അവളുടെ ഏകാന്തത കഠിനമായിരുന്നു, അവളും ആകാശവും കടലും മാത്രം!
Mail This Article
രാത്രി.
ഉപ്പുമെത്ത.
ഉപ്പുകാറ്റ്.
ആദോ, നക്ഷത്രങ്ങളുടെ ആഴം ഞാനറിയുന്നു. നിന്റെ ദൈവം ഇനിയും മാനത്തുദിച്ചിട്ടില്ല. എന്റെ ദൈവമോ എന്നെ കൈവിട്ടിരിക്കുന്നു. എന്നെ വെറുക്കുന്നവരിൽ അവൻ മുമ്പനായിരിക്കുന്നു. അവനെന്നെ വിരൽപിടിച്ചു കൂട്ടിക്കൊണ്ടുപോയി ദുരിതക്കയത്തിൽ തള്ളിയിട്ടു. ഓരോ തവണ ഞാൻ എഴുന്നേറ്റു വരുമ്പോഴും അവൻ അടുത്ത കെണി എനിക്കുവേണ്ടി ഒരുക്കിവച്ചു.
ലോത്തിന്റെ ഉള്ളുനൊന്ത വിലാപം കാലവും ദേശവും കടന്ന് തലമുറകളിലൂടെ ആധുനിക നാഗരികന്റെ ഉള്ളിൽ നിന്നും പുറപ്പെടുന്നു. നിരാധാരമായി. നിസ്സഹായമായി. നിസ്സീമമായി. അതു നിസ്സംഗം കേട്ടിരിക്കുകയാണോ ദൈവം!
നൻമയും തിൻമയും തമ്മിലുള്ള യുദ്ധത്തിലെ പ്രപഞ്ചനീതിയെക്കുറിച്ചുള്ള അവസാനിക്കാത്ത ആകുലത ഇതിഹാസ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുകയാണ് കറ എന്ന നോവലിൽ സാറാ ജോസഫ്. മാജിക്കൽ റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യ എപ്പിക് നോവൽ കൂടിയാണിത്.
ദൈവവും മനുഷ്യനും തമ്മിലുള്ള ജീവിതം എന്ന ഉടമ്പടി. സത്യത്തെയും നീതിയെയും സദാചാരത്തെക്കുറിച്ചുമുള്ള ബോധം. പാപത്തെയും പുണ്യത്തെയും കുറിച്ചുള്ള അറിവ്. ശിക്ഷയെക്കുറിച്ചുള്ള ഭയം. എല്ലാമുണ്ടായിട്ടും എല്ലാരുമുണ്ടായിട്ടും അവസാനം തനിച്ച്, അന്ത്യവിധിക്കുവേണ്ടിയുള്ള കാത്തിരിപ്പ്.
ഉടമ്പടി പാലിച്ചാലും ലംഘിച്ചാലും മുഖാമുഖം ഒഴിവാക്കാനാവില്ല. എന്നിട്ടും എന്നോട് എന്തിനിങ്ങനെ ചെയ്യുന്നെന്ന സംശയം. പ്രിയപ്പെട്ടവനായിട്ടും എന്തിന് ഉപേക്ഷിച്ചെന്ന ആശങ്ക.
പാപക്കയം നീന്തിയല്ലാതെ ഇവിടെ എത്തിനാവില്ലെന്നും അതും നീ തന്ന സമ്മാനമായിരുന്നില്ലേ എന്ന ചോദ്യം. കാത്തിരിക്കുന്നത് അവന്റെ മറുപടിക്കുവേണ്ടിയാണ്.
കണ്ണു തുറക്കുക. ഞാൻ കാണിച്ചുതരുന്ന കാഴ്ചകൾ കാണുക. അവ സത്യമാകുന്നു. അവ സംഭവിക്കാനിരിക്കുന്നു... ഗുഹാഭിത്തികൾ വിറച്ചു. കല്ലുകൾ കർത്താവിന്റെ സ്വരം കേട്ടു. അവൻ ഭയന്നു.
നീതിമാനേ ഭയപ്പെടരുത്. ഇത് ഞാനാകുന്നു. വേദനകളെ പൊറുപ്പിക്കുന്ന ദൈവം.
ലോത്തിന്റെ ഭാര്യ ഈഡിത്ത് എന്തിനാണു തിരിഞ്ഞുനോക്കിയത്. ഇതിഹാസ കഥയിലും ഇതേ അനുയാത്രയുണ്ടല്ലോ. അഞ്ചുപേരുണ്ടായിട്ടും ഒരാളെ മാത്രം സ്നേഹിച്ചു. എന്നിട്ടും അവൻ പോലും തിരിഞ്ഞുനോക്കാതെ നടന്നുപോയ മഹാപ്രസ്ഥാനം. അതൊരു പരീക്ഷണമാണ്. സ്വാർഥതയെക്കുറിച്ചുള്ള ഏറ്റവും കഠിനമായ പരീക്ഷണം. മുന്നോട്ട്. കാത്തിരിക്കുന്ന താഴ്‌വരകളിലേക്ക്. സമ്പത്തിലേക്ക്. പ്രതാപത്തിലേക്കും ഐശ്വര്യത്തിലേക്കും. നിലവിളികൾ കേട്ടേക്കാം. അതോ തോന്നൽ മാത്രമാണോ. ജീവന്റെ ഭാഗമായിരുന്നതെല്ലാം പൊടിഞ്ഞുതകരുന്നുണ്ടാകും. അഗ്നിഗോളമായി ഉയരുന്നുണ്ടാകും. നോക്കരുത്. കൈപിടിച്ച് കൂടെയുള്ളവർ ആരൊക്കെയെന്ന് ആരായരുത്. അവശേഷിക്കുന്നവർ ആരൊക്കെയെന്നും. ഒറ്റയ്ക്കാണെങ്കിൽപ്പോലും നടക്കുക. തിരിഞ്ഞുനോക്കാൻ ഒരു തോന്നൽ പോലും ഇല്ലാത്തവരും അക്കൂട്ടത്തിൽക്കാണും. തിരിഞ്ഞുനോക്കിയാലും ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽപ്പോലും നോക്കാത്തവരും. മുന്നോട്ടുതന്നെ. ഈഡിത്തിന് അതു കഴിയുമായിരുന്നില്ല. അതെന്തുകൊണ്ട് എന്ന ചോദ്യത്തിലുണ്ട് സ്നേഹദുഃഖത്തിന്റെ ഉത്തരം. വേർപാടിന്റെ ശമിക്കാത്ത വേദന. ഹൃദയം മിടിച്ചുതീരുന്നതിന്റെ രഹസ്യം. എല്ലാവരും ഒരുപോലെയല്ലെന്ന തിരിച്ചറിവ്. ഉള്ള് നൊന്തുപിടയുന്നവർക്ക് നോക്കാതിരിക്കാൻ ആവില്ല. അവർ സാക്ഷികളാകുന്നു. കാലത്തിന്റെ, സാഗരത്തിന്റെ, സംസാരത്തിന്റെ അനന്തസാക്ഷികൾ.
വീഞ്ഞ് കുടിച്ചു മയങ്ങിപ്പോയ ആ ദിവസത്തെക്കുറിച്ചുള്ള ലോത്തിന്റെ ഓർമയാണ് മറ്റൊന്ന്. എന്നാൽ, അതിനും മുമ്പേ അയാൾ പാപത്തിന്റെ കനി തിന്നിരുന്നല്ലോ. പ്രായശ്ചിത്തമില്ലാത്ത തെറ്റ് ചെയ്തിരുന്നല്ലോ. ഭാര്യയെ സഹോദരിയെന്ന് പരിചയപ്പെടുത്തി ഫറവോയുടെ കിടപ്പറയിലേക്ക് പറഞ്ഞയച്ചവൻ. എന്തിന്? ജീവിച്ചിരുന്ന് തലമുറകളുടെ സൃഷ്ടിയുടെ കാരണമാകാൻ. ഒരിക്കലല്ല. രണ്ടുവട്ടം. ഒരേ തെറ്റ് രണ്ടുവട്ടം ചെയ്തു. ഭാര്യ അതു ചോദ്യം ചെയ്തപ്പോൾ നിശ്ശബ്ദനായി. ആ മൗനത്തിലുണ്ട് ജീവിതരതി. അതേ തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ചോദ്യങ്ങൾക്കു മുന്നിൽ വീണ്ടും മൗനം തന്നെ. അവനെവിടെ എന്നു ചോദിക്കുമ്പോഴും അവളെവിടെ എന്നു ചോദിക്കുമ്പോഴും ഞാൻ അവന്റെ കാവലാളോ എന്ന നിഷകളങ്കത!
വിലക്കപ്പെട്ട നഗ്നത കണ്ടപ്പോൾ മുഖം മാറ്റാത്തവൻ. അതേ കാഴ്ചയ്ക്കു വേണ്ടി വീണ്ടും കൊതിച്ചവൻ. അതിന്റെ കൂടി സ്വാഭാവിക പരിണാമമായിരുന്നല്ലോ വിലക്കപ്പെട്ട വേഴ്ചകളും ലാളിക്കാത്ത കുട്ടികളും. മിഹാൽ. ലേയ. പിതാവിനെ പാപത്തിന്റെ കിടക്കയിലേക്കു ക്ഷണിച്ച അതേ പെൺകുട്ടികൾ പിന്നീട് വംശ ശുദ്ധിയുടെ കടയ്ക്കലും കത്തിവയ്ക്കുന്നു. എല്ലാം നൈരന്തര്യത്തിനുവേണ്ടി. ഒഴുക്ക് നിലയ്ക്കാതിരിക്കാൻ. പുണ്യത്തിന്റെ പടി ഒരു വട്ടം കയറി, പാപത്തിന്റെ പടിയിലൂടെ രണ്ടുവട്ടം താഴേക്കിറങ്ങി, വീണ്ടും...
തന്നെ കാത്തിരിക്കുകയായിരുന്ന ജനാവലിയെ കണ്ട് ആ യുവാവ് മലമുകളിലേക്കു കയറി. അവൻ അവരോട് സംസാരിക്കാൻ തുടങ്ങി. ജനക്കൂട്ടത്തിനിടയിൽ ലോത്തും ഒരു സ്രോതാവായിരുന്നു. ആ യുവാവിന്റെ മുഖത്തു നിന്ന് കണ്ണെടുക്കാൻ ലോത്തിനു കഴിഞ്ഞില്ല. അവനെ കേൾക്കുന്തോറും അവന്റെ കണ്ണുകൾ കവിഞ്ഞൊഴുകാൻ തുടങ്ങി.
സ്നേഹിക്കുവിൻ..അവൻ പറഞ്ഞു. അവന്റെ ശബ്ദം പ്രകാശരശ്മികൾക്കു തുല്യം. ആളുകൾ അവന്റെ വാക്കുകൾക്കായി ദാഹിച്ചു.
കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്ന് നിങ്ങൾ ഗ്രഹിച്ചിട്ടുണ്ടാവും. എന്നാൽ ഞാൻ പറയുന്നു, അതു തള്ളിക്കളയുക. സ്നേഹിക്കുവിൻ. ശത്രുവിനെയും സ്നേഹിക്കുവിൻ. ആകുലപ്പെടുന്നതുകൊണ്ട് തന്റെ ജീവിത കാലയളവിനോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും..?