എക്സ്പോഷർ രാജ്യാന്തര ഫൊട്ടോഗ്രഫി ഫെസ്റ്റിവൽ 20 മുതൽ ഷാർജ എക്സ്പോ സെന്ററിൽ

Mail This Article
ഷാർജ ∙ ലോകത്തെ പ്രമുഖ ഫൊട്ടോഗ്രഫർമാരും ഈ രംഗത്തെ പ്രമുഖരും അവരുടെ ചിത്രങ്ങളുമായി പങ്കെടുക്കുന്ന 9-ാമത് എക്സ്പോഷർ രാജ്യാന്തര ഫൊട്ടോഗ്രാഫി ഫെസ്റ്റിവൽ ഈ മാസം 20 മുതൽ 26 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. ഫൊട്ടോഗ്രഫി, സിനിമ, ക്രിയേറ്റീവ് എക്‌സ്‌പ്രഷൻ എന്നിവയുടെ ആഗോള കേന്ദ്രമായി വേദി മാറുമെന്ന് സംഘാടകർ പറഞ്ഞു.
വെറുമൊരു ഉത്സവം എന്നതിലുപരി കുടുംബങ്ങൾക്കും കലാസ്‌നേഹികൾക്കും ജിജ്ഞാസയുള്ള മനസ്സുകൾക്കും ഒരുപോലെ വ്യത്യസ്തമായ ലെൻസിലൂടെ ലോകത്തെ നോക്കിക്കാണാൻ കഴിയുന്ന വിഷ്വൽ കഥപറച്ചിലിന്റെ ആഗോള ആഘോഷമാണിത്. 49,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ വർഷത്തെ പതിപ്പിൽ സംഭാഷണങ്ങൾ, ശിൽപശാലകൾ, എക്സിബിഷനുകൾ, ഫിലിം പ്രദർശനങ്ങൾ എന്നിവയും അരങ്ങേറും.
ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, സിനിമാറ്റിക് പ്രൊജക്ടുകൾ എന്നിവയും ഒരുക്കുന്നുണ്ട്. പ്രേക്ഷകർക്ക് ചലച്ചിത്ര നിർമാതാക്കളുമായി ഇടപഴകാനും ലോകത്തെക്കുറിച്ചുള്ള അവരുടെ ധാരണയെ വിഷ്വൽ സ്റ്റോറിടെല്ലിങ് എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കാനും അവസരം നൽകുന്നു.