മലാലയുടെ കുഞ്ഞനുജത്തിക്ക് – സുരേഷ് നാരായണൻ എഴുതിയ കവിത

Mail This Article
നിനക്കില്ല സൂര്യൻ
നിനക്കില്ല ചന്ദ്രൻ
നിനക്കില്ല താരകൾ
നിനക്കില്ലയൊന്നുമേ.
പേനകൾ കുഴലുകളായി മാറും,
തിരകൾ, പുകകൾ വമിച്ചൊടുങ്ങും.
കാലങ്ങൾ പുറകോട്ടു കുതിച്ചു പായും,
ഹിംസതൻ തെരുവിലൂടാർത്തിരമ്പും !
മകളേ, മലാലേ
നീയെങ്ങു പോയി?
അനുജത്തിയാർത്തു കരഞ്ഞിടുന്നു.
ബുർഖകൾ കണ്ണുകൾ മൂടിടുമ്പോൾ ,
തീയിൽ ശലഭങ്ങളെരിഞ്ഞിടുന്നു!
വെടിയേറ്റു വീഴുന്ന വസന്തകാലം
വിധിതൻ താളുകൾ കവർന്നീടുന്നു ;
ഇനിയില്ല ചിരികൾ, ഇനിയില്ല കളികൾ
ഗന്ധകം, അതുതന്റെ ഗന്ധം മാത്രം!
ഗന്ധകം, അതുതന്റെ ഗന്ധം മാത്രം!
പാരായ ഭൂമി, പാഴായ് ധരിത്രി
പാപനൃത്തങ്ങൾ തൻ മാപ്പുസാക്ഷി;
മൂടിയഴിച്ചീടുക നീ
മുച്ചൂടും മുടിക്കുക നീ !
മൂടുക നീ നിൻ പുത്രിമാരെ
ഇരുളാം പുതപ്പിട്ടു കാത്തുകൊൾക.
നേരങ്ങൾ , കാലങ്ങളഴിഞ്ഞു പോകും,
നറുമുല്ലമൊട്ടുകൾ* പിറവികൊള്ളും !
ഒരുനാൾ മൃദുലേ നിൻ പടുവഴികൾ
ആയിരം കൃഷ്ണമാർ* കീഴടക്കും !
ബുർഖകൾ അഗ്നിയിൽ എരിഞ്ഞമരും,
കൂന്തൽച്ചിറകായ് പറന്നുയരും !
അവരന്ത്യ കർമ്മങ്ങൾ ചെയ്യുന്നേരം
പാപം മുറ്റിയ രക്തമല്പം
‘അബല’*മാം ആത്മാക്കൾക്കിറ്റിച്ചോളൂ,
തിന്മതന്നീയൽ പറവകളേ !
(*മുല്ലപ്പൂ വിപ്ലവം)
(*ദ്രൗപതിയുടെ പ്രതികാരം)
(*വിരുദ്ധോക്തി)
Content Summary: Malalayude Kunjanujathikku, Malayalam poem written by Suresh Narayanan