ലോകകപ്പ് യോഗ്യത: കുവൈത്തിനെതിരെ ഒമാന് ജയം

Mail This Article
മസ്കത്ത്∙ ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ ഒമാൻ കുവൈത്തിനെതിരെ ജയം നേടി. കുവൈത്ത് ജാബിർ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ 56-ാം മിനിറ്റിൽ ഇസ്സാം അൽ സുബ്ഹിയാണ് ഒമാന് വേണ്ടി ഗോൾ നേടിയത്.
ആദ്യ മിനിറ്റുകളിൽ കുവൈത്ത് ഒമാനെ വിറപ്പിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. പ്രതിരോധം ശക്തമാക്കി ഒമാൻ ഇതിനെ നേരിട്ടു. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ഒമാൻ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ ഇടതു വലതു വിങ്ങുകളിലൂടെ കളം നിറഞ്ഞ് കളിച്ച ഒമാൻ താരങ്ങൾ എതിർ ഗോൾമുഖത്ത് നിരന്തരം ഭീഷണി ഉയർത്തി.
ഗ്രൗണ്ടിന്റെ വലതു ഭാഗത്ത് നിന്ന് നീട്ടി കിട്ടിയ പന്ത് വളരെ മനോഹരമായി ഹെഡിലൂടെ ഇസ്സാം അൽ സുബ്ഹി വലയിലെത്തിച്ച് ഒമാന് ലീഡ് നൽകി. തുടർന്നുള്ള മിനിറ്റുകളിൽ സമനിലക്കായി കുവൈത്ത് കൂടുതൽ ഉണർന്ന് കളിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
വിജയത്തോടെ ഗ്രൂപ്പിൽ നിന്ന് നേരിട്ട് യോഗ്യത നേടാനുള്ള സാധ്യത ഒമാന് സജീവമായി. എട്ട് കളിയിൽ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്താണ് ഒമാൻ. അടുത്ത മത്സരങ്ങളിൽ വിജയം തുടരാനായാൽ ഒമാന് പ്രതീക്ഷകൾ നിലനിർത്താം. അഞ്ചാം സ്ഥാനത്തുള്ള കുവൈത്തിനെക്കാൾ അഞ്ച് പോയിന്റ് ലീഡ് നേടാൻ ഒമാന് സാധിച്ചു. ഇനി മൂന്നാം റൗണ്ടിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂണിൽ ജോർദാനെയും പലസ്തീനെയും ആണ് ഒമാൻ നേരിടേണ്ടത്.