യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സന്ദർശിച്ച് അബുദാബി ഉപ ഭരണാധികാരി

Mail This Article
അബുദാബി ∙ ഔദ്യോഗിക സന്ദർശനത്തിനായി യുഎസിൽ എത്തിയ അബുദാബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂൺ ബിൻ സായിദ് അൽ നഹ്യാൻ വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സന്ദർശിച്ചു. അത്താഴവിരുന്നിനോട് അനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചയിൽ യുഎസ് മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
യുഎസുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രധാന മേഖലകളിൽ കൂടുതൽ ശ്രമം നടത്തുമെന്ന് ഷെയ്ഖ് തഹ്നൂൺ പറഞ്ഞു. വിദേശ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിലും ശക്തമായ സാമ്പത്തിക പങ്കാളിത്തം വളർത്തിയെടുക്കുന്നതിലും ട്രംപിന്റെ നേതൃത്വത്തെയും സാമ്പത്തിക നയങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ മേഖലകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഷെയ്ഖ് തഹ്നൂൺ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റുമായും കൂടിക്കാഴ്ച നടത്തി. യുഎഇയും യുഎസും തമ്മിലുള്ള ശക്തമായ തന്ത്രപരമായ ബന്ധങ്ങൾ, സാമ്പത്തിക, ബിസിനസ് വിപണികളിലെ അവരുടെ ശക്തമായ സഹകരണം, ഇരു രാജ്യങ്ങളിലും ലഭ്യമായ വിശാലമായ അവസരങ്ങൾ, പ്രത്യേകിച്ച് നൂതന സാങ്കേതികവിദ്യയിലും കൃത്രിമ ബുദ്ധിയിലും നിക്ഷേപം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങളുടെ പുരോഗതിയും പരസ്പര താൽപര്യമുള്ള വിഷയങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ ഷെയ്ഖ് തഹ്നൂൺ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സുമായും കൂടിക്കാഴ്ച നടത്തി. മേഖലാ, ആഗോള സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് നൂതന സാങ്കേതികവിദ്യ, എഐ, ഊർജം, സംയുക്ത നിക്ഷേപ സഹകരണം എന്നിവയിൽ നിലവിലെ വെല്ലുവിളികളെ നേരിടാനും വികസനത്തിനും സമൃദ്ധിക്കും അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെക്കുറിച്ചും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവും സാങ്കേതികവുമായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി മുതിർന്ന യുഎസ് ഭരണകൂട ഉദ്യോഗസ്ഥരുമായും ആഗോള ബിസിനസ്സ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.