അറബിക്കിന്റെ അകംപൊരുളുമായി നിറഞ്ഞാടി 'ഇൻസ്പെക്ടർ ഫസീഹ് '

Mail This Article
ദുബായ് ∙ ഭാഷയുടെ പൊരുളുമായെത്തുന്ന 'ഇൻസ്പെക്ടർ ഫസീഹ്' റമസാനിൽ പ്രേക്ഷകരുടെ മനം കവരുന്നു. റമസാനിൽ സമാ ദുബായ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന അറബിക് പരിപാടിയാണ് 'ഇൻസ്പെക്ടർ ഫസീഹ്. അറബിക് ഭാഷയുടെ തനിമയും സാംസ്കാരിക മൂല്യവും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഭാഷയുടെ ശരിയായ ഉപയോഗവും വ്യാകരണ നിയമങ്ങളെക്കുറിച്ചും കാഴ്ചക്കാർക്ക് അറിവ് നൽകുന്ന ഈ പരിപാടി ഇതിനോടകം സ്വദേശികൾക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രമുഖ സ്വദേശി മാധ്യമപ്രവർത്തകൻ ഡോ. അയ്യൂബ് യൂസഫാണ് ഇൻസ്പെക്ടർ ഫസീഹായി വേഷമിടുന്നത്.
വിവിധ വേഷങ്ങളിലെത്തി സംവേദനാത്മക സംഭാഷണങ്ങളിലൂടെയും ഹാസ്യരൂപേണയും ഭാഷയുടെ തനിമയെ അദ്ദേഹം പരിചയപ്പെടുത്തുന്നു. ഭാഷാപരമായ പേരുകളുള്ള പ്രാദേശിക പദങ്ങൾ, സാധാരണയായി സംഭവിക്കുന്ന ഭാഷാപരമായ തെറ്റുകൾ, അറബിക് പഴഞ്ചൊല്ലുകൾ, കുട്ടികൾക്ക് മനസ്സിലാക്കാനുള്ള ശരിയായ വാക്കുകൾ തുടങ്ങിയ വിവിധ മേഖലകൾ ഈ പരിപാടിയിൽ കൈകാര്യം ചെയ്യുന്നു.

ഇത് നാലാം തവണയാണ് സമാ ദുബായിൽ അറബിക് ഭാഷയുടെ തനിമ പരിചയപ്പെടുത്താൻ ഇൻസ്പെക്ടർ ഫസീഹ് എത്തുന്നത്. 2023-ൽ ഏഴാമത് മുഹമ്മദ് ബിൻ റാഷിദ് അറബിക് ഭാഷാ പുരസ്കാരം ഈ പരിപാടിക്കായിരുന്നു. അക്കാദമിക സങ്കീർണതകളില്ലാതെ ലളിതവും ആകർഷകവുമായ രീതിയിൽ ഭാഷയെ അടുത്ത തലമുറയുമായി അടുപ്പിക്കുകയാണ് ഈ സംരംഭം.

ഹാസ്യത്തിലൂടെയും സംവേദനാത്മക അനുഭവങ്ങളിലൂടെയും പ്രേക്ഷകർക്ക് അറബിക്കിൽ കൂടുതൽ അവബോധം സൃഷ്ടിക്കുകയാണ് 'ഇൻസ്പെക്ടർ ഫസീഹി'ന്റെ പ്രധാന ലക്ഷ്യമെന്ന് ഡോ. അയൂബ് യൂസഫ് പറഞ്ഞു. ഒരു ടിവി പരിപാടി മാത്രമല്ല, അറബിക് ഭാഷയെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സാംസ്കാരിക പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

നാടകം, ഹാസ്യം, അനിമേഷൻ എന്നിവയിലൂടെ ഭാഷയുടെ തനിമ സംരക്ഷിക്കാനും ആധുനിക കാലത്ത് അറബിക് നേരിടുന്ന വെല്ലുവിളികൾ മറികടക്കാനും ഈ പരിപാടി സഹായിക്കുന്നു. പ്രമുഖ ഇമാറാത്തി സംവിധായകൻ ജുമ അൽ സാഹിയാണ് സംവിധാനം. സ്വദേശി താരങ്ങൾക്കൊപ്പം ഈജിപ്ത്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭിനേതാക്കളും പങ്കെടുക്കുന്നു.