കാലം കഥ കൂട്ടിച്ചേർത്ത ദുരൂഹത
Mail This Article
ആദിമധ്യാന്തങ്ങൾ കൃത്യതയുള്ളത് ആകുമ്പോഴാണ് ഒരു നോവൽ അതിന്റെ രൂപശില്പത്തിൽ പൂർണത നേടുന്നത്. എന്നാൽ പാതിയുടലുള്ള ഒരു നോവലിന്റെ രൂപഭംഗിയാണ് ചാൾസ് ഡിക്കൻസിന്റെ ‘ദ് മിസ്റ്ററി ഓഫ് എഡ്വിൻ ഡ്രൂഡ്’ എന്ന കൃതിയുടേത്. എഴുത്തുകാരന്റെ അപ്രതീക്ഷിത മരണം മൂലം എഴുതിപൂർത്തിയാക്കാതെപോയ ആ നോവലിനെ കാലം, കഥ കൂട്ടിച്ചേർത്ത് പൂരിപ്പിക്കുകയാണുണ്ടായത്.
വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ നോവലിസ്റ്റ് ആരെന്നതിന് തർക്കമില്ലാത്ത ഉത്തരമാണ് ചാൾസ് ഡിക്കൻസ് എന്ന പേര്. പിക്ക് വിക് പേപ്പേഴ്സിൽ തുടങ്ങി മരണത്തിന് ഒരു ദിവസം മുൻപു വരെ സജീവമായിരുന്നു ഡിക്കൻസിന്റെ എഴുത്തുമേശ.
ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്, ഒലിവർ ട്വിസ്റ്റ്, ക്രിസ്മസ് കരോൾ, നിക്കോളാസ് നിക്കൽബി, ഡേവിഡ് കോപ്പർഫീൽഡ്, എ ടെയ്ൽ ഓഫ് ടു സിറ്റീസ് എന്നിങ്ങനെ പോകുന്നു ലോകമൊരിക്കലും മറക്കാനിടയില്ലാത്ത ഡിക്കൻസ് കൃതികൾ. പ്രശസ്തരായ പല കഥാപാത്രങ്ങളുടെയും ജീവിതം നോവലിനൊപ്പം അവസാനിപ്പിച്ചിട്ടുണ്ട് ചാൾസ് ഡിക്കൻസ്. ഗ്രേറ്റ് എക്സ്പെക്റ്റേഷൻസിലെ മിസ് ഹവിഷാം ഒടുവിൽ അഗ്നിക്കിരയാകുന്നു. എ ടെയ്ൽ ഓഫ് ടു സിറ്റീസിലെ സിഡ്നി കാർട്ടണിന്റെ മരണം ഗില്ലറ്റിനിൽ ശിരച്ഛേദം ചെയ്യപ്പെട്ടാണ്. പക്ഷേ ദ് മിസ്റ്ററി ഓഫ് എഡ്വിൻ ഡ്രൂഡ് എന്ന നോവലിലെ എഡ്വിൻ ഡ്രൂഡ് എന്ന കഥാപാത്രത്തിനു മാത്രം എന്തുപറ്റിയെന്ന് ഒന്നര പതിറ്റാണ്ടിനിപ്പുറവും ആർക്കുമറിയില്ല. നോവലിന്റെ പേരുപോലെ തന്നെ അതൊരു നിഗൂഢതയായി തുടരുന്നു.
1870 ൽ ആണ് ഡിക്കൻസ് ഈ നോവൽ എഴുതിത്തുടങ്ങുന്നത്. മാസത്തിൽ ഒരു ഭാഗം വച്ച് പന്ത്രണ്ടു ഭാഗങ്ങളായി എഴുതിത്തീർക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷേ ഇതേ വർഷം ജൂൺ എട്ടിന് ഡിക്കൻസിന് മസ്തിഷ്കാഘാതം ഉണ്ടാവുകയും തൊട്ടടുത്ത ദിവസം അദ്ദേഹം മരിക്കുകയും ചെയ്തു. അപ്പോൾ നോവൽ 6 അധ്യായങ്ങൾ മാത്രമേ പൂർത്തിയായിരുന്നുള്ളു. പന്ത്രണ്ട് ഭാഗങ്ങൾ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്നു എങ്കിലും മൂന്നെണ്ണം മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്. തുടർന്നുള്ള മൂന്നെണ്ണത്തിന്റെ കയ്യെഴുത്തു പ്രതിയും തയ്യാറായിരുന്നു. ഇതുൾപ്പടെ ആണ് ആറ് അധ്യായങ്ങൾ.
എഡ്വിൻ ഡ്രൂഡ് എന്ന സാധാരണക്കാരനായ ഒരു മനുഷ്യന്റെ പെട്ടെന്നുള്ള തിരോധാനവും അതേച്ചൊല്ലി ക്ലോയിസ്റ്റർഹാം എന്ന സാങ്കൽപിക നഗരത്തിലുണ്ടാകുന്ന അഭ്യൂഹങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. പലരും സംശയത്തിന്റെ നിഴലിലാണ്. ഡ്രൂഡിന്റെ കാമുകി റോസ ബഡ്, അസൂയാലുവായ ബന്ധു ജോൺ ജാസ്പർ, നെവിൽ ലാൻഡ്‌ലെസ്, ഹെലന ലാൻഡ്‌ലെസ് എന്നീ ഇരട്ട സഹോദരിമാർ അങ്ങനെ പലരും.
ഡിക്കൻസ് പതിവായി ചെയ്യുന്നതു പോലെ നോവലിന്റെ കഥാഗതി നോട്ടായി കുറിച്ചിട്ടിരുന്നുമില്ല. അതുകൊണ്ടുതന്നെ ഡ്രൂഡ് മരിച്ചുവോ, അങ്ങനെയെങ്കിൽ കൊന്നതാര് എന്നതും ഡ്രൂഡിനെ കാണാതായി ആറുമാസത്തിനു ശേഷം നഗരത്തിൽ പ്രത്യക്ഷപ്പെടുന്ന ഡിക് ഡാച്ചെറി എന്ന ഡിറ്റക്ടീവ് സത്യത്തിൽ ആരാണെന്നതും ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു.
അമ്മാവൻ അനന്തരവനെ കൊല്ലുന്ന കഥയാണ് ഡ്രൂസിന്റേത് എന്ന് ഡിക്കൻസ് തന്നെ പറഞ്ഞതായി ഡിക്കൻസിന്റെ ജീവചരിത്രത്തിൽ ജോൺ ഫോഴ്സ്റ്റർ പറയുന്നു. ഇത്തരത്തിൽ ജോൺ ജാസ്പർ തന്നെയാവാം കൊലയാളി എന്ന് ഡിക്കൻസിന്റെ മകനായ ചാൾസ് ജൂനിയർ പറഞ്ഞിട്ടുണ്ട്. ദ് മിസ്റ്ററി ഓഫ് എഡ്വിൻ ഡ്രൂഡ് പാതി വഴിയിൽ നിന്നുപോയ ശേഷം പലരും അത് പൂർത്തിയാക്കാൻ ശ്രമിച്ചു. ഹെൻറി മോർഫോർഡ് എഴുതിയ തുടർച്ചയിൽ ഡ്രൂഡ് മരിച്ചിട്ടില്ല എന്നാണ്. ഡ്രൂഡിന് എന്തു സംഭവിച്ചു എന്നന്വേഷിക്കുന്ന റേഡിയോ, ടിവി പരിപാടികളും, എന്തിന്, ലണ്ടനിൽ ജോൺ ജാസ്പറിന്റെ പ്രതീകാത്മക വിചാരണ വരെ നടന്നു. വിചാരണയിൽ ജ്യൂറി ഫോർമാനായി അരങ്ങത്ത് എത്തിയത് ജോർജ് ബർണാഡ്ഷായും ജഡ്ജിയായത് ജി.കെ. ചെസ്റ്റർട്ടണും ആയിരുന്നു. എല്ലാവരും കുറ്റക്കാർ എന്നായിരുന്നു വിധി.
തികച്ചും സാങ്കൽപികങ്ങളായ കഥകളെയും കഥാപാത്രങ്ങളെയും വായനക്കാർ യഥാർഥ്യം എന്നവണ്ണം ഏറ്റെടുക്കുന്നതെങ്ങനെ എന്നതിന് ഡ്രൂഡിന്റെ നിഗൂഢത ചുരുളഴിക്കാനുള്ള ഈ ശ്രമങ്ങൾ സാക്ഷ്യം പറയുന്നു. പിനാ കൊളാഡാ സോങ് വഴി പ്രശസ്തനായ സംഗീതജ്ഞൻ റുപേർട്ട് ഹോംസ് ഡ്രൂഡിൽനിന്ന് പ്രചോദിതനായി 1985 ൽ ഒരു ബ്രോഡ് വേ സംഗീത നാടക ആവിഷ്കാരം തയാറാക്കി. അവസാനം എങ്ങനെയായിരിക്കണം എന്നത് കാഴ്ചക്കാർക്ക് വിട്ടു കൊടുക്കുന്ന നാടകം എന്ന നിലയിൽ അത് ഏറെ സ്വീകരിക്കപ്പെടുകയും ചെയ്തു. പതിനൊന്ന് ടോണി നോമിനേഷനുകളും മികച്ച സംഗീത ശിൽപത്തിനുള്ളത് ഉൾപ്പെടെ അഞ്ച് അവാർഡുകളും ഡ്രൂഡിന് ലഭിച്ചു.
2012 ൽ ബിബിസി ഈ നോവൽ ടെലി സീരീസാക്കി. 2015 ൽ യൂണിവേഴ്സിറ്റി ഓഫ് ബക്കിങ്ങാം പൊതുജന പങ്കാളിത്തമുള്ള ഒരു പ്രോജക്ടായി ഡ്രൂഡ് വിഷയം ഏറ്റെടുത്തു. പതിനയ്യായിരത്തോളം പേരുടെ അഭിപ്രായം സമന്വയിപ്പിച്ച്, ജോൺ ജാസ്പർ അനന്തിരവനായ ഡ്രൂഡിനെ കൊന്നതു തന്നെ എന്ന തീരുമാനത്തിലെത്തി.
എഴുതിത്തീർത്തിരുന്നു എങ്കിൽ ഏറെ വായിക്കപ്പെട്ടേക്കാമായിരുന്നു എന്നതിലുപരി, ഇത്ര സംഭവ ബഹുലമായ പിൽക്കാല ചരിത്രം ഈ നോവലിന് ഉണ്ടാകുമായിരുന്നില്ല. തനിക്ക് കഴിയാതെ പോയത് കൃത്യമായി ചെയ്ത ഭാവികാലത്തെ നോക്കി തൃപ്തനായിട്ടുണ്ടാകാം ഡിക്കൻസിന്റെ ആത്മാവ്. അതോ ഇതുവരെ ആരും മനസ്സിൽ പോലും കരുതാത്ത ഒരു അവസാനം തനിക്കു മാത്രം അറിയാമായിരുന്നു എന്നതോർത്ത് ചിരിക്കുകയാവുമോ?
English Summary : Who completed the Mystery of Edwin Drood?