പെരുന്നാളിലും 'പൊന്നിൻ തിളക്കം'; ജ്വല്ലറികളിലെങ്ങും തിരക്ക്, സ്വർണം വാങ്ങാൻ ഏറ്റവും നല്ല സമയം?

Mail This Article
ദോഹ ∙ ഖത്തറിൽ സ്വർണ വിൽപനയിൽ വർധന. ചെറിയ പെരുന്നാൾ ആഗതമായതിനാൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടി. ജ്വല്ലറികളിൽ ആഭരണം വാങ്ങാനെത്തുന്നവരുടെ തിരക്കേറുന്നു.
ഈദുൽ ഫിത്റിൽ കുടുംബാംഗങ്ങൾക്ക് പെരുന്നാൾ സമ്മാനമായി നൽകാൻ സ്വർണം വാങ്ങാനെത്തുന്നവരുടെ തിരക്കാണ് കൂടുതലുമെന്ന് ജ്വല്ലറി ജീവനക്കാർ പറയുന്നു. സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ സ്വർണം വാങ്ങാനെത്തുന്നുണ്ട്. സ്വർണം വാങ്ങാൻ ഏറ്റവും മികച്ച സമയം റമസാൻ ആണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. സ്വർണത്തിന് പൊന്നും വിലയെങ്കിലും പെരുന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് സ്വർണാഭരണം തന്നെ സമ്മാനമായി നൽകുന്ന പതിവിൽ മാറ്റമില്ലെന്നതാണ് വിൽപനയിലെ വർധന വ്യക്തമാക്കുന്നത്.
രാജ്യത്തെ പ്രവാസികൾക്കും സ്വദേശികൾക്കും പുറമെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ളവരും അറബ്, ഏഷ്യൻ വംശജരും മാത്രമല്ല ഖത്തർ സന്ദർശിക്കാനെത്തുന്ന വിദേശ സഞ്ചാരികളും സ്വർണം മേടിക്കുന്നവരിൽ ഉൾപ്പെടുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഈ റമസാനിൽ 75 മുതൽ 80 ശതമാനം വരെ വിൽപന ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഖത്തർ വിപണിയിൽ 1.17 ശതമാനമാണ് സ്വർണ വിലയിൽ വർധനയുണ്ടായതെന്ന് ഖത്തർ നാഷനൽ ബാങ്ക് പുറത്തുവിട്ട ഡേറ്റയിൽ പറയുന്നു.
ഈ മാസം ആദ്യം മുതൽ ഖത്തറിലെ മിക്ക ജ്വല്ലറികളും മികച്ച ഓഫറുകളും ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറുകളും സജീവമാണ്. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ആഭരണം വാങ്ങാൻ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓഫർ ആണിത്. ബുക്ക് ചെയ്ത ദിവസത്തെ സ്വർണ വില നൽകിയാൽ മതി. വാങ്ങുന്ന ദിവസം ബുക്ക് ചെയ്ത ദിവസത്തേക്കാൾ കുറവാണ് നിരക്കെങ്കിൽ കുറഞ്ഞ റേറ്റിൽ തന്നെ വാങ്ങുകയും ചെയ്യാം. സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ വാങ്ങലിനെ ബാധിക്കുകയുമില്ല. ബുക്ക് ചെയ്യുമ്പോൾ വിലയുടെ 10 ശതമാനം തുക അഡ്വാൻസ് ആയി നൽകണമെന്ന് മാത്രം.
അതേസമയം സ്വർണ വില എക്കാലത്തെയും മികച്ച മുന്നേറ്റം തുടരുകയാണ്. ഇന്നത്തെ നിരക്കനുസരിച്ച് ദോഹയിൽ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 341 റിയാലും (ഏകദേശം 7,9996 രൂപ ) 24 കാരറ്റിന് 365.50 റിയാലുമാണ് (8,560 രൂപ). കേരളത്തിൽ ഇന്ന് സ്വർണം ഒരു പവന് 65,560 രൂപയാണ് നിരക്ക്.
മിഡിൽ ഈസ്റ്റിലെ നിലവിലെ വ്യാപാര പ്രതിസന്ധികൾ സാമ്പത്തിക വളർച്ചയ്ക്ക് മാന്ദ്യം സൃഷ്ടിക്കുമെങ്കിലും സ്വർണ വിലയെ പിന്തുണക്കും. സാമ്പത്തിക ഡേറ്റകളും യുഎസ് വ്യാപാര നയങ്ങളുമെല്ലാം നിക്ഷേപകർ സസൂക്ഷ്മം വിലയിരുത്തുന്നുമുണ്ട്.