ചിരി ആരോഗ്യത്തിന് നല്ലത്; പക്ഷേ , ചിരിച്ച് ചിരിച്ച് ബോധം പോയാലോ ?
Mail This Article
ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് ആരോഗ്യവിദഗ്‌ധരും ഡോക്ടര്‍മാരുമെല്ലാം ഒരേ സ്വരത്തില്‍ നമ്മളോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചിരിച്ച് ചിരിച്ച് ബോധം പോയ ഒരാളുടെ കഥ കേള്‍ക്കണോ? ഹൈദരാബാദിലുള്ള 53-കാരനെയാണ് ചിരി ബോധം കെടുത്തിയത്. സംഭവം വെളിപ്പെടുത്തിയത് ഈ രോഗിയെ ചികിത്സിച്ച ഡോ. സുധീര്‍ കുമാര്‍ എന്ന ന്യൂറോളജിസ്‌റ്റ് തന്നെയാണ്. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ചിരിയുടെ ഈ 'മാരക ശേഷി' ലോകമറിഞ്ഞത്.
ചായ കുടിച്ചു കൊണ്ട് കുടുംബത്തോടൊപ്പം ടിവിയില്‍ ഒരു കോമഡി ഷോ കാണുകയായിരുന്നു ശ്യാം (പേര് മാറ്റിയിട്ടുണ്ട്) എന്ന് ഡോ. സുധീര്‍ എക്‌സില്‍ കുറിക്കുന്നു. ടിവിയിലെ കോമഡി കണ്ട് ചിരി തുടങ്ങിയ ശ്യാമിന് ചിരി നിര്‍ത്താന്‍ സാധിച്ചില്ല. ഏതാനും മിനിറ്റുകൾ കഴിയുമ്പോള്‍ കുടുംബാംഗങ്ങള്‍ കാണുന്നത് ചിരിച്ചു കൊണ്ടിരുന്ന ശ്യാമിന്റെ കൈയില്‍ നിന്ന് ചായ കപ്പ് താഴെ വീഴുന്നതാണ്. ഒപ്പം ശ്യാം ഒരു വശത്തേക്ക് ചെരിഞ്ഞ് കസേരയില്‍ നിന്നും താഴെ ബോധം കെട്ട് വീണു. കൈകള്‍ ഈ സമയം വിറകൊള്ളുന്നുണ്ടായിരുന്നതായി ശ്യാമിന്റെ മകള്‍ പറയുന്നു.
വീട്ടിലെ സന്തോഷത്തിന്റെ അന്തരീക്ഷം പെട്ടെന്ന് വിഭ്രാന്തിയുടെതായി. മകള്‍ ഉടനെ ആംബുലന്‍സ് വിളിച്ചു. എന്നാല്‍ ഏതാനും മിനിട്ട് കഴിഞ്ഞ് ശ്യാം കണ്ണ് തുറന്ന് ചുറ്റുമുള്ളവരെ ഒക്കെ തിരിച്ചറിഞ്ഞു. കൈയും കാലുകളും ചലിപ്പിക്കാനും സംസാരിക്കാനും സാധിക്കുകയും ചെയ്‌തു. എന്നാല്‍ എന്താണ് സംഭവിച്ചത് എന്നതിനെ പറ്റി ഓര്‍മ്മയുണ്ടായിരുന്നില്ല എന്ന് മാത്രം.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തുമ്പോഴേക്കും ശ്യാം പരിപൂര്‍ണ്ണമായും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയിരുന്നു. ക്ലിനിക്കല്‍ പരിശോധനയിലും എല്ലാം സാധാരണം തന്നെ. എന്ത് സംഭവിച്ചു എന്ന വിശദപരിശോധനയ്‌ക്കാണ് ശ്യാം ന്യൂറോളജിസ്‌റ്റിന് സമീപമെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത് ചിരി കൊണ്ട് അപൂര്‍വമായി ഉണ്ടാകുന്ന മോഹാലാസ്യമാണെന്ന് ഡോക്ടര്‍ കണ്ടെത്തിയത്.
ആരെങ്കിലും അതികഠിനമായ രീതിയില്‍ ചിരിക്കുമ്പോള്‍ നെഞ്ചിനുള്ളിലെ സമ്മര്‍ദ്ദം ഉയരും. ഈ അമിത സമ്മര്‍ദ്ദം ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ തിരിച്ചുവരവ് ബുദ്ധിമുട്ടിലാക്കും. ഇത് മൂലം ബാരോറിസപ്‌റ്ററുകള്‍ എന്ന ശരീരത്തിലെ പ്രത്യേക സെന്‍സറുകള്‍ ഉദ്ദീപിപ്പിക്കപ്പെടും. ഇത് വേഗസ് നാഡിയെ ഉണര്‍ത്തും. ഹൃദയനിരക്ക് താഴാന്‍ സഹായിക്കുന്ന വേഗസ് നാഡി രക്തക്കുഴലുകളുടെ വീതി കൂട്ടുകയും രക്തസമ്മര്‍ദ്ദം കുറയ്‌ക്കുകയും ചെയ്യും. ഇത്തരത്തില്‍ രക്തസമ്മര്‍ദ്ദം കുറയുന്നതാണ് മോഹാലാസ്യത്തിലേക്ക് നയിക്കുന്നതെന്ന് ഡോ. സുധീര്‍ വിശദീകരിക്കുന്നു.
അമിതമായ ചിരി, ദീര്‍ഘനേരമുള്ള നില്‍പ്, അമിതമായ ശാരീരിക അധ്വാനം പോലുള്ള ട്രിഗറുകള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍ ശ്യാമിന് നിര്‍ദ്ദേശം നല്‍കി. ശരീരത്തിലെ ജലാംശം കുറയാതെ നിലനിര്‍ത്താനും ആവശ്യപ്പെട്ടു. തലചുറ്റല്‍ പോലെ തോന്നിയാല്‍ നിലത്ത് കിടക്കാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയാതിരിക്കാനാണ് ഇത്. പ്രത്യേക മരുന്നുകളൊന്നും ഈയവസ്ഥയ്‌ക്കില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.