ആസാദി കാ അമൃത് മഹോത്സവം: കലാവിരുന്ന് കൊഴുക്കുന്നു

Mail This Article
ദോഹ∙ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തുടക്കമിട്ട 'ആസാദി കാ അമൃത് മഹോത്സവി'ന്റെ കീഴിൽ കലാ, സാംസ്‌കാരിക പരിപാടികൾ സജീവം. 75 ആഴ്ചകൾ നീളുന്ന വ്യത്യസ്തമാർന്ന ആഘോഷ പരിപാടികൾക്ക് മാർച്ചിലാണ് ഇന്ത്യൻ എംബസി തുടക്കമിട്ടത്.
എംബസിയുടെ വിവിധ എപ്പെക്‌സ് സംഘടനകളുടെ പങ്കാളിത്തത്തിലാണ് ആഘോഷ പരിപാടികൾ നടന്നു വരുന്നത്. അപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) കീഴിലെ മിക്ക പ്രവാസി സംഘടനകളും ആസാദി കാ അമൃത് മഹോത്സവത്തിൽ സജീവമാണ്. ഇന്ത്യയുടെ തനത് കലാ പരിപാടികൾ വെർച്വൽ വേദിയിലൂടെയാണ് പ്രവാസികളിലേക്ക് എത്തിക്കുന്നത്.
കലാ, സാംസ്‌കാരിക പരിപാടികൾക്ക് പുറമേ രക്തദാന ക്യാംപുകൾ, ഹ്രസ്വ വിഡിയോ മത്സരങ്ങൾ, കൈത്തറി വസ്ത്ര മേള തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും നടത്തുന്നുണ്ട്. ഐസിസി സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് ഈ മാസം 13ന് ഐസിസി അശോക ഹാളിൽ നടക്കും. അഞ്ഞൂറിലധികം പേരാണ് രക്തദാനത്തിന് സന്നദ്ധരായി ഇതിനകം റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരവായി ഐസിസിയുടെ സഹകരണത്തിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ഇന്ത്യൻ പ്രവാസികൾക്കായി എംബസി ഹ്രസ്വ വിഡിയോ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഐസിസിയുടെ സഹകരണത്തിൽ ഇന്ത്യൻ വിമൻസ് അസോസിയേഷൻ ഇന്നലെ കൈത്തറി വസ്ത്ര പ്രദർശനവും നടത്തിയിരുന്നു.