ഒരു മരത്തിൽ 150 കിലോ, കിലോയ്ക്ക് 400 രൂപ; മലയാളിയുടെ 25 ഏക്കർ ഈന്തപ്പനത്തോട്ടം തമിഴ്നാട്ടിൽ
Mail This Article
ഇന്ത്യൻ ഈന്തപ്പഴം– അങ്ങനെയൊന്നുണ്ടോ? അറബ് നാടുകളിൽനിന്നു മാത്രമാണ് ഈന്തപ്പഴം ഇവിടെയെത്തുന്നതെന്ന ധാരണ ഇനി തിരുത്താം. ഇന്ത്യയിലും ഈന്തപ്പനത്തോട്ടങ്ങളാകാമെന്നു തെളിയിച്ച ഒരു കൂട്ടം കൃഷിക്കാർ നമ്മുടെ രാജ്യത്തുണ്ട്. അവർക്കിടയിൽ ഒരു മലയാളിയും– പരപ്പനങ്ങാടി സ്വദേശി സാജിദ് തങ്ങൾ; പ്രശസ്തമായ പാണക്കാട് കുടുംബാംഗം. പടിഞ്ഞാറ് അറബിക്കടലിന്റെ അക്കരെയല്ല, കിഴക്ക് സഹ്യപർവതത്തിന്റെ അങ്ങേപ്പുറത്ത് തമിഴ്നാട്ടിലെ വീരചോളൻ എന്ന സ്ഥലത്താണ് സാജിദിന്റെ ‘കേരളാ ഡേറ്റ്സ് ’ ഫാം.
കംപ്യൂട്ടർ എൻജിനീയറായ സാജിദിനെ ഈന്തപ്പനക്കൃഷിയിലേക്ക് ആകർഷിച്ചത് നാട്ടുകാരനായ ഒരു സുഹൃത്താണ്. മലയാളനാട്ടിൽ ഇതുവരെ ആരും ചെയ്തിട്ടില്ലാത്തതും വിശ്വാസവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതുമായ ആശയമെന്ന നിലയിൽ ‘ഈന്തപ്പനകളുടെ തോട്ടം’ സാജിദിനെ ആവേശഭരിതനാക്കി. തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിലും മറ്റും അക്കാലത്ത് ഈന്തപ്പനക്കൃഷി ആരംഭിച്ചിരുന്നു. അവിടെ വിളവെടുത്തുതുടങ്ങിയ അൻപതേക്കർ സന്ദർശിച്ചതോടെ ഇന്ത്യയിലും ആദായകരമായി ഈന്തപ്പഴം ഉൽപാദിപ്പിക്കാനാകുമെന്ന് ബോധ്യപ്പെട്ടു. വിദേശയാത്രകളിൽ ഈന്തപ്പനത്തോട്ടങ്ങൾ സന്ദർശിച്ചുള്ള പരിചയവും മുതൽക്കൂട്ടായി. താരതമ്യേന കുറഞ്ഞ വിലയുള്ളതും വരണ്ടതുമായ സ്ഥലം കണ്ടെത്തിയത് മധുരയിൽനിന്ന് 64 കി.മി. അകലെ രാമനാഥപുരത്തെ വീരചോളനിൽ. സൂര്യപ്രകാശം സമൃദ്ധമായി കിട്ടുന്നതും വരണ്ട കാലാവസ്ഥയുള്ളതുമായ രാമനാഥപുരത്ത് നനസൗകര്യം ഉറപ്പായതോടെ ഈന്തപ്പന നടാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും ചേർന്ന് 55 ഏക്കർ കാലിസ്ഥലം വാങ്ങി 2013–14ൽ കൃഷി ആരംഭിച്ചു. ഇതിൽ 25 ഏക്കറിൽ മാത്രമേ ഇതുവരെ ഈന്തപ്പന നട്ടിട്ടുള്ളൂ. ഒരേക്കറിൽ 40 പന വീതം ആകെ ആയിരത്തോളം ഈന്തപ്പനകൾ ഇപ്പോൾ ഇവിടെയുണ്ട്.
ഗുജറാത്തിൽനിന്നാണ് ഈന്തപ്പനയുടെ രണ്ടടി വളർച്ചെയെത്തിയ ടിഷ്യുകൾചർ തൈകൾ കൊണ്ടുവന്നത്. ബർഹി, ഹരേസി, അജുവാ, ഹലാസ്, സഖായി എന്നിങ്ങനെ അഞ്ചിനം തൈകളാണ് വാങ്ങിനട്ടത്. ഇതിൽ 98 ശതമാനവും ബർഹി തന്നെ. ഒരു തൈക്ക് 6,000 രൂപയോളം വിലയായി. തൈകൾ വാങ്ങിയ അതുൽ കമ്പനിയിൽ നിന്നുതന്നെ കൃഷി സംബന്ധമായ സാങ്കേതികോപദേശങ്ങളും കിട്ടിയിരുന്നു. ഗുജറാത്ത്– രാജസ്ഥാൻ മേഖലയിൽ ഈ ബഹുരാഷ്ട്ര കമ്പനിയുടെ മേൽനോട്ടത്തിൽ ആയിരക്കണക്കിന് ഏക്കർ ഈന്തപ്പനത്തോട്ടങ്ങളാണ് ഉയർന്നു വരുന്നത്.
വലിയ മുതൽമുടക്ക്
ആദ്യകാലത്ത് സർക്കാർ ഈ കൃഷി അംഗീകരിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ തമിഴ്നാട്ടിലെ കൃഷിയുദ്യോഗസ്ഥർ തോട്ടം സന്ദർശിച്ചു പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് സാജിദ് പറഞ്ഞു. കൂടുതൽ ആളുകൾ ഇതിൽ നിക്ഷേപിക്കാൻ താൽപര്യമെടുക്കുന്നുണ്ട്. ഉയർന്ന ഉൽപാദനച്ചെലവുണ്ടെങ്കിലും അതിന് ആനുപാതികമായ വരുമാനവും ഈന്തപ്പനകളിൽനിന്നു പ്രതീക്ഷിക്കാമെന്ന് സാജിദ് ചൂണ്ടിക്കാട്ടി. ഒരു ഈന്തപ്പനത്തൈയ്ക്ക് ഇപ്പോൾ 6000 രൂപയോളം വിലയുണ്ട്. അവ കുഴിയെടുത്തു നടുന്നതും ചെലവേറിയ പണിതന്നെ. കുഴിയെടുത്ത മണ്ണ് പ്രത്യേക രീതിയിൽ പാകപ്പെടുത്തി വീണ്ടും കുഴിയിൽ നിറച്ചശേഷമാണ് തൈകൾ നടുക. ഒരു ചുവട് നട്ടുകഴിയുമ്പോൾ 25,000 രൂപയോളം ചെലവാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്ക്. മൂന്നാംവർഷം ഈന്തപ്പനകൾ പൂവിട്ടുതുടങ്ങുമെങ്കിലും ആദായകരമായ ഉൽപാദനം ലഭിച്ചുതുടങ്ങാൻ 5–6 വർഷം വേണ്ടിവരും. പരമാവധി ഉൽപാദനത്തിലേക്ക് എത്താൻ 10 വർഷത്തിലേറെ വേണ്ടിവരും.
വിളവെടുപ്പ്
നാലു വർഷം മുന്‍പായിരുന്നു ഈ തോട്ടത്തിലെ ആദ്യ വിളവെടുപ്പ്. ആദ്യ വർഷം തന്നെ 4 ടൺ ഉൽപാദനം കിട്ടിയെന്ന് സാജിദ് പറഞ്ഞു. തൊട്ടടുത്ത വർഷം ഇത് 5 ടണ്ണായി. എന്നാൽ കഴിഞ്ഞ വർഷത്തെ വിളവെടുപ്പ് മോശമായിരുന്നു– കാലാവസ്ഥാമാറ്റം പൂവിടലിനെ സാരമായി ബാധിച്ചതായിരുന്നു കാരണം. ഈ വർഷം പനകൾ ഗംഭീരമായി പൂവിട്ടെങ്കിലും വിളപരിപാലനത്തിലുണ്ടായ അപാകതകൾ മൂലം വലിയൊരു പങ്ക് കൊഴിഞ്ഞുപോയി. എങ്കിലും തീരെ മോശമല്ലാത്ത ഉൽപാദനം കിട്ടുമെന്നാണ് സാജിദിന്റെ പ്രതീക്ഷ. വിദേശങ്ങളിൽ ഒരു മരത്തിൽനിന്നുമാത്രം 300 കിലോ ഉൽപാദനം കിട്ടാറുണ്ട്.
വെള്ളം തീരെ വേണ്ടാത്ത വിളയാണ് ഈന്തപ്പനയെന്നത് പലരുടെയും തെറ്റിദ്ധാരണയാണെന്നു സാജിദ് ചൂണ്ടിക്കാട്ടി. മുടങ്ങാതെ വെള്ളം ലഭിച്ചാൽ മാത്രമേ ഈന്തപ്പനയിൽനിന്നു പരമാവധി ആദായം നേടാനാകൂ. അതുകൊണ്ടുതന്നെ തോട്ടത്തിലെ എല്ലാ മരങ്ങൾക്കും തുള്ളിനനരീതിയിൽ വെള്ളമെത്തിച്ചിരിക്കുകയാണിവിടെ. അതേസമയം, മണ്ണിൽ വെള്ളക്കെട്ടുണ്ടാകുന്നത് ഈന്തപ്പനയുടെ നാശത്തിനു കാരണമാകും.
വിപണനവും വരുമാനവും
ഗൾഫിൽനിന്നു വരുന്ന ഈന്തപ്പഴം ഉണക്കി സംസ്കരിച്ചതാണ്. എന്നാല്‍, ഫ്രഷ് ഡേറ്റ്സായാണ് സാജിദിന്റെ തോട്ടത്തിലെ പഴങ്ങൾ വിപണിയിലെത്തുന്നത്. ആകെ 130 ഇനം ഈന്തപ്പനകളുണ്ട്. ഇനഭേദമനുസരിച്ചും പഴങ്ങളുടെ രുചിയിലും നിറത്തിലും മാംസളതയിലുമൊക്കെ മാറ്റമുണ്ടാകും. ഈന്തപ്പഴത്തിന്റെ സംസ്കരണപ്രക്രിയ ഏറെ മുതൽമുടക്ക് ആവശ്യമുള്ളതാണെന്നു സാജിദ് ചൂണ്ടിക്കാട്ടി. സംസ്കരിച്ച ഈന്തപ്പഴം വിദേശത്തുനിന്ന് ധാരാളമായി ഇവിടെ എത്തുന്ന സാഹചര്യത്തിൽ സംസ്കരണത്തെക്കാൾ നല്ലത് നാട്ടിൽ ലഭിക്കാൻ പ്രയാസമുള്ള ഫ്രഷ് ഡേറ്റ്സ് വിപണിയിലെത്തിക്കുകയാണ്– സാജിദ് പറയുന്നു. കിലോയ്ക്ക് 300 രൂപ നിരക്കിലാണ് സാജിദ് ഈന്തപ്പഴങ്ങൾ വിൽക്കുന്നത്. ഇതുവരെ വിളവെടുത്ത മുഴുവൻ പഴങ്ങളും പ്രാദേശികമായി തന്നെ വിറ്റഴിക്കാനായി. രണ്ടു വർഷം മുൻപ് 450 രൂപ വില കിട്ടിയിരുന്നു. വില ഉയർന്നുനിൽക്കുമ്പോഴുള്ള നിരക്കാണിത്. സീസൺ സജീവമാകുന്നതോടെ വില താഴ്ന്ന് 200 രൂപവരെയെത്തും. എങ്കിലും 150 കിലോ ഉൽപാദനമുള്ള മരത്തിൽ നിന്ന് 30,000 രൂപയുടെ പഴം പ്രതീക്ഷിക്കാം. ആയിരം മരങ്ങളും ഫലം നൽകിത്തുടങ്ങുന്നതോടെ സാജിദിന്റെ വരുമാനം കുത്തനെ ഉയരുമെന്നു സാരം. അതേസമയം കേരളത്തിലേക്ക് സാജിദിന്റെ ഈന്തപ്പഴങ്ങൾ വരുന്നില്ല. ഇവിടെ വില കുറവായതുതന്നെ കാരണം. തമിഴ്നാട്ടിലെക്കാൾ കുറഞ്ഞ വിലയിൽ കേരളത്തിൽ കിട്ടുന്ന കാർഷികോൽപന്നമാണ് ഫ്രഷ് ഡേറ്റ്സ്.
രോഗ, കീടബാധകൾ
തെങ്ങിനു സമാനമായ രോഗ, കീടബാധകൾ ഈന്തപ്പനകൾക്കും പ്രതീക്ഷിക്കാമെന്നു സാജിദ്. ചെമ്പൻചെല്ലിയാണ് പ്രധാന വില്ലൻ. കുടുക്കാന്‍ കെണി വച്ചെങ്കിലും പ്രയോജനപ്പെട്ടില്ലെന്നു മാത്രമല്ല, അവയുടെ ആക്രമണം രൂക്ഷമാവുകയും ചെയ്തു. ഇപ്പോൾ ആക്രമണം കാണുന്ന പനകളിൽനിന്നു ചെല്ലികളെ കണ്ടെത്തി നശിപ്പിക്കുന്ന രീതിയാണ് ഇവിടെ. ചെറിയ തോതിൽ കുമിൾ രോഗങ്ങളുണ്ടാവാറുണ്ടെങ്കിലും മരുന്നൊഴിച്ചു നിയന്ത്രിക്കാവുന്നതേയുള്ളൂ– സാജിദ് പറഞ്ഞു. എന്നാൽ, തുടർച്ചയായി നിരീക്ഷിക്കേണ്ടതുണ്ട്. വിളപരിപാലനത്തിനു വേണ്ടിവരുന്ന കൂലിച്ചെലവ് താരതമ്യേന കൂടുതലാണ്.
നന നിര്‍ബന്ധം
മരുഭൂമിയിൽ വളരുന്ന മരമാണെങ്കിലും ഈന്തപ്പന 365 ദിവസവും നനയ്ക്കണമെന്ന് സാജിദ് പറഞ്ഞു. അവയ്ക്കു നന ആവശ്യമില്ലെന്നത് തെറ്റിദ്ധാരണയാണ്. ആഴ്ചയിൽ 200 ലീറ്ററെങ്കിലും വെള്ളം ഓരോ പനയുടെയും ചുവട്ടിൽ നൽകേണ്ടതുണ്ട്. കുലകളുണ്ടാകുന്ന ഘട്ടത്തിൽ കൂടുതൽ നനയ്ക്കുന്നത് കായ്കളുടെ വലുപ്പവും നിലവാരവും മെച്ചപ്പെടുത്തും. അതുകൊണ്ടുതന്നെ ഈ തോട്ടമാകെ തുള്ളിനന സംവിധാനം ഒരുക്കിയിരിക്കുകയാണ്. വിളവെടുപ്പു കഴിഞ്ഞ പനകൾക്കു വളം നൽകുന്നതിനു പിന്നാലെ പൂവിടലിനു പ്രേരിപ്പിക്കുന്ന പോഷകങ്ങളും നൽകും.
അതേസമയം മഴയുള്ള പ്രദേശങ്ങൾ ഈന്തപ്പനയ്ക്ക് യോജ്യമല്ലതാനും. പനകളിൽ കായ് പിടിക്കുന്ന വേളയിൽ മഴ പെയ്താൽ അവ അഴുകി നശിക്കുമെന്നതാണ് കാരണം. കുലകൾ പാകമാകുന്നതിനു സൂര്യപ്രകാശമേൽക്കണമെന്നതിനാലും ചെലവ് ഉയരുമെന്നതിനാലും അവ മൂടി സൂക്ഷിക്കുന്നത് പ്രായോഗികമല്ല. ഈന്തപ്പനകളിൽ കായ്പിടിക്കുന്ന ജൂൺ–ജൂലൈ മാസങ്ങളിൽ മഴക്കാലമായതുകൊണ്ടാണ് കേരളത്തിൽ ഈ കൃഷി സാധ്യമാകാതെ വരുന്നത്– സാജിദ് ചൂണ്ടിക്കാട്ടി. ഈർപ്പം കൂടിയ കേരളത്തിൽ കുമിൾരോഗസാധ്യത ഏറെയാണ്. വിളവൈവിധ്യമേറെയായിതിനാൽ മറ്റു വിളകളിൽനിന്നുള്ള രോഗസാധ്യതയും ഇവിടെ കൂടുതലായിരിക്കും. തെങ്ങുകള്‍ കൂടുതലുള്ളതിനാൽ ചെല്ലിശല്യവും കൂടാമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം തമിഴ്നാട്ടിലെ പ്രധാന മഴക്കാലം സെപ്റ്റംബറിനു ശേഷമായതിനാൽ ഉൽപാദനത്തിനു തടസമില്ല. ഏറെ മുടക്കുമുതലുള്ള വിളയായതിനാൽ ഒരു പന കേടുവന്നു നശിച്ചാൽ പോലും വലിയ നഷ്ടമാണുണ്ടാവുക. വിളവെടുപ്പ് ആരംഭിക്കുന്നതിനു മുൻപുള്ള ആദ്യവർഷങ്ങളിൽ ഇവിടെ ഈന്തപ്പനത്തൈകൾക്ക് ഇടവിളയായി പച്ചക്കറിയും ചോളവും നിലക്കടലയുമൊക്കെ കൃഷി ചെയ്തിരുന്നു.
കൃത്രിമ പരാഗണം
ഈന്തപ്പന പൂവിട്ടതുകൊണ്ടായില്ല. കായ് പിടിക്കണമെങ്കിൽ കൃത്രിമപരാഗണം നൽകേണ്ടതുണ്ട്. ഡിസംബർ–ജനുവരി മാസങ്ങളിൽ ഈന്തപ്പനയുടെ ആൺപൂക്കളാണ് ആദ്യം വിരിയുക. അവയിൽനിന്നുള്ള പരാഗരേണുക്കൾ സംഭരിച്ചു സൂക്ഷിച്ചാലേ പെൺപൂക്കൾ വിരിയുമ്പോൾ കൃത്രിമ പരാഗണം നടത്താനാകൂ. ഇപ്രകാരം പൂമ്പൊടി ശേഖരിക്കാൻ കഴിയാത്തവർ കമ്പനികളിൽനിന്നു പോളൻ (പൂമ്പൊടി) വാങ്ങുകയാണു പതിവ്. ആൺമരങ്ങൾ മാത്രം വളർത്തി പരാഗരേണുക്കൾ സംഭരിച്ചുവിൽക്കുന്ന കർഷിക സംരംഭകർ ഗുജറാത്തിലും മറ്റുമുണ്ട്. വലിയ ബിസിനസ് സാധ്യതയാണതെന്നു സാജിദ് പറയുന്നു. ഒരു കിലോ പൂമ്പൊടിക്ക് 25,000 രൂപ വരെ ഇപ്പോൾ വിലയുണ്ട്. ടാൽകം പൗഡറുമായി കൂട്ടിക്കലർത്തിയ പൂമ്പൊടിക്കാണ് ഈ വില. എന്നാൽ, തന്റെ തോട്ടത്തിലെ അറുപതോളം ആൺമരങ്ങളിൽനിന്നു ശേഖരിച്ച പൂമ്പൊടി പരാഗണത്തിനുപയോഗിക്കുന്ന രീതിയാണ് സാജിദിന്റേത്.
പെൺപൂക്കൾ വിരിഞ്ഞു തുടങ്ങി 3 ദിവസത്തികം പൂമ്പൊടി അവയ്ക്കു മീതേ തളിക്കുകയാണു പതിവ്. ഒരാഴ്ചയ്ക്കുശേഷം ഒരു തവണ കൂടി പൂമ്പൊടി വിതറുന്നത് കായ്പിടിത്തം മെച്ചപ്പെടുത്തും. കൂടാതെ ആൺപൂക്കളുടെ അല്ലികൾ പെൺപൂക്കൾക്കു നടുവിൽ കെട്ടിവയ്ക്കുന്ന രീതിയും ഏറെ ഫലപ്രദമാണെന്നു സാജിദ് പറഞ്ഞു. ഒരു മരത്തിൽ പരാഗണം നടത്താൻ 10–15 ഗ്രാം മാത്രം പൂമ്പോടി മതിയാകും. പരാഗണത്തിനുവേണ്ടി മാത്രമല്ല, ഔഷധാവശ്യങ്ങൾക്കും ഈന്തപ്പനയുടെ പൂമ്പൊടി ഉപയോഗിച്ചുവരുന്നു.
ഈ വർഷം ഒരു പനയിൽനിന്നു ശരാശരി 150 കിലോ ഫ്രഷ് ഈന്തപ്പഴം കിട്ടുമെന്നാണ് സാജിദിന്റെ കണക്കുകൂട്ടൽ. ആകെയുള്ള ആയിരത്തോളം മരങ്ങളിൽ 60 ശതമാനം ഫലം ചൂടിക്കഴിഞ്ഞു. ഓരോ മരത്തിലും 10–12 കുലകളാണ് ശരാശരിയുണ്ടാവുക. ഒരു കുലയ്ക്ക് 15 കിലോ ഭാരം പ്രതീക്ഷിക്കാം. എന്നാൽ, സാജിദിന്റെ തോട്ടത്തിലെ ഒരു മരത്തിൽ ഈ വർഷം 18 കുലകൾ വരെയു ണ്ടായിട്ടുണ്ടത്രെ. കായ്കൾ വലുതാകുന്നതനുസരിച്ച് തൂക്കം വർധിക്കുമെന്നതിനാൽ ഈന്തപ്പനക്കുലകൾ കയർ ഉപയോഗിച്ചു വലിച്ചുകെട്ടി സംരക്ഷിക്കേണ്ടതുണ്ട്. വിളവെടുക്കുമ്പോൾ കേടുകൂടാതെ താഴെയിറക്കാനും ഇതുപകരിക്കും.
സേവ്– ദ് ഡേറ്റ് ഫാം
സ്മാർട് അഗ്രിവില്ലേജ് (SAVE – സേവ്) എന്ന വിപുലമായ ആശയത്തിന്റെ തുടക്കം മാത്രമാണ് ഈ തോട്ടമെന്ന് സാജിദ് ചൂണ്ടിക്കാട്ടി. അഞ്ഞൂറേക്കറിലേറെ സ്ഥലത്ത് കൂടുതൽ വിളകളും ആധുനിക സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി അതു യാഥാര്‍ഥ്യമാക്കാനുള്ള പരീക്ഷണകൃഷികളും ഇവിടെയുണ്ട്– മാവ്, സപ്പോട്ട, നെല്ലി, പേര, മുരിങ്ങ എന്നിങ്ങനെ വ്യത്യസ്ത വിളകളുടെ കൃഷി ഇതിന്റെ ഭാഗമായി ആരംഭിച്ചുകഴിഞ്ഞു. വൈകാതെ സേവിന്റെ മാംഗോ, ജാക് ഫ്രൂട്ട് തോട്ടങ്ങൾക്കും തുടക്കം കുറിക്കണം അവ പൂർണതയിലെത്തുന്ന മുറയ്ക്ക് ഫാം ടൂറിസവും ആരംഭി ക്കും. ഇത്തരം പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവർക്ക് മാർഗനിർദേശം നൽകാനും അദ്ദേഹം തയാർ.
ഫോൺ: 9895265100