ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‌ലണ്ടൻ ∙ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ യുകെയിൽ വിദ്യാർഥി പ്രതിഷേധം. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയിലെ കെല്ലോഗ് കോളജിൽ നടത്തിയ പ്രസംഗത്തിനിടെ മമതയ്ക്കു നേരെ 'എസ്എഫ്ഐ - യുകെ'യുടെ പേരിലാണ് പ്രതിഷേധം അരേങ്ങറിയത്. ബംഗാളിൽ തിരഞ്ഞെടുപ്പിനു ശേഷം നടന്ന അക്രമം, ആർജി കർ കോളജ് സംഭവം, ആശുപത്രി സാമ്പത്തിക അഴിമതി തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ബംഗാളിന്റെ വികസനം, നിക്ഷേപ അവസരങ്ങൾ എന്നിവയെക്കുറിച്ച് മമത ബാനർജി സംസാരിച്ചപ്പോഴാണു പ്രതിഷേധക്കാരെത്തിയത്.

സംസ്ഥാനത്തിനു ലഭിച്ചതായി അവകാശപ്പെട്ട ലക്ഷക്കണക്കിനു കോടി രൂപയുടെ നിക്ഷേപങ്ങളെക്കുറിച്ച് വ്യക്തമാക്കാൻ സദസ്സിലെ ഒരംഗം ആവശ്യപ്പെട്ടു. തുടർന്നു ചർച്ച പുരോഗമിക്കുമ്പോൾ ഇന്ത്യയിൽ രാജ്യവ്യാപകമായി ഡോക്ടർമാരുടെ പ്രതിഷേധത്തിനു കാരണമായ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിലെ പീഡനക്കൊലയെക്കുറിച്ചും ചോദ്യമുയർന്നു.

കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായി എന്ന ആരോപണത്തിനു രൂക്ഷമായ ഭാഷയിലാണു മമത ബാനർജി പ്രതികരിച്ചത്. “ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്. കേസ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. ഇവിടേക്കു രാഷ്ട്രീയം കൊണ്ടുവരരുത്. ഒക്സ്ഫഡിലെ വേദി രാഷ്ട്രീയത്തിനുള്ളതല്ല. നിങ്ങൾ കള്ളം പറയുകയാണ്. ഇതിനെ ഒരു രാഷ്ട്രീയ വേദിയാക്കി മാറ്റരുത്” എന്നായിരുന്നു മമതയുടെ പ്രതികരണം.

പ്രതിഷേധക്കാർക്കു രാഷ്ട്രീയ അജണ്ടയുണ്ടെന്നു ചൂണ്ടിക്കാട്ടിയ മമത ബംഗാളിൽ പോയി നിങ്ങളുടെ പാർട്ടിയോട് കൂടുതൽ ശക്തരാകാൻ ആവശ്യപ്പെടൂ എന്നു പരിഹസിച്ചു. “ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം, പക്ഷേ ആദ്യം ഈ ചിത്രം നോക്കൂ - ഇത് എന്നെ കൊല്ലാൻ ശ്രമിച്ചതിന്റെ തെളിവാണ്” എന്നു പറഞ്ഞുകൊണ്ട് തലയിൽ ബാൻഡേജോടു കൂടിയ 1990കളുടെ തുടക്കത്തിലെ തന്റെ ഒരു ചിത്രം ഉയർത്തിക്കാട്ടി. 

ഇതിനിടയിൽ ചിലർ മമത പുറത്തുപോകണമെന്നു പറഞ്ഞു ബഹളം വയ്ക്കുകയായിരുന്നു. “നിങ്ങൾ എന്നെ സംസാരിക്കാൻ അനുവദിക്കണം. നിങ്ങൾ എന്നെ അപമാനിക്കുകയല്ല, നിങ്ങളുടെ സ്ഥാപനത്തെ അനാദരിക്കുകയാണ്” എന്നും മമത പറഞ്ഞു.

ചില പ്രതിഷേധക്കാർ തീവ്ര ഇടതുപക്ഷക്കാരും വർഗീയവാദികളുമാണെന്നു മമത ആരോപിച്ചു, താൻ പോകുന്നിടത്തെല്ലാം സമാനമായ തടസ്സങ്ങൾ ഉണ്ടായതായി മമത വ്യക്തമാക്കി. പ്രതിഷേധങ്ങൾക്കിടയിലും മമത ബാനർജി കൂസലില്ലാതെ തന്റെ പ്രസംഗം തുടർന്നു. തന്റെ ഭരണം വിവേചനം അനുവദിക്കുന്നില്ലെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിന് താൻ മുൻഗണന നൽകുന്നുണ്ടെന്നും മമത ബാനർജി പ്രസംഗത്തിനിടെ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെ പ്രാധാന്യം, സമൂഹത്തിലെ വിഭജനം മൂലം ഉണ്ടാകുന്ന വിപരീതഫലം എന്നിവയെക്കുറിച്ചും മമത പ്രസംഗിച്ചു.

“എന്റെ മരണത്തിനു മുൻപ്, ഐക്യം കാണണം. ഐക്യമാണു നമ്മുടെ ശക്തി, വിഭജനം നമ്മുടെ പതനത്തിലേക്കു നയിക്കുന്നു. ഇതായിരുന്നു സ്വാമി വിവേകാനന്ദന്റെ വിശ്വാസം. ഐക്യം നിലനിർത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ ആളുകളെ ഭിന്നിപ്പിക്കുന്നത് ഒരു നിമിഷം മാത്രം മതി. ലോകത്തിന് ഇത്തരമൊരു വിഭജന പ്രത്യയശാസ്ത്രം നിലനിർത്താൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?” എന്നായിരുന്നു മമതയുടെ മറുപടി പ്രസംഗത്തിൽ ഉണ്ടായിരുന്നത്.

English Summary:

Students' body protests Mamata Banerjee's Oxford speech

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com