'മാർ തേവോദോസ്യോസ്' തണൽ ജീവകാരുണ്യ പുരസ്‌കാരം സിസ്റ്റർ എലിസബത്തിന്

Mail This Article
മസ്‌കത്ത് ∙ മാർ ഗ്രിഗോറിയോസ് മഹാ ഇടവക നടപ്പാക്കിവരുന്ന 'മാർ തേവോദോസ്യോസ്' തണൽ ജീവകാരുണ്യ പുരസ്‌കാരം തിരുവനന്തപുരം കാരുണ്യ വിശ്രാന്തി ഭവൻ കോഓർഡിനേറ്റർ സിസ്റ്റർ എലിസബത്തിനു സമ്മാനിച്ചു. രോഗികളും നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരുമായ അനേകർക്ക് തണലേകുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ കാരുണ്യ ഗൈഡൻസ് സെന്ററിന്റെ വിശ്രാന്തിഭവൻ. നിലവിൽ 250 ഓളം അന്തേവാസികളെയാണ് ഇവിടെ പരിചരിക്കുന്നത്.
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ബാഹ്യ കേരള മിഷൻ പ്രവർത്തനങ്ങൾക്ക് പുതിയ തുടക്കം കുറിച്ച കൊൽക്കത്ത ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. സ്തേഫാനോസ് മാർ തേവോദോസ്യോസിന്റെ സ്മരണാർഥം ജീവകാരുണ്യ, സന്നദ്ധ, സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മസ്‌കത്ത് ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി നൽകിവരുന്ന പുരസ്‌കാരമാണ് 'മാർ തേവോദോസ്യോസ് ജീവകാരുണ്യ പുരസ്‌കാരം'.
സെന്റ് തോമസ് ചർച്ചിൽ വിശുദ്ധ കുർബാനാനന്തരം വികാരി ഫാ. ലിജു തോമസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സിസ്റ്റർ എലിസബത്തിനു പുരസ്‌കാരം നൽകി ആദരിച്ചു. സഭാ മാനേജിങ് കമ്മിറ്റി മെമ്പർ അഡ്വ. ഏബ്രഹാം മാത്യു, ഇടവക ട്രസ്റ്റി ബിജു തങ്കച്ചൻ, സെക്രട്ടറി സാം ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു. പദ്ധതിയുടെ കൺവീനർ മനോജ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവക കോ ട്രസ്റ്റി ബിനിൽ സദനം, തണൽ ജീവകാരുണ്യ പദ്ധതി സബ്കമ്മിറ്റി മെംബേഴ്സ്, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ സമ്മേളനത്തിന് നേതൃത്വം നൽകി.