19 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയ; സയാമീസ് ഇരട്ടകളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം

Mail This Article
മസ്‌കത്ത് ∙ സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവില്‍ സയാമീസ് ഇരട്ടകളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഒമാനി മെഡിക്കല്‍ സംഘം. ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
കുടല്‍, മൂത്രവ്യവസ്ഥ, രക്തക്കുഴലുകള്‍ എന്നിവയുമായി ബന്ധമുള്ള പെല്‍വിക് മേഖല പങ്കിടുന്ന ഇരട്ടകളെ മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് വേപ്പെടുത്തിയത്. ഇരട്ടകള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രമായ വൈദ്യചികിത്സയിലാണ്. റോയല്‍ ഹോസ്പിറ്റല്‍, ഖൗല ഹോസ്പിറ്റല്‍, മെഡിക്കല്‍ സിറ്റി ഹോസ്പിറ്റല്‍ ഫോര്‍ മിലിട്ടറി ആന്‍ഡ് സെക്യൂരിറ്റി സര്‍വിസസ്, നിസ്‌വ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍ജന്മാരുടെയും മെഡിക്കല്‍ ഗ്രൂപ്പുകളുടെയും ഒരു എലൈറ്റ് ഗ്രൂപ്പ് മെഡിക്കല്‍ സംഘവും മെഡിക്കല്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു.

സമഗ്രമായ വിലയിരുത്തലിലും ശസ്ത്രക്രിയാ തയാറെടുപ്പിലും തുടങ്ങി നിരവധി ഘട്ടങ്ങളിലൂടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. വേര്‍പിരിയല്‍, ടിഷ്യു പുനര്‍നിര്‍മാണം, ഇരട്ടകളുടെ വീണ്ടെടുക്കലും ആരോഗ്യ സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശസ്ത്രക്രിയാനന്തര ഘട്ടവും തീവ്രമായ വൈദ്യ പരിചരണവും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള സുല്‍ത്താനേറ്റിലെ ആദ്യത്തെ ശസ്ത്രക്രിയയാണ് ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയാണ് ആരോഗ്യ മേഖലയില്‍ പുതുചരിതം രചിച്ചത്.