നായ്ക്കളെ അപകടങ്ങളിൽനിന്ന് രക്ഷിക്കാൻ ശ്രദ്ധിക്കാം ഈ 25 കാര്യങ്ങൾ
Mail This Article
അശ്രദ്ധയാലോ അറിവില്ലായ്മയാലോ, വികൃതിയാലോ അരുമ നായ്ക്കൾ നിരവധി അപകടങ്ങളില്‍ പെടാന്‍ സാധ്യതയുണ്ട്. അവയൊഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
1. വൈദ്യുതി വയറുകളും ഉപകരണങ്ങളും കയ്യില്‍ കിട്ടിയാല്‍ കടിച്ചുപൊട്ടിച്ച് ചവച്ചരയ്ക്കാന്‍ തീര്‍ച്ചയായും നായ്ക്കുഞ്ഞുങ്ങള്‍ ശ്രമിക്കും. തല്‍ക്ഷണ മരണമായിരിക്കും ഫലം. അതിനാല്‍, ഇലക്ട്രിക് ഉപകരണങ്ങളും വയറുകളും അരുമക്കുഞ്ഞുങ്ങളുടെ കയ്യെത്തുന്ന ദൂരത്തില്ലായെന്ന് ഉറപ്പാക്കണം.
2. നിലത്തുനിന്നോ ആഷ് ട്രേയില്‍നിന്നോ കിട്ടുന്ന സിഗരറ്റിന്റേയും ബീഡിയുടേയും അവശിഷ്ടങ്ങള്‍ ഉള്ളിലാക്കിയാല്‍ നിക്കോട്ടിന്‍ വിഷബാധയുണ്ടാകും.
3. മരുന്നുകള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയും അരുമകളുടെ കൈപ്പിടിയിലാകാതെ നോക്കണം.
4. കത്തിച്ച മെഴുകുതിരികള്‍, പൊട്ടിയതോ അല്ലാത്തതുമായ ഗ്ലാസ് കഷ്ണങ്ങള്‍, സേഫ്റ്റി പിന്നുകള്‍, സൂചി എന്നിവയും അപകടകരമാകും.
5. ടോയിലറ്റ് വൃത്തിയാക്കാനുപയോഗിക്കുന്ന ക്ഷാരരസമുള്ള ഡിറ്റര്‍ജന്റുകള്‍ രുചിക്കാന്‍ കിട്ടുന്ന അവസരം നായ്ക്കുഞ്ഞുങ്ങള്‍ മുതലാക്കാം. അതിനാല്‍ ടോയ്‌ലറ്റിന്റെ മൂടാത്ത ക്ലോസറ്റ് അപകടമുണ്ടാക്കും.
6. എവിടെയും മണത്തും, തിരഞ്ഞുമെത്തുന്ന നായ്ക്കുഞ്ഞുങ്ങള്‍ തുറന്നു കിടക്കുന്ന അലമാരകളിലും മറ്റും കയറിക്കൂടി, അവിടെ വിശ്രമിക്കുകയും, ഉടമ അലമാര പൂട്ടി സ്ഥലം വിടുന്നതും വലിയ സാധ്യതയാണ്.
7. പട്ടുണ്ണി, ചെള്ള്, പേന്‍ മുതലായ ബാഹ്യപരാദങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന മരുന്നുകള്‍ ഉള്ളില്‍ച്ചെല്ലുന്നത് അപകടമുണ്ടാകും.
8. എല്ലും, മീനിന്റെ മുള്ളും തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസമുണ്ടായി മരണം സംഭവിക്കാം.
9. വീടിനുള്ളിലും പുറത്തും വളര്‍ത്തുന്ന പല പൂച്ചെടികളിലും വിഷാംശമുണ്ടാകാമെന്ന് മനസിലാക്കുക. ഇവ നായ്ക്കുഞ്ഞുങ്ങള്‍ക്ക് അപ്രാപ്യമായി സൂക്ഷിക്കുക.
10. പാര്‍ക്ക് ചെയ്തിരിക്കുന്ന വണ്ടിയുടെ അടിയില്‍ വിശ്രമിക്കുന്ന നായ്ക്കുഞ്ഞുങ്ങളേയും പലപ്പോഴും കാത്തിരിക്കുന്നത് വലിയ അപകടമായിരിക്കും.
11. മനുഷ്യന്‍ ഉപയോഗിക്കുന്ന പല ഭക്ഷണ പദാര്‍ഥങ്ങളും നായ്ക്കള്‍ക്ക് നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീന്‍, അന്നജം, കൊഴുപ്പ്, വെള്ളം, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവയാണ് സമീകൃത തീറ്റയില്‍ ഉണ്ടാവേണ്ടത്. ഇവയിലോരോന്നും കുറയുന്നതും, കൂടുന്നതും പ്രശ്‌നമുണ്ടാക്കാം. അതിനാല്‍ പ്രായം, ശരീരഭാരം, വ്യായാമം തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്ത് തീറ്റയുടെ അളവും, തവണയും തീരുമാനിക്കണം.
12. മിശ്രഭുക്കുകളായ നായ്ക്കള്‍ക്ക് മാംസം, മത്സ്യം, പച്ചക്കറി, പഴം, ധാന്യങ്ങള്‍ എന്നിവ നല്‍കാം. പ്രോട്ടീന്‍ നല്ലതാണെങ്കിലും അധികമായാല്‍ വൃക്കകള്‍ക്ക് തകരാറുണ്ടാക്കുമെന്ന് മനസിലാക്കുക. വിപണിയില്‍നിന്ന് ലഭിക്കുന്ന നായ്ത്തീറ്റകള്‍ സമീകൃതമാണെങ്കിലും ഇവയും അമിതമായാല്‍ അനാരോഗ്യം തന്നെ ഫലം.
13. ചോക്കലേറ്റാണ് നായ്ക്കള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിലെ പ്രധാന വില്ലന്‍. സ്‌നേഹക്കൂടുതല്‍കൊണ്ട് നല്‍കുന്ന ചോക്ലേറ്റില്‍ അടങ്ങിയ തിയോബ്രോമിന്‍ എന്ന രാസപദാർഥം നായ്ക്കളില്‍ വിഷബാധയ്ക്കു കാരണമാകും. ഛര്‍ദി, വയറിളക്കം, അസിഡിറ്റി, അപസ്മാരം, ബോധക്ഷയം എന്നിവ പ്രധാന ലക്ഷണങ്ങള്‍. നായ്ക്കളുടെ ഹൃദയമിടിപ്പ് കൂട്ടുന്ന വിഷബാധ വൃക്കളേയും അപകടത്തിലാക്കാം. എത്രയും വേഗം ചികിത്സ നല്‍കണം.
14. വിഷബാധ, പക്ഷാഘാതം, മരണം എന്നിവയ്ക്ക് മദ്യം കലര്‍ന്ന പാനീയങ്ങള്‍ കാരണമാകും.
15. കാപ്പി, ചായ എന്നിവയിലടങ്ങിയിരിക്കുന്ന കഫീന്‍ ഹൃദയത്തേയും നാഡീവ്യൂഹത്തേയും അമിതമായി ഉത്തേജിപ്പിച്ച് ഛര്‍ദ്ദി, അസ്വസ്ഥത തുടങ്ങി മരണത്തിന് വരെ കാരണമാകും.
16. അമിതമായി നല്‍കുന്ന പാലുൽപന്നങ്ങള്‍ വയറിളക്കം, പാന്‍ക്രിയാസ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
17. പച്ചമുട്ടയുടെ വെള്ള ബയോട്ടിന്‍ എന്ന വിറ്റാമിന്റെ കുറവുണ്ടാക്കി രോമം പൊഴിയല്‍, ശരീരം മെലിയല്‍ എന്നിവയുണ്ടാക്കാം.
18. കരള്‍ കൂടുതല്‍ അളവില്‍ നല്‍കുന്നത് വിറ്റാമിന്‍ എയുടെ കുറവുണ്ടാക്കാം.
19. അതിമധുരമുള്ള ഭക്ഷണങ്ങള്‍ അമിതവണ്ണം, ദന്തക്ഷയം, പ്രമേഹം എന്നിവയുണ്ടാക്കാം.
20. പച്ചമീന്‍ അമിതമായി നല്‍കിയാല്‍ വിറ്റാമിന്‍ ബിയുടെ കുറവുണ്ടാകാം.
21. ചില കൂണുകളില്‍ വിഷാംശം ഉണ്ടാകാമെന്നതിനാല്‍ ശ്രദ്ധിക്കണം.
22. വീട്ടിലുള്ളവര്‍ ഉപയോഗിക്കുന്ന ഇരുമ്പു കലര്‍ന്ന വിറ്റാമിന്‍ മിശ്രിതങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കും.
23. ഉണക്കമുന്തിരിയാണ് നായ്ക്കളെ അപകടത്തിലാക്കുന്ന മറ്റൊരു വില്ലന്‍. വായില്‍നിന്നു നുരയും പതയും, ഛര്‍ദ്ദി, വയറുവേദന, വിശപ്പില്ലായ്മ, വയറിളക്കം, ക്ഷീണം എന്നിവ ഉടന്‍ കാണിക്കുന്ന ലക്ഷണങ്ങളാണെങ്കില്‍ അതികഠിന രോഗബാധയില്‍ വൃക്കയും തകരാറിലാക്കും.
24. സവാള, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ പച്ചയായോ, വേവിച്ചോ കഴിച്ചാല്‍ രക്തത്തിലെ ചുവന്ന കോശങ്ങള്‍ നശിക്കുകയും വിളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യും. അമിതമായ അളവ് മഞ്ഞപ്പിത്തതിന് കാരണമാകും. ഉള്ളി അധികമുള്ള ഗാര്‍ലിക് ചിക്കന്‍ പോലുള്ളവ സൂക്ഷിച്ച് നല്‍കുക.
25. പുല്ല് ഭക്ഷിക്കുന്നത് നായ്ക്കളുടെ സ്വഭാവമാണ്. എന്നാല്‍ ഫ്ലാറ്റുകളിലും, വില്ലകളിലും അവര്‍ക്ക് പലപ്പോഴും ലഭിക്കുക ഉടമസ്ഥന്‍ വച്ചുപിടിപ്പിച്ച മണിപ്ലാന്റോ അലങ്കാര ചേമ്പോ അലങ്കാര പനകളോ ചുവന്ന കായ്കളോ മറ്റോ ആയിരിക്കും. കാത്സ്യം ഓക്‌സലേറ്റ് അധികമുള്ള ഇവ പ്രശ്‌നമുണ്ടാക്കുന്നതാണ്.