പെരുന്നാൾ അവധി; പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ബിഎപിഎസും അബുദാബി പൊലീസും

Mail This Article
അബുദാബി ∙ പെരുന്നാളവധി ദിനങ്ങൾ അടുത്തു വരുമ്പോൾ അബുദാബിയിലെ ഹിന്ദു ശിലാക്ഷേത്രമായ ബിഎപിഎസും അബുദാബി പൊലീസും പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. വൻ സന്ദർശകരെ പ്രതീക്ഷിച്ച് ക്ഷേത്രം അതിന്റെ ഓൺ സൈറ്റ് പാർക്കിങ് സൗകര്യങ്ങൾ വികസിപ്പിക്കുകയും തണലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
∙ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം
പെരന്നാൾ ഇടവേളയിൽ ക്ഷേത്രം രാവിലെ 9ന് തുറക്കും. അവസാന പ്രവേശനം (അടയ്ക്കുന്ന സമയം) രാത്രി 8 ന് ആയിരിക്കും. തിങ്കളാഴ്ച ക്ഷേത്രത്തിൽ സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ല. “മന്ദിർ അബുദാബി” ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി സന്ദർശകർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. സുഗമമായ പ്രവേശനം ഉറപ്പാക്കാൻ അതിഥികൾ അവരുടെ നിശ്ചിത സമയത്ത് ക്ഷേത്രത്തിൽ എത്തിച്ചേരുകയും വേണം.
മുൻകൂർ റജിസ്ട്രേഷൻ ഇല്ലാതെ എത്തുന്നവർക്ക് ശേഷി പരിമിതികൾ കാരണം പ്രവേശിക്കാൻ കഴിഞ്ഞേക്കില്ലെന്നും മുന്നറിയിപ്പും നൽകി. ക്ഷേത്രം തുറന്ന ആദ്യ വർഷത്തിൽ 22 ലക്ഷത്തിലേറെ സന്ദർശകരെ സ്വാഗതം ചെയ്തു. 2024 ലെ പെരുന്നാൾ സമയത്ത് 60,000-ത്തിലേറെ ഭക്തർ മധ്യപൂർവദേശത്തെ ആദ്യത്തെ ഈ പരമ്പരാഗത ഹിന്ദു ശിലാ ക്ഷേത്രം സന്ദർശിച്ചു.