പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം; ആവശ്യം തള്ളി സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ പ്രവാസി ഇന്ത്യക്കാർക്കു വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിയമം പാസാക്കാൻ പാർലമെന്റിനോടു നിർദേശിക്കാൻ അഭ്യർഥിക്കരുതെന്നു വ്യക്തമാക്കിയാണ് ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി.
ഉചിതമായ അധികാരിയെ സമീപിച്ചു നിവേദനം നൽകാനും കോടതി നിർദേശിച്ചു. ഹർജി തള്ളുമെന്ന ഘട്ടത്തിൽ പിൻവലിച്ചു. ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സവ്യസാചി കൃഷ്ണൻ നിഗം ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച നിർദേശം തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ തന്നെ നിയമ മന്ത്രാലയത്തിനു നൽകിയെങ്കിലും 2020 മുതൽ ഇതു ഫയലിൽ തുടരുകയാണെന്നു ഹർജിക്കാരൻ വാദിച്ചു.