മോഷണം, അനധികൃത കച്ചവടം; കുവൈത്തില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

Mail This Article
കുവൈത്ത്‌സിറ്റി ∙ കുവൈത്തില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍. സര്‍ക്കാര്‍ സബ്‌സിഡി സാധനങ്ങള്‍ അനധികൃതമായി കച്ചവടം ചെയ്ത ഒരാളെയും, കെട്ടിട സൈറ്റുകളില്‍ നിന്ന് നിര്‍മാണ സാമഗ്രികള്‍ മോഷ്ടിക്കുന്ന രണ്ടുപേരെയുമാണ് കഴിഞ്ഞ ദിവസം അധികൃതര്‍ അറസ്റ്റ് ചെയ്തത്.
ജലീബ് അല്‍ ഷുവൈഖിലെ അന്വേഷണ ഉദ്യോഗസ്ഥരാണ് സബ്‌സിഡി ഭക്ഷണങ്ങള്‍ മറിച്ചു വില്‍ക്കുന്ന പ്രതിയെ പിടികൂടിയത്. ഇയാള്‍ ജലീബ് മേഖലയില്‍ ലൈസന്‍സ് ഇല്ലാത്ത ഒരു കച്ചവട സ്ഥാപനം നടത്തിയിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്ത് സ്വദേശികള്‍ക്ക് നല്‍കുന്ന പാല്‍പൊടി, എണ്ണ തുടങ്ങിയവ പിടിച്ചെടുത്തവയില്‍ ഉണ്ട്. കച്ചവടത്തില്‍ നിന്ന് ലഭിച്ച പണവും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
ജഹ്‌റ ഗവര്‍ണറേറ്റിലെ മുത്‌ല വിഭാഗം ഉദ്യോഗസ്ഥരാണ് കെട്ടിട സാമഗ്രികള്‍ മോഷ്ടിക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ആദ്യം റെന്റിന് എടുത്ത വാഹനം ഉപയോഗിച്ച് നിര്‍മാണ സ്ഥലങ്ങള്‍ പരിശോധിക്കും. പിന്നീട് സൗകര്യപ്രദമായ സമയത്ത് മോഷണം നടത്തിയിരുന്നത്. ഇവരില്‍നിന്നും മോഷ്ടിച്ചെടുത്ത സാമഗ്രികള്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്നും ഏഷ്യന്‍ പ്രവാസികളാണ്. ഇവരെ മറ്റ് നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.