അധിക ഭക്ഷണം 10 ലക്ഷം പൊതികളാക്കി ആവശ്യക്കാരിലേക്ക്

Mail This Article
ദുബായ് ∙ ഭക്ഷണം പാഴാകുന്നത് തടയാൻ യുഎഇ ഫൂഡ് ബാങ്കും നാഷനൽ ഇനിഷ്യേറ്റീവ് ടു റെഡ്യൂസ് ഫൂഡ് ലോസ് ആൻഡ് വേസ്റ്റുമായി (നെമ) സഹകരിക്കും. അധികം വരുന്ന ഭക്ഷണത്തിൽ നിന്ന് 10 ലക്ഷം ഭക്ഷണപ്പൊതികൾ ഈ വർഷം സ്വരൂപിക്കും. ഉപയോഗിച്ചതിന്റെ ബാക്കി ഭക്ഷണം എടുക്കില്ല.രാജ്യത്തെ 75 ഹോട്ടലുകളിൽ നിന്നാണ് ഈ ഭക്ഷണപ്പൊതികൾ ശേഖരിക്കുക. അധിക ഭക്ഷണം ഫൂഡ് ബാങ്കിലേക്കു നൽകുന്നതിന് ഹോട്ടലുകളുമായി ധാരണയായി.
അധികം വരുന്ന ഭക്ഷണം, ആവശ്യക്കാർക്ക് എത്തുന്നതോടെ ഭക്ഷണം പാഴാകുന്നതിന് പരിഹാരമാകും. ഉപയോഗ യോഗ്യമായ ഭക്ഷണം ഫൂഡ് ബാങ്ക് ശേഖരിച്ച് രാജ്യത്തെ ആവശ്യക്കാരിൽ എത്തിക്കും. ഭക്ഷിക്കാൻ കഴിയാത്തവ എണ്ണയായും കംപോസ്റ്റ് വളമായും മാറ്റുന്നതിന് റീ ലൂപ് കമ്പനിയുമായി ധാരണയായി. 10 ലക്ഷം ഭക്ഷണപ്പൊതി പദ്ധതിയിൽ പങ്കാളികളാകുന്ന ഹോട്ടലുകളുടെ എണ്ണത്തിൽ കഴിഞ്ഞ 3 വർഷത്തിനിടെ 75% വർധനയുണ്ടായെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. കഴിഞ്ഞ റമസാനിൽ ഭക്ഷണ മാലിന്യത്തിൽ നിന്ന് 47000 കിലോ കംപോസ്റ്റ് വളം ഉണ്ടാക്കി.
പദ്ധതിയുടെ തുടർച്ചയായി ദുബായിലെ പ്രധാന മേഖലകളിൽ നെമ ഫ്രിജുകൾ സ്ഥാപിക്കും. ഈ ഫ്രിജിൽ നിന്ന് ആവശ്യക്കാർക്ക് ഭക്ഷണം എടുത്ത് ഉപയോഗിക്കാം. ഭക്ഷണം ശേഖരിക്കുന്നതിനും ഫ്രിജുകളിൽ സുരക്ഷിതമായി എത്തിക്കുന്നതിന്റെയും മേൽനോട്ടം നെമ നിർവഹിക്കും.