പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ദോഹ വിമാനത്താവളത്തിൽ ഇനി ഇമിഗ്രേഷൻ വേഗത്തിൽ; എങ്ങനെ? അറിയാം വിശദമായി

Mail This Article
ദോഹ ∙ ഖത്തറിലെ പ്രവാസികൾ ഇനി ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ തിരക്കിനിടയിൽ സമയം കളയേണ്ട. ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി (ക്യുഡിഐ) ആപ് ഉപയോഗിച്ച് ഇ–ഗേറ്റിലൂടെ എൻട്രിയും എക്സിറ്റും വേഗത്തിലാക്കാം.
ഇ–ഗേറ്റിലും ക്യുഡിഐ ആപ് ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയമാണ് വിഡിയോ സഹിതം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. ആപ്പിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണിത്. രാജ്യത്തെ പൗരന്മാരുടെയും പ്രവാസി താമസക്കാരുടെയും പാസ്പോർട്ട്, ഐഡി കാർഡ്, ദേശീയ മേൽവിലാസം, ഡ്രൈവിങ് ലൈസൻസ്, എസ്റ്റാബ്ളിഷ്മെന്റ് റജിസ്ട്രേഷൻ കാർഡ്, ആയുധ പെർമിറ്റ് കാർഡ് എന്നിവ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളും സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ ആയി സൂക്ഷിക്കാനായി 2024 ലാണ് ഡിജിറ്റൽ വാലറ്റ് ആയി ആപ് പുറത്തിറക്കിയത്. മന്ത്രാലയത്തിന്റെ ഇ–സേവനങ്ങളിൽ ആപ്പിൽ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ രേഖകൾ ഉപയോഗിക്കാം.
ഇ–ഗേറ്റിൽ ആപ് എങ്ങനെ ഉപയോഗിക്കാം
∙ ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യണം.
∙ ആപ്പിൽ നിന്ന് ഡിജിറ്റൽ വാലറ്റിലെ യാത്രാ രേഖ എടുക്കണം. യാത്രാ രേഖയുടെ മുകളിലായി കാണുന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് ഫേഷ്യൽ വെരിഫിക്കേഷൻ നടത്തണം.
∙ ഇ–ഗേറ്റിലെ സ്കാനറിൽ ഫോൺ വെച്ച് ഐഡന്റിറ്റി സ്ഥിരീകരിച്ചാൽ ഇമിഗ്രേഷൻ പൂർത്തിയാകും.
∙ ആപ് ഉപയോഗിക്കുന്നതിന്റെ വിഡിയോ കാണാം.
https://x.com/MOI_QatarEn/status/1882750843327488503