ADVERTISEMENT

മധ്യവയസ്കരിലും മുതിർന്ന പൗരന്മാരിലും യുവാക്കളെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത കൂടുതലാണ്. എങ്കിലും ജീവിതക്രമത്തിൽ കൊണ്ടുവരുന്ന ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യത്തോടെ ജീവിക്കാനും കഴിയും. 

60 + സാധ്യതയേറെ 
അമേരിക്കൻ ഹാർട്ട്‌ അസോസിയേഷന്റെ കണക്ക് പ്രകാരം 60 മുതൽ 80 വയസ് വരെയുള്ളവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത 70 ശതമാനത്തിനു മുകളിലാണ്. രക്തസമ്മർദം നിയന്ത്രണ വിധേയമല്ലാത്തതും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നതും പ്രമേഹം കൂടുന്നതും ഹൃദ്രോഗസാധ്യത വർധിപ്പിക്കാം. ഇതൊഴിവാക്കാൻ ജീവിത ശൈലിയിലും ഭക്ഷണ ക്രമത്തിലും പ്രത്യേകം ശ്രദ്ധിക്കണം. 

സ്ത്രീകളെ ബാധിക്കുമോ?
ഒരു പരിധിവരെ ബാധിക്കും എന്നാണ് ഉത്തരം. സ്ത്രീ ഹോർമോണായ ഈസ്ട്രജനാണ് വനിതകളിൽ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നത്. ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കാനും ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഈ ഹോർമോൺ സഹായിക്കും. എന്നാൽ ആർത്തവ വിരാമം പൂർണമാകുന്നതോടെ ഈസ്ട്രജൻ ഉൽപാദനം നിലയ്ക്കുകയും സ്ത്രീകളിലെ ഹൃദ്രോഗ സാധ്യതകൾ വർധിക്കുകയും ചെയ്യും. ഇതിനു പുറമേ സ്തനാർബുദത്തിനുള്ള ചില മരുന്നുകളും രോഗത്തിന് കാരണമാകാറുണ്ട്. 

Read Also : ആരോഗ്യമുള്ള ഹൃദയത്തിനായി ശീലമാക്കാം ശരിയായ ഭക്ഷണക്രമവും ഈ വർക്ഔട്ടുകളും

ജീവിതക്രമമാണ് വില്ലൻ
ജനിതകപരമായി ഹൃദ്രോഗം ഉണ്ടാകാറുണ്ടെങ്കിലും യുവാക്കളിലാണ് ഇത്തരത്തിലുള്ള രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ജീവിതക്രമത്തിൽ ഉണ്ടായ മാറ്റങ്ങളാണ് പ്രായമായവരിൽ ഹൃദ്രോഗം മുൻകാലത്തെക്കാൾ വർധിക്കാൻ കാരണം. വാർധക്യത്തിലേക്ക് കടക്കുമ്പോൾ ഹൃദയാരോഗ്യം കുറയുന്നത് സ്വാഭാവികമാണെങ്കിലും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമം ഇല്ലാത്തതുമെല്ലാം രോഗസാധ്യത വർധിപ്പിക്കുന്നു. 

മാനസികാരോഗ്യം പ്രധാനം
മാനനസികാരോഗ്യവും ഹൃദ്രോഗവും തമ്മിൽ വലിയ ബന്ധമുണ്ട്. വാർധക്യത്തിൽ ഒറ്റയ്ക്കായിപ്പോകുന്നതും സാമൂഹികവുമായ പ്രശ്നങ്ങളും മാനസികസമ്മർദവും രോഗസാധ്യതകൾ വർധിപ്പിക്കാം. സ്ത്രീകളുടെ കാര്യത്തിൽ ആർത്തവ വിരാമത്തിന് ശേഷമുണ്ടാകുന്ന വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഹൃദ്രോഗത്തിലേക്ക് നയിക്കാം.

Tips to improve your heart health
Representative Image. Photo Credit: BrianAJackson / iStockPhoto.com

സൂക്ഷിച്ചാൽ പേടിക്കേണ്ട! 
ജീവിതക്രമത്തിൽ ആരോഗ്യകരമായ മാറ്റം കൊണ്ടുവന്നാൽ ഹൃദ്രോഗത്തെ പേടിക്കാതെ ജീവിക്കാൻ കഴിയും. 

∙ കൃത്യമായി വ്യായാമം ചെയ്യുക. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് വീതം നടക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും. രണ്ടുദിവസം പേശികൾക്ക് ബലം വയ്ക്കുന്നതിനുള്ള ലഘു വ്യായാമങ്ങളും ചെയ്യാം. ശാരീരികക്ഷമത ഉള്ളവർക്ക് വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിങ്, ഓട്ടം, ട്രെഡ്മിൽ തുടങ്ങിയവ ചെയ്യാം. 

∙ ആരോഗ്യകരമായ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക. ഉപ്പും കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക. കൃത്യസമയത്ത് ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുന്ന രീതിയിലേക്ക് മാറുക. നട്സ്, കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങളും മത്സ്യ മാംസാദികളും, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ഉപയോഗിക്കാം. 

∙ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധിക്കുക. കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുക. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയവ കണ്ടെത്തിയാൽ കൃത്യമായി ചികിത്സിക്കുക. 

Read Also : അനാരോഗ്യകരമായ ഹൃദയം: ഈ പത്ത്‌ ലക്ഷണങ്ങള്‍ അവഗണിക്കരുത്‌

നിരാശ വേണ്ട, തിരിച്ചുപിടിക്കാം 
ഒരിക്കൽ ഹൃദ്രോഗം ബാധിച്ചു എന്നോർത്ത് നിരാശപ്പെടേണ്ടതില്ല. കൃത്യമായ ചികിത്സയും മുൻകരുതലുകളും എടുത്താൽ അതിജീവിക്കാവുന്നതേയുള്ളൂ. കൃത്യമായി മരുന്ന് കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കൃത്യമായ തുടർ പരിശോധനകൾ നടത്തുകയും അതിനനുസരിച്ച് ജീവിതം ക്രമീകരിക്കുകയും ചെയ്യണം. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രണവിധേയമാക്കുകയും ഭക്ഷണം ക്രമീകരിക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്താൽ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാം. 

വിവരങ്ങൾക്കു കടപ്പാട്: ഡോ. ടെഫി ജോസ്,  കൺസൽറ്റന്റ്, ഇന്റർവെൻഷനൽ കാർഡിയോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി 

Content Summary : World Heart Day - Tips to improve your heart health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com