പ്രാർഥനാപൂർവം അവസാന പത്തിൽ; 31 ലക്ഷം കടന്ന് ഹറം പള്ളിയിൽ വിശ്വാസികളുടെ തിരക്ക്

Mail This Article
മക്ക ∙ ഹറം പള്ളിയെ ജനസാഗരമാക്കി വിശ്വാസികൾ. റമസാൻ 22ന് (23ാം രാവ്) മക്കയിലെ ഹറം പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയത് വിവിധ രാജ്യക്കാരായ 31 ലക്ഷത്തിലേറെ പേർ. 5 നേരത്തെ നമസ്കാരങ്ങളിൽ എത്തിയവരുടെ എണ്ണം മാത്രം കണക്കാക്കിയപ്പോൾ തന്നെ 31 ലക്ഷം കവിഞ്ഞിരുന്നു. വ്രതാനുഷ്ഠാനം അവസാന പത്തിലേക്കു കടക്കുന്നതോടെ ഹറം പള്ളിയിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വർധന പതിവുണ്ടെങ്കിലും ഇത്രയേറെ പേർ എത്തുന്നത് ആദ്യമാണ്.
ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാവുകളിൽ അത്യപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഹജ്, ഉംറ മന്ത്രി തൌഫിഖ് അൽ റബീഹ് പറഞ്ഞു. റമസാൻ 22ന് സുബ്ഹിക്ക് 5.92 ലക്ഷവും ളുഹറിന് 5.18 ലക്ഷവും അസറിന് 5.47 ലക്ഷവും മഗ് രിബിന് 7.1 ലക്ഷവും ഇശ, തറാവീഹ് നമസ്കാരങ്ങൾക്കായി 7.32 ലക്ഷം പേരും എത്തി. ഉംറ തീർഥാടകരും ഇവരിൽ ഉൾപ്പെടും. മൊത്തം 6.62 ലക്ഷം ഉംറ തീർഥാടകർ മുഖ്യ കവാടത്തിലൂടെ മാത്രം ഹറം പള്ളിയിലേക്കു പ്രവേശിച്ചു.
കിങ് അബ്ദുൽ അസീസ് ഗേറ്റ് വഴി 3.25 ലക്ഷം പേരും ബാബ് അൽ സലാം കവാടത്തിലൂടെ 32,300 പേരും ബാബ് അൽ ഹുദൈബിയ കവാടത്തിലൂടെ 69,600 തീർഥാടകരും ഹറം പള്ളിയിലെത്തി. ബാബ് അൽ ഉംറ കവാടത്തിലൂടെ 1.11 പേരും കിങ് ഫഹദ് ഗേറ്റിലൂടെ 1.72 ലക്ഷം ഹറം പള്ളിയിലെത്തി പ്രാർഥന നിർവഹിച്ചിരുന്നു.