തൊഴിലാളികളുടെ മനം തണുപ്പിക്കാൻ 'ബൈക്കർ ബഡ്ഡീസ് ': മരുഭൂമിയും മലയോരങ്ങളും താണ്ടി ഒരു 'പാച്ചിൽ'

Mail This Article
ദുബായ് ∙ ഇരുചക്രവാഹനത്തിലൂടെയുള്ള ഇവരുടെ പാച്ചിലിന് പിന്നിലൊരു സദുദ്ദേശ്യമുണ്ട്. രാജ്യം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന തൊഴിലാളികളുടെ മനം തണുപ്പിക്കുക.
യുഎഇയിലുടനീളമുള്ള ബൈക്കർമാരാണ് രാജ്യത്തിന്റെ വൈവിധ്യത്തെ ആഘോഷിക്കുന്നതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആവേശകരമായ പെരുന്നാൾ റൈഡിന് ഒരുക്കം കൂട്ടുന്നത്.
ബൈക്കർ ബഡ്ഡീസ് ഈദ് ബ്രദർഹുഡ് റൈഡ് എന്ന പ്രമേയത്തിലുള്ള യാത്ര അതിന്റെ മൂന്നാമത്തെയും ഏറ്റവും വലിയതുമായ പതിപ്പിനാണ് ആസൂത്രണം നടത്തിയിട്ടുള്ളത്. യുഎഇയിലെ 18 ബൈക്കിങ് ക്ലബ്ബുകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നുമുള്ള ഏകദേശം 300 മോട്ടോർസൈക്കിൾ യാത്രക്കാർ പെരുന്നാളിന്റെ രണ്ടാം ദിവസം ദുബായിൽ നിന്ന് കൽബ കോർണിഷിലേക്ക് ഒരു വാഹനവ്യൂഹമായി സഞ്ചരിക്കും.

ദീർഘകാല താമസക്കാരനും സംഘാടകനുമായ എം. വിക്കി നയിക്കുന്ന 280 കിലോമീറ്റർ ദൈർഘ്യമുള്ള റൗണ്ട് ട്രിപ്പ് വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുവരുന്നു. പെരുന്നാൾ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു. അതാണ് ഈ റൈഡിനെ സാഹോദര്യത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ആഘോഷമാക്കി മാറ്റാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. പക്ഷേ ഞങ്ങൾ വാഹനമോടിക്കുമ്പോൾ ഏക മനസ്സോടെയാണ് കുതിപ്പ് നടത്തുന്നത്-1984 മുതൽ ദുബായിൽ താമസിക്കുന്ന വിക്കി പറഞ്ഞു.

മുൻ പതിപ്പുകളെപ്പോലെ ഈ വർഷത്തെ റൈഡ് തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ വാട്ടർ കൂളറുകൾ സ്ഥാപിക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് ബൈക്ക് യാത്രക്കാരുടെ ഹൃദയങ്ങളോട് അടുത്തുനിൽക്കുന്ന ഒരു ലക്ഷ്യമാണ്. ഒരു പക്ഷേ ഇതൊരു ചെറിയ കാര്യമായി തോന്നാം. പക്ഷേ വേനൽക്കാലത്തെ ചൂടിൽ ശുദ്ധവും തണുത്തതുമായ കുടിവെള്ളം ലഭിക്കുക എന്നത് പലപ്പോഴും അത് അപ്രാപ്യമായ മനുഷ്യരെ സംബന്ധിച്ചിടത്തോളം വലിയ വ്യത്യാസമുണ്ടാക്കുന്നു. സമൂഹത്തിന് തിരികെ നൽകാനുള്ള ഞങ്ങളുടെ മാർഗമാണിത്.
മരുഭൂമിയും മലയോരങ്ങളും താണ്ടി യാത്ര
എമിറേറ്റ്‌സ് റോഡിലെ (ഇ611) എനോക് ഗ്യാസ് സ്റ്റേഷൻ 1094 ൽ നിന്നാണ് നന്മനിറഞ്ഞ ഈ യാത്ര ആരംഭിക്കുന്നത്. മരുഭൂമിയിലൂടെയും മലയോരങ്ങളിലൂടെയും വളഞ്ഞുപുളഞ്ഞാണ് ഷാർജയിലെ കൽബ കോർണിഷിൽ എത്തുക. മധ്യഭാഗത്ത് മസാഫിയിലെ സൂഖ് അൽ ജുമയിൽ ലഘുഭക്ഷണത്തിനായി സംഘം ഒരു ചെറിയ സ്റ്റോപ്പ് എടുക്കും. റൈഡർമാർ കണ്ടുമുട്ടുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഒരുമിച്ച് യാത്രയെ അഭിനന്ദിക്കാൻ കുറേ നിമിഷങ്ങൾ ചെലവഴിക്കുകയും ചെയ്യുന്ന സ്ഥലമാണിത്.

ഓരോ റൈഡും പുതിയ സൗഹൃദങ്ങളും പങ്കിട്ട ഓർമകളും കൊണ്ടുവരുന്നുവെന്ന് രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ ബൈക്ക് ഓടിക്കുന്ന ബ്ലൂ ഒറിക്സ് എംസി ക്ലബിലെ മാർഷൽ എഡ്വിൻ എഡ്ഡി മാസി പറയുന്നു. ഇത് സുവിശേഷ യാത്രയായിരിക്കും. യുഎഇയിലെ ജീവിതത്തെ നിർവചിക്കുന്ന പെരുന്നാളിന്റെയും ഒരുമയുടെയും ആഘോഷമാണിത്.

ഇതിനകം യുഎഇ റോഡുകളിൽ ഒരു ലക്ഷം കിലോ മീറ്ററിലധികം സഞ്ചരിച്ച അദ്ദേഹം തെളിഞ്ഞ കാലാവസ്ഥയ്ക്കായി കാത്തിരിക്കുകയാണ്. തണുത്ത പ്രഭാതങ്ങൾ, തെളിഞ്ഞ ആകാശം, ബൈക്കർമാർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ചടുലമായ യാത്ര, ഇത് മറക്കാനാവാത്ത ഒരു ദിവസമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.