഘദൂര സൈക്കിൾ ചവിട്ടുക്കാരെപ്പോലെ ‘പ്രഫഷണൽ’ ആകാൻ പറ്റാത്തവർക്കാണ് ഇലക്ട്രിക് സൈക്കിളുകൾ. ചവിട്ടിന്റെ കൂടെ ഇലക്ട്രിക് മോട്ടറിന്റെ ഒരു ‘തള്ളൽ’ കൂടിയാകുമ്പോൾ സംഗതി ഉഷാർ. 25 കിലോമീറ്റർ തുടങ്ങി 60 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ സഞ്ചരിക്കുന്ന ഇലക്ട്രിക് സൈക്കിളുകൾ നമ്മുടെ വിപണിയിലുണ്ട്. ചുരുങ്ങിയത് 30000 രൂപയെങ്കിലും മുടക്കണം ഈ ഇലക്ട്രിക് സൈക്കിളുകൾ വാങ്ങാൻ. എന്നാൽ ഇത്രയും പണം മുടക്കാൻ പറ്റാത്തവർക്കായി ഒരു ഉഗ്രൻ മാർഗവുമായി തോമസു ചേട്ടന്റെ വരവ്.
പഴയ സൈക്കിൾ പുതിയ മോട്ടർ
പുതിയ ഇലക്ട്രിക് സൈക്കിൾ വാങ്ങുന്ന ചെലവ് ഒഴിവാക്കി വളരെ എളുപ്പം പഴയ സൈക്കിൾ ഇലക്ട്രിക് ആക്കി മാറ്റാം എന്നു പറയുകയാണ് റിട്ടേർഡ് റബർ ബോർഡ് ഉദ്യോഗസ്ഥൻ ഡോ. തോമസ് ബേബി. മക്കളുടെ 15 കൊല്ലം പഴക്കമുള്ള സൈക്കിളിൽ പുത്തൻ ‘ഇലക്ട്രിക് ഭാവങ്ങൾ’ ഒരുക്കിയത്. 15,000 രൂപയാണു നിർമാണത്തിനായി ചെലവായത്. ത്രോട്ടിൽ ഹാൻഡിൽ തിരിച്ച് സ്കൂട്ടറായും പെഡലിൽ ചവിട്ടി സൈക്കിളായും ഉപയോഗിക്കാം. ഇന്ധനത്തിന്റെ പൊള്ളും വിലയെ ഇനി സൈക്കിൾ ഓടിച്ചു തോൽപിക്കാമെന്നു തോമസ് പറയുന്നു.
ബാറ്ററിക്ക് മാത്രം 7000 രൂപ
ഉപയോഗിക്കാതെ ഇരിക്കുന്ന പഴയ സൈക്കിൾ കണ്ടപ്പോഴാണ് തോമസിന്റെ മനസിൽ ഈ ഇലക്ട്രിക് ഐഡിയ മിന്നിയത്. റബർ ഗവേഷണ കേന്ദ്രം ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് വിഭാഗം ഡപ്യൂട്ടി എൻജിനീയർ സ്ഥാനത്തു നിന്നു വിരമിച്ച തോമസിന്റെ അനുഭവ സമ്പത്തുകൂടിയായപ്പോൾ സൈക്കിൾ ഇലക്ട്രികായി മാറി. ബാറ്ററിയും മോട്ടറും അടക്കമുള്ള ഘടങ്ങൾ കേരളത്തിനും പുറത്തു നിന്ന് വരുത്തി ഘടിപ്പിക്കുകയായിരുന്നു. ഇതിൽ ലിഥിയം അയൺ ബാറ്ററിക്ക് മാത്രം ഏകദേശം 7000 രൂപ ചെലവായി എന്നാണ് തോമസ് പറയുന്നത്.
രണ്ടാഴ്ച എടുത്ത നിർമാണം
ആദ്യം സംരംഭമായതുകൊണ്ടു തന്നെ സൈക്കിൾ ഇലക്ട്രിക് ആക്കാൻ അൽപം സമയം കൂടുതലെടുത്തു. പഴയ സൈക്കിളിന്റെ വീൽഹബ്ബിൽ പുതിയ ഫ്രീ വീൽ സ്ഥാപിച്ച് ചെറിയ ചെയിനും ഡിസി മോട്ടറുമായി ബന്ധപ്പെടുത്തിയാണു നിർമാണം. മണിക്കൂറിൽ ശരാശരി 20–25 കിലോമീറ്റർ വേഗം ലഭിക്കും. 24 വാൾട്ട് 10 ആംപിയർ ശേഷിയുള്ള ലിഥിയം അയേൺ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ ഹാൻഡിൽ ബാറിൽ തന്നെയാണ് ത്രോട്ടിലും നൽകിയിരിക്കുന്നത്. രാത്രി ഓടുന്നതിനായി ഒരു ലൈറ്റും നൽകിയിട്ടുണ്ട്. അതിനു മുകളിലായിട്ടാണ് ബാറ്ററി ചാർജർ നില അറിയുന്ന എൽഇഡി ലൈറ്റ്. രണ്ടു മണിക്കൂർ മാത്രമാണു ഫുൾ ചാർജ് ചെയ്യാൻ വേണ്ടത്. സൈക്കിൾ ചാർജ് െചയ്യാനായി മാത്രം 24 വാൾട്ടിന്റെ സോളാർ പാനലും സ്ഥാപിച്ചിട്ടുണ്ട്.
പഴയ സൈക്കിൾ ഇരുമ്പുവിലയ്ക്കു തൂക്കിവിൽക്കാതെ ഇലക്ട്രിക് വാഹനമാക്കാനുള്ള തോമസിന്റെ ആഹ്വാനമാണ് ഈ ഇലക്ട്രിക് സൈക്കിൾ. കൂടാതെ കുറഞ്ഞ ചെലവിലുള്ള ചെറിയ യാത്രകളെ പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ കൂടുതൽ ഉപയോഗിക്കാനുള്ള സന്ദേശം പകരാനുമാണു സൈക്കിൾ നവീകരിച്ചതെന്നു തോമസ് പറയുന്നു.
English Summary: Home Made Electric Cycle Form Kottayam