പൊതുമാപ്പ്: ആമർ സെന്ററുകൾ വഴി 19,772 പേർ പദവി ശരിയാക്കി; 7,401 പേർ നാട്ടിലേക്ക് മടങ്ങി
Mail This Article
ദുബായ്∙ 'സുരക്ഷിത സമൂഹത്തിനായി' എന്ന പ്രമേയത്തിൽ യുഎഇയിൽ നടപ്പിലാക്കിവരുന്ന പൊതുമാപ്പ് പദ്ധതിയിൽ ആമർ കേന്ദ്രങ്ങൾ ഇതുവരെ 19,772 നിയമലംഘകരുടെ വീസ സ്റ്റാറ്റസ് വിജയകരമായി ക്രമീകരിച്ചതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറിയിച്ചു.
പൊതുമാപ്പിന്റെ ഭാഗമായുള്ള സേവന പ്രവർത്തനങ്ങൾ ആമർ സെന്ററുകളിൽ സജീവമായി തുടരുന്നു. ദുബായിലെ 86 ആമർ സെന്ററുകൾ നിലവിൽ റെസിഡൻസി പുതുക്കൽ, സ്റ്റാറ്റസ് ക്രമീകരണം, എക്സിറ്റ് പെർമിറ്റ്, നഷ്ടപ്പെട്ട ഡോക്യുമെന്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ നൽകുന്നുണ്ട്. അതിനിടെ ആമർ കേന്ദ്രങ്ങൾ വഴി 7,401 പേർക്ക് സ്വന്തം രാജ്യങ്ങളിലേയ്ക്ക് മടങ്ങാനുള്ള ഔട്ട്പാസ്(എക്സിറ്റ് പെർമിറ്റുകൾ) നൽകിയതായി ജിഡിആർഎഫ്എ അറിയിച്ചു.
ആമർ സെന്ററുകൾ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനായി പ്രവർത്തിച്ചു വരുന്നു. സ്റ്റാറ്റസ് ക്രമീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിലൂടെയോ, മാർഗനിർദേശങ്ങൾ നൽകുന്നതിലൂടെയോ നിയമലംഘകരെ സഹായിക്കുന്നതിനുള്ള എല്ലാശ്രമങ്ങളും നടത്തുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
ആമർ സെന്ററുകൾ മുഖേനയോ അല്ലെങ്കിൽ തങ്ങളുടെ പ്രത്യേക ടീമിന്റെ പിന്തുണയോടെയോ സ്റ്റാറ്റസ് ക്രമപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമാപ്പ് പദ്ധതി യുഎഇയുടെ മാനുഷിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. നിയമലംഘകർക്ക് അവരുടെ താമസ രേഖകളുടെ പദവി നിയമപരമായി ക്രമപ്പെടുത്താനും അല്ലെങ്കിൽ രാജ്യത്ത് നിന്നും മടങ്ങാനും സ്വാതന്ത്ര്യം നൽകുന്നതാണ് പ്രധാന ലക്ഷ്യം.
പൊതുമാപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പറായ 8005111 ലേക്ക് വിളിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.