പ്രവാസികൾക്ക് സന്തോഷവാർത്ത: പെരുന്നാളിന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി വിമാനക്കമ്പനികൾ

Mail This Article
മസ്‌കത്ത് ∙ പെരുന്നാൾ ആഘോഷത്തിനായി കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒമാൻ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഒമാനില്‍ നിന്നും കേരള സെക്ടറുകളിലേക്കാണ് വിമാന കമ്പനികള്‍ ഭേദപ്പെട്ട നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്ന സന്തോഷത്തിലാണ് ഒമാനിലെ പ്രവാസി മലയാളികള്‍.
റമസാൻ മാസത്തിലെ അവസാന ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ ഉയർന്നിരുന്ന സ്ഥാനത്താണ് ഈ കുറവ്. പെരുന്നാളിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പോലും 50 ഒമാനി റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്ക്. മസ്‌കത്ത്, സലാല എന്നിവിടങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളിൽ വലിയ വർധനവ് ഇത്തവണ ഉണ്ടായിട്ടില്ല.
മാർച്ച് 30, 31 തീയതികളിൽ എന്തെങ്കിലും ഒരു ദിവസമാണ് പെരുന്നാൾ പ്രതീക്ഷിക്കുന്നത്. മാർച്ച് 29ന് എയർ ഇന്ത്യ എക്‌സ്പ്രസിൽ മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് 53 റിയാലിനും മാർച്ച് 30ന് 40 റിയാലിനും ടിക്കറ്റ് ലഭ്യമാണ്. കൊച്ചിയിലേക്ക് മാർച്ച് 29ന് 53 റിയാലും 30ന് 44 റിയാലുമാണ് നിരക്ക്. കണ്ണൂരിലേക്ക് 62 റിയാലും തിരുവനന്തപുരത്തേക്ക് മാർച്ച് 29ന് 73 റിയാലും 30ന് 53 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പെരുന്നാളിന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കുറവാണെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിക്കുന്നു. ഏപ്രിൽ ആദ്യവാരം സ്കൂളുകൾ തുറക്കുന്നതിനാൽ കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് വരുന്നില്ല എന്നതാണ് ഇതിന് കാരണം.