പെരുന്നാൾ ആഘോഷത്തിലേക്ക് മിഴി തുറക്കാൻ ഗ്ലോബൽ വില്ലേജും

Mail This Article
ദുബായ് ∙ ദുബായിലെ ഏറ്റവും വലിയ വിനോദ, ഭക്ഷണ, ഷോപ്പിങ് കേന്ദ്രമായ ഗ്ലോബൽ വില്ലേജിലെ പെരുന്നാൾ (ഈദുൽ ഫിതർ) ആഘോഷങ്ങളും സമയക്രമവും പ്രഖ്യാപിച്ചു. കുടുംബങ്ങൾക്ക് ഒന്നാകെ ചെലവഴിക്കാനാകുന്ന ആഗോള ഗ്രാമത്തിൽ പെരുന്നാളിന് വെടിക്കെട്ടാണ് ഏറ്റവും വലിയ ആകർഷണം.
ഇന്ന് മുതൽ ഏപ്രിൽ 6 വരെ സന്ദർശകർക്കായി വിവിധ സംസ്കാരങ്ങളുടെ ഈ സംഗമകേന്ദ്രത്തിൽ പെരുന്നാൾ പ്രമേയമാക്കിയ പരിപാടികൾ അരങ്ങേറും. ശവ്വാൽ 1 (ഒന്നാം പെരുന്നാൾ) മുതൽ 3 വരെ വൈകിട്ട് 4 മുതൽ പുലർച്ചെ 1 വരെ ഗ്ലോബൽ വില്ലേജ് തുറന്നിരിക്കും. വൈവിധ്യമാർന്ന ഒട്ടേറെ തത്സമയ പ്രകടനങ്ങളും സന്ദർശകരുടെ മനം കവരും. ഏപ്രിൽ 6ന് മെയിൻ സ്റ്റേജിൽ പ്രശസ്ത സിറിയൻ ഗായിക അസ്സാല നസ്രിയുടെ സംഗീത പരിപാടിയാണ് മുഖ്യ ആകർഷണം.
∙ഗ്ലോബൽ വില്ലേജിനെ പൂരപ്പറമ്പാക്കാൻ വെടിക്കെട്ട്
ഗ്ലോബൽ വില്ലേജ് പെരുന്നാളാഘോഷങ്ങളുടെ ഭാഗമായി കൂടുതൽ അലങ്കാരങ്ങളോടെ മൊഞ്ച് കൂട്ടുന്നതോടൊപ്പം ഒൻപത് രാത്രികൾ നീണ്ടുനിൽക്കുന്ന വെടിക്കെട്ടുകൾ സന്ദർശകരുടെ നയനങ്ങൾക്ക് വിരുന്നാകും. ഇന്ന് മുതൽ ഏപ്രിൽ 5 വരെയാണ് വെടിക്കെട്ട് ദിവസവും നടക്കുക. റമസാൻ രാത്രികളിൽ രാത്രി 10നാണ് ആകാശത്ത് വർണക്കുടകൾ വിരിയുക. പെരുന്നാളിന്റെ ആദ്യ ദിവസം മുതൽ രാത്രി 9 നായിരിക്കും വെടിക്കെട്ട്. ഈ സീസണിലെ തുടർച്ചയായ ഏറ്റവും ദൈർഘ്യമേറിയ വെടിക്കെട്ട് പ്രദർശനങ്ങളിൽ ഒന്നാണിത്.