ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സ് വെയിൽസിൽ അന്തരിച്ചു; വിട വാങ്ങിയത് കോട്ടയം സ്വദേശി

Mail This Article
സ്വൻസിയ/കോട്ടയം ∙ കുഴഞ്ഞു വീണതിനെ തുടർന്ന് യുകെയിലെ വെയിൽസിൽ ചികിത്സയിൽ ആയിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു. കോട്ടയം മറ്റക്കര പതിക്കൽ കുടുംബാംഗം ബിജു ജോസ് (47) ആണ് മരിച്ചത്.
മോറിസ്ടൺ ആശുപത്രിയിൽ നഴ്സായിരുന്ന ബിജു വെയിൽസിലെ സ്വാൻസിയിൽ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ബിജു ജോസിനെ സ്വാൻസിയ ബേ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിന്റെ മോറിസ്ടൺ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
പുലർച്ചെ ജോലിക്ക് പോകാനായി തയാറെടുക്കവേ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. മോറിസ്ടൺ ആശുപത്രിയിൽ തന്നെ നഴ്സായ ഭാര്യ സ്മിത ഉടൻ തന്നെ സിപിആർ നൽകുകയും ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ജോസഫ്, മേരി എന്നിവരാണ് മാതാപിതാക്കൾ. മക്കൾ : ജോയൽ, ജൊവാൻ, ജോഷ്.
സ്വാൻസിയിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു ബിജു. ഇരുപത് വർഷം മുൻപാണ് ബിജുവും കുടുംബവും യുകെയിൽ എത്തുന്നത്. അവയവദാന സമ്മത പത്രം നേരത്തെ തന്നെ നൽകിയിരുന്നതിനാൽ ഈ ലോകത്ത് നിന്നും യാത്രയാകുമ്പോഴും കുറച്ച് പേർക്ക് പുതുജീവിതം നൽകിയാണ് ബിജു ജോസ് വിടപറയുന്നത്.
ബിജുവിന് വേണ്ടി ഇന്ന് വൈകിട്ട് 6 മണിക്ക് സ്വാൻസിയിലെ ജെൻറോസ് ഹോളിക്രോസ് പള്ളിയിൽ പ്രത്യേക പ്രാർഥനയും കുർബാനയും ഉണ്ടായിരിക്കും. മൃതദേഹം നാട്ടിൽ സാംസ്‌ക്കരിക്കുമെന്ന് കുടുംബം അറിയിച്ചു. കോട്ടയം മറ്റക്കര മണ്ണൂർ സെന്റ് ജോർജ്ജ് ക്നാനായ കാത്തലിക് ചർച്ചിലെ അംഗങ്ങളാണ് ബിജുവിന്റെ കുടുംബം.