ADVERTISEMENT

ലോകമെമ്പാടുമുള്ള ജനങ്ങള്‍ കൊറോണ വൈറസിനെ ഭയന്ന് ലോക്ഡൗണായി വീട്ടിലിരുന്നപ്പോഴാണ് വിചിത്രമായ ഒരു സംഗതി  നവജാത ശിശു വിദഗ്ധരുടെ ശ്രദ്ധയില്‍ പെട്ടത്.  മാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ എണ്ണം ഗണ്യമായി കുറയുന്നു. ആശുപത്രികളിലെ നവജാത ശിശു വിഭാഗങ്ങളിലെ വാര്‍ഡുകളില്‍ ആളൊഴിയുന്നു.

അയര്‍ലന്‍ഡിലെയും ഡെന്‍മാര്‍ക്കിലെയും നവജാതശിശു വിദഗ്ധരായ ഡോക്ടര്‍മാരാണ് ഈ ട്രെന്‍ഡ് ആദ്യം ശ്രദ്ധിച്ചത്. അവരത് ക്രോഡീകരിക്കുമ്പോഴേക്കും മറ്റ് രാജ്യങ്ങളില്‍ നിന്ന് സമാനമായ റിപ്പോര്‍ട്ടുകളെത്തി. ഇതോടെ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തുകയായിരുന്നു.

അമേരിക്കയിലെ പത്തിലൊരു ശിശുവും മാസമെത്താതെ ജനിക്കുന്നതാണ്. സാധാരണ ഗതിയില്‍ 40 ആഴ്ചയാണ് ഗര്‍ഭ കാലഘട്ടം. 37 ആഴ്ചകള്‍ക്ക് മുന്‍പുള്ള പ്രസവങ്ങള്‍ മാസം തികയാതുള്ള ജനനമായി കണക്കാക്കുന്നു. സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം 32 ആഴ്ചകള്‍ക്ക് മുന്‍പ് പിറക്കുന്ന ശിശുക്കളില്‍ കാഴ്ച, കേള്‍വി പ്രശ്‌നങ്ങളും സെറിബ്രല്‍ പാല്‍സിയും മരണവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

മാസം തികയാതുള്ള പ്രസവങ്ങള്‍ നിയന്ത്രിക്കുക മാത്രമാണ് ഇതിനുള്ള പോംവഴിയെന്ന് അയര്‍ലാന്‍ഡിലെ യൂണിവേഴ്‌സിറ്റി മാറ്റേണിറ്റി ആശുപത്രിയിലെ നവജാതശിശു വിദഗ്ധനായ ഡോ. റോയ് ഫിലിപ്പ് പറയുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വിദേശത്തായിരുന്ന ഡോ. റോയ് മാര്‍ച്ച് അവസാനത്തോടെയാണ് ആശുപത്രിയില്‍ തിരിച്ചെത്തിയത്. മാസം തികയാതെ പിറന്ന കുഞ്ഞുങ്ങള്‍ക്കായുള്ള മുലപ്പാല്‍ അധിഷ്ഠിത ഫോര്‍ട്ടിഫയറിന്റെ ആവശ്യകത കുറഞ്ഞതിന്റെ കാരണം തിരക്കിയപ്പോഴാണ് മാസംതികയാതുള്ള ശിശുക്കളുടെ പിറവി വലിയളവില്‍ കുറഞ്ഞതായി ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. 

dr-roy-philip
ഡോ. റോയ് ഫിലിപ്പ്

ജൂണ്‍ അവസാനമായപ്പോഴും ഈ ട്രെന്‍ഡ് തുടര്‍ന്നതായും രണ്ട് ദശാബ്ദക്കാലത്തിലൊരിക്കലും ഇത്തരമൊരു ഇടിവ് ഈ എണ്ണത്തില്‍ ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍ റോയ് പറയുന്നു. 28 ആഴ്ചകള്‍ക്ക് മുന്‍പ് ജനിക്കുന്ന ശിശുക്കളുടെ നിരക്ക് 90 ശതമാനത്തോളം കുറഞ്ഞതായി അയര്‍ലാന്‍ഡിലെയും ഡെന്‍മാര്‍ക്കിലെയും ഗവേഷകര്‍ കണ്ടെത്തി. 

ഇതൊരു ആഗോള പ്രതിഭാസമല്ലെങ്കില്‍ കൂടി വ്യാപകമാണെന്നാണ് വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അനുമാനം. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ലോക്ഡൗണ്‍ കാലത്ത് ഏതാണ്ട് പകുതിയായി കുറഞ്ഞെന്ന് കാനഡിയലെ കാല്‍ഗറി യൂണിവേഴ്‌സിറ്റിയിലെ നവജാത ശിശു വിദഗ്ധന്‍ ഡോ. ബെലാല്‍ അല്‍ഷെയ്ക് പറയുന്നു. നെതര്‍ലാന്‍ഡ്‌സിലെ ഇറാസ്മസ് മെഡിക്കല്‍ സെന്ററിലെ നവജാത ശിശു വിദഗ്ധന്‍ ഇര്‍വിന്‍ റൈസും ഇത്തരത്തിലൊരു കുറവ് ശ്രദ്ധയില്‍പ്പെട്ടതായി പറയുന്നു. ഓസ്‌ട്രേലിയയിലെയും അമേരിക്കയിലെയും ചില ആശുപത്രികളില്‍ സമാനമായ കുറവ് മാസം തികയാത്ത പ്രസവങ്ങളില്‍ നിരീക്ഷിച്ചു. അമേരിക്കയിലെ നവജാത ശിശു വിദഗ്ധന്‍ ഡോ. സ്റ്റീഫന്‍ പാട്രിക് ഈ നിരീക്ഷണം ട്വിറ്ററില്‍ പങ്കുവച്ചപ്പോള്‍ മറ്റ് ചില ഡോക്ടര്‍മാരും ഇത് ശരി വച്ചു കൊണ്ട് കമന്റ് ചെയ്തു. 

ലോക്ഡൗണ്‍ മൂലം ഗര്‍ഭിണികള്‍ വീട്ടില്‍ തന്നെ ഇരുന്നത് യാത്രകളും ജോലിയും മൂലമുള്ള അവരുടെ സമ്മര്‍ദം ലഘൂകരിക്കാന്‍ ഇടയുണ്ട്. അവര്‍ക്ക് കൂടുതല്‍ ഉറക്കവും കുടുംബാംഗങ്ങളുടെ പിന്തുണയും ലഭിച്ചിരിക്കാം. വീട്ടിലിരുന്ന ഗര്‍ഭിണികള്‍ക്ക് കോവിഡ് മാത്രമല്ല മറ്റ് അണുബാധകളും ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്. മാസം തികയാത്ത പ്രസവവുമായി പലപ്പോഴും ബന്ധപ്പെടുത്തുന്ന വായു മലിനീകരണവും ലോക്ഡൗണ്‍ കാലയളവില്‍ കുറവായിരുന്നു. ഇതൊക്കെയാകാം ചില പ്രദേശങ്ങളില്‍ മാസം തികയാതെയുള്ള പ്രസവത്തിന്റെ എണ്ണം കുറച്ചതെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. പക്ഷേ, ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കണമെങ്കില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. 

ഈ ഗവേഷണത്തില്‍ ഒരുമിച്ച് നീങ്ങുന്ന ഡെന്‍മാര്‍ക്കിലെയും അയര്‍ലന്‍ഡിലെയും ഗവേഷകര്‍ കോവിഡും മാസം തികയാതുള്ള പ്രസവവും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ ഒരു രാജ്യാന്തര ഗവേഷക സഹകരണത്തിനുള്ള സാധ്യത തേടുന്നുണ്ട്. 

English Summary: COVID lock down and premature birth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com