11 ദിവസം പിന്നിട്ടിട്ടും ബ്രിട്ടിഷ് മാധ്യമപ്രവർത്തകയുടെ തിരോധാനത്തിൽ ഉത്തരമില്ല; തിരച്ചിൽ പുരോഗമിക്കുന്നതായി ബ്രസീലിയൻ അധികൃതർ

Mail This Article
സാവോ പോളോ ∙ ബ്രസീലിൽ 11 ദിവസമായി കാണാതായ ബ്രിട്ടിഷ് മാധ്യമപ്രവർത്തകയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചതായി ബ്രസീലിയൻ അധികൃതർ ബുധനാഴ്ച അറിയിച്ചു. ബ്രസീലിലെ വിദേശ മാധ്യമപ്രവർത്തകരുടെ സംഘടനയാണ് ചൊവ്വാഴ്ച 32 കാരിയായ ഷാർലറ്റ് ആലീസ് പീറ്റിന്റെ തിരോധാനത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. പോർച്ചുഗീസ് ഭാഷയിൽ പരിജ്ഞാനമുള്ള വ്യക്തിയാണ്.
റിയോ ഡി ജനീറോയിലേക്ക് വരികയാണെന്ന് താമസിക്കാൻ ഒരിടം വേണമെന്ന് അറിയിച്ച് വാട്സ്ആപ്പിലൂടെ റിയോ ഡി ജനീറോയിലെ സുഹൃത്തിനെ ഫെബ്രുവരി 8ന് ഷാർലറ്റ് ബന്ധപ്പെട്ടിരുന്നു. ഇതാണ് ഷാർലറ്റിനെക്കുറിച്ച് അവസാനമായി ലഭിച്ച വിവരം.
മുൻപ് ഷാർലറ്റ് ആലീസ് പീറ്റ് രണ്ടു വർഷത്തിലേറെ റിയോ ഡി ജനീറോയിൽ ഫ്രീലാൻസ് മാധ്യമപ്രവർത്തകയായി ജോലി ചെയ്തിരുന്നു. അതിനുശേഷമാണ് ലണ്ടനിലേക്ക് മടങ്ങിയതെന്നും വിദേശ മാധ്യമപ്രവർത്തകരുടെ സംഘടന അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് അവർ ബ്രസീലിലേക്ക് തിരിച്ചെത്തിയത്.