'ലക്ഷക്കണക്കിനു ചീവീടുകൾ ഒരേസമയം കരയുന്നതു പോലെ': ദുരൂഹ ഹവാന സിൻഡ്രോമിനു പിന്നിൽ വിദേശശക്തികളില്ലെന്ന് അമേരിക്ക

Mail This Article
ഹവാന ∙ യുഎസ് നയതന്ത്രജ്ഞർക്കു ലോകത്തിന്റെ പലഭാഗങ്ങളിൽ നേരിടേണ്ടിവന്ന ഹവാന സിൻഡ്രോം എന്ന അവസ്ഥയ്ക്ക് പിന്നിൽ വിദേശശക്തികളൊന്നുമില്ലെന്ന് യുഎസ് അധികൃതർ. 7 ഇന്റലിജൻസ് ഏജൻസികൾ നടത്തിയ സമഗ്രപഠനത്തിനു ശേഷമാണ് ഈ വിലയിരുത്തൽ. 5 ഇന്റലിജൻസ് ഏജൻസികൾ ഈ വാദത്തിൽ ഉറച്ചുനിന്നപ്പോൾ 2 ഏജൻസികൾ സംശയം ഇപ്പോഴും ബാക്കിയാണെന്ന അഭിപ്രായക്കാരാണ്.
2016ൽ ക്യൂബയിലെ ഹവാനയിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ എംബസി ഉദ്യോഗസ്ഥരിൽ ചിലരിൽ ഒരു അപൂർവ രോഗം റിപ്പോർട്ട് ചെയ്തു. പൊടുന്നനെ കാരണങ്ങളില്ലാതെ കടുത്ത തലവേദന, തലയിൽ സമ്മർദ്ദം, ബോധക്കേട്, തലകറക്കം, ഓർമക്കുറവ് എന്നിവയുണ്ടാകുന്ന അവസ്ഥയായിരുന്നു ഇത്. ചിലരിൽ മൂക്കിൽ നിന്നു രക്തസ്രാവവുമുണ്ടായി. ഹവാനയിൽ സംഭവിച്ച ഈ അവസ്ഥയ്ക്ക് ഹവാന സിൻഡ്രോമെന്ന് പേരു ലഭിച്ചു. പിന്നീട് ഇത് ജർമനി, ഓസ്ട്രിയ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ യുഎസ് എംബസി ഉദ്യോഗസ്ഥരെയും ബാധിച്ചു. പിന്നീട് ലോകമെമ്പാടും പല രാജ്യങ്ങളിലും സേവനമനുഷ്ഠിച്ച യുഎസ് ഉദ്യോഗസ്ഥർക്ക്, പ്രത്യേകിച്ച് വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇതു റിപ്പോർട്ട് ചെയ്തു. ഇതൊരു മാനസികപ്രശ്നമാണെന്നാണ് ആദ്യം കരുതപ്പെട്ടത്.
എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ സിഐഎ ഡയറക്ടർ വില്യം ബേൺസ് ഇതു സത്യമാണെന്നു പ്രസ്താവിച്ചു. ഇതോടെ യുഎസ് സിൻഡ്രോമിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തുടങ്ങി. തങ്ങളുടെ ഇരുന്നൂറിലധികം ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഈയവസ്ഥ നേരിട്ടിട്ടുണ്ടെന്നു യുഎസ് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇവരിൽ കൂടുതലും എംബസി ഉദ്യോഗസ്ഥരും സിഐഎ അംഗങ്ങളുമാണ്.
ഈ അവസ്ഥ ആദ്യം പിടികൂടിയ ക്യൂബൻ എംബസിയിലെ അമേരിക്കൻ ഉദ്യോഗസ്ഥർ ഈ സിൻഡ്രോമിനെക്കുറിച്ച് കുറച്ചുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതീവതോതിൽ തുളച്ചുകയറുന്ന രീതിയിലുള്ള തീവ്രമായ ഒരു ശബ്ദം തങ്ങൾ കേട്ടെന്നായിരുന്നു പ്രധാന വെളിപ്പെടുത്തൽ. ലക്ഷക്കണക്കിനു ചീവീടുകൾ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദമായിരുന്നു അത്. സമ്മർദ്ദവും ഇവർക്കുണ്ടായി. എവിടെ നിന്നോ നിന്ന്, ഒരു അജ്ഞാതൻ തങ്ങളുടെ നേർക്ക് ഒരു ഊർജ ഉപകരണത്തിൽ നിന്നു രശ്മികൾ പ്രയോഗിച്ചതുപോലെയാണു തോന്നിയതെന്നും ഇവർ പറഞ്ഞു. വെർട്ടിഗോയും കടുത്ത ശ്രദ്ധക്കുറവും പിന്നീട് ഇവരെ ശല്യപ്പെടുത്തി. ഒടുവിൽ പലരും സേവനം പകുതി വഴിയിൽ നിർത്തി വൈദ്യ ചികിത്സയ്ക്കായി യുഎസിൽ തിരിച്ചെത്തി. ഇവരിൽ പരിശോധന നടത്തിയ ഡോക്ടർമാർ തലച്ചോറിൽ കേടുപാടുകൾ ഉണ്ടായിട്ടുള്ളതായി സ്ഥിരീകരിച്ചു. എന്നാൽ തലയോട്ടിക്കോ എല്ലുകൾക്കോ ത്വക്കിനോ കുഴപ്പവുമുണ്ടായിരുന്നില്ല.
ആദ്യ ഹവാന സിൻഡ്രോമിന്റെ കണ്ടെത്തലിനു ശേഷം വർഷങ്ങൾ പിന്നിട്ടു. എന്നിട്ടും ദുരൂഹത മാറിയിട്ടില്ല. റഷ്യൻ നിർമിത സോണിക് ഉപകരണങ്ങൾ അല്ലെങ്കിൽ എനർജി ബീമുകൾ ഉപയോഗിച്ചാണ് ഈ അവസ്ഥ ഇരകളിൽ വരുത്തുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മനുഷ്യന്റെ കേൾവിശക്തി പരിധിക്ക് അപ്പുറമുള്ള ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന ഏതോ സോണിക് ഉപകരണങ്ങൾ വച്ചാകാം ഹവാനയിൽ ഇതു നടപ്പിലാക്കിയതെന്ന് അന്ന് അന്വേഷണം നടത്തിയ ഏജൻസികൾ പറഞ്ഞിരുന്നു.എന്നാൽ പിന്നീട് ഇതു തെറ്റാകാമെന്നു വാദമുയർന്നു. സോണിക് തരംഗങ്ങൾക്ക് മനുഷ്യമസ്തിഷ്കത്തിൽ കേടുപാടുകൾ ഉണ്ടാക്കാൻ പറ്റില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
മറ്റു പലസിദ്ധാന്തങ്ങളും ഹവാന സിൻഡ്രോമിനെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു. ലാപ്ടോപ്പുകളിൽ നിന്നും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും ഡേറ്റ ചോർത്താനായി നിർമിച്ച ഏതോ ഉപകരണം പ്രയോഗിച്ച വേളയിൽ മനുഷ്യനിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ഇതു നിരീക്ഷിച്ച നിർമാതാക്കൾ പിന്നീട് ഇതിനെ ഒരു ഭീകരായുധമായി മാറ്റുകയായിരുന്നെന്ന് ഇത്തരത്തിലെ ഒരു പ്രബല സിദ്ധാന്തം പറയുന്നു. അന്യഗ്രഹജീവികളാണ് സംഭവത്തിനു പിന്നിലെന്ന് ചിലർ ഗൂഢവാദവുമായും രംഗത്തു വന്നിരുന്നു.
2019ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്രജേണലിൽ ഒരു പ്രത്യേകതരം റേഡിയോ ഫ്രീക്വൻസി ഉപകരണത്തിൽ നിന്നു പുറപ്പെടുന്ന റേഡിയോ തരംഗങ്ങളാണ് സംഭവത്തിനു വഴിവയ്ക്കുന്നതെന്ന് പ്രസ്താവിച്ചിരുന്നു. എന്നാൽ ഇതെക്കുറിച്ച് ആർക്കും ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആയിരത്തിലധികം പേർക്ക് ലോകത്ത് പലയിടങ്ങളിലായി ഈ അവസ്ഥ വന്നെന്ന് യുഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നും ചുരുളഴിയാത്ത രഹസ്യമായി ഹവാന സിൻഡ്രോം തുടരുന്നു.