ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സമ്പൂർണമായും ഉദ്ധരണികളാൽ ഒരു പുസ്തകമെഴുതാൻ കഴിയുമോ? അങ്ങനെയെങ്കിൽ ആ പുസ്തകം ആരുടേതാകും, എഴുതിയ നീയാണോ നീ ഉദ്ധരിക്കുന്ന നൂറുകണക്കിന് എഴുത്തുകാർ ആണോ ആ കൃതിയുടെ കർത്താവ്? ഫൂക്കോയുടെ പ്രഭാഷണങ്ങളിൽ കടന്നുവരുന്ന ഉദ്ധരണികൾ വേർതിരിച്ചെടുക്കുക പ്രയാസകരമാണ്. സ്രോതസ്സുകൾ കണ്ടെത്തുക എളുപ്പമല്ല. അതുകൊണ്ടാകും ഒരിക്കൽ ഫൂക്കോ എഴുതിയത്: ദെയർ ഈസ് നതിങ് ഒറിജിനൽ ഇൻ ദിസ് ബുക്. 

 

ഉദ്ധരണികൾ എന്താണെന്നു പറയാം. ഉദാഹരണത്തിന്, മഹാബലിപുരത്തേക്കു പോയതിന്റെ അനുഭവം ഒരു പുസ്തകമായി നീയെഴുതുന്നു. അതിൽ ഓരോ താളിലും, ഉദാഹരണത്തിന്, ഒരു യാത്രയും നടത്തിയിട്ടില്ലാത്ത ഒരാളുടെ അനുഭവമോ വിചാരങ്ങളോ ഒക്കെ എടുത്തെഴുതാൻ കഴിയുമെങ്കിൽ എത്ര രസമായേനെ. യാത്രയെപ്പറ്റിയുള്ള എഴുത്തിൽ യാത്രയുടെ നിരാകരണം വന്നുനില്ക്കുക. അതു കൗതുകകരമല്ലേ.

 

ഓഷോയുടെ പ്രഭാഷണങ്ങളിലെ പ്രധാന രസം അദ്ദേഹം ഇടയ്ക്കിടെ പറയുന്ന തമാശക്കഥകളാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഒരാൾ മുല്ലാ നസിറുദ്ദീനാണ്. പ്രഭാഷണത്തിനിടെ ഒരു പുഞ്ചിരി പ്രസരിപ്പിക്കുകയായിരുന്നു ഓഷോയുടെ ഉദ്ദേശ്യം. ഒരിക്കൽ മുല്ലാ നസിറുദ്ദീൻ തെരുവിലൂടെ നടന്നുപോകുമ്പോൾ ദൂരേന്നു വരുന്ന ഒരാളെക്കണ്ടുനിന്നു. മുല്ലാ അയാളിൽനിന്നു കടം വാങ്ങിയത് ഇനിയും മടക്കിക്കൊടുത്തിട്ടില്ല. 

leo-tolstoy-and-anton-chekov-01
ലിയോ ടോൾസ്റ്റോയി, ആന്റോൺ ചെക്കോവ്

 

വഴി മാറിപ്പോകാൻ ഒരു നിവൃത്തിയുമില്ല. മുല്ലാ അവിടെത്തന്നെ കുഴഞ്ഞുവീണു മരിച്ച പോലെ കിടന്നു. ആളുകളെല്ലാം കൂടി. കടം കൊടുത്തയാളും എത്തിനോക്കി. അയാളും സങ്കടപ്പെട്ടു. മുല്ലായുടെ വീട്ടിലേക്കു മയ്യിത്ത് കൊണ്ടുപോകാനായി ഒരു മഞ്ചൽ കൊണ്ടുവന്നു. മുല്ലായെ അതിൽകിടത്തി വീട്ടിലേക്കു പോകുകയാണ്. ഒരു മുക്കവലയിൽ എത്തിയപ്പോൾ എവിടേക്കു തിരിയണമെന്ന കാര്യത്തിൽ ആളുകൾ തമ്മിൽ തർക്കമായി. തർക്കം നീണ്ടുപോയതോടെ  മഞ്ചലിൽ കിടന്ന മുല്ലാ അക്ഷമനായി എഴുന്നേറ്റു. എന്നിട്ടു ആളുകളോട് പറഞ്ഞു- തർക്കം മതിയാക്കൂ, എന്റെ വീട്ടിലേക്കുള്ള വഴി എനിക്കറിയാം!

 

 

tagore-01
രവീന്ദ്രനാഥ ടാഗോർ

മൗനം അണിയാൻ നിർബന്ധിതരായാലും എപ്പോഴെങ്കിലും സ്വരമുയർത്തിപ്പോകാത്ത മനുഷ്യരുണ്ടോ. ഏറ്റവും മൗനിയായ വായനക്കാരനെയും സ്വരനിർഭരമാക്കാൻ ശേഷിയുള്ള ചില സന്ദർഭങ്ങൾ വരാറുണ്ട്. അപ്പോഴാണു താൻ വായിച്ചതിനെപ്പറ്റി ആരോടെങ്കിലും പറയണമെന്ന് അയാൾക്കു തോന്നുന്നത്. ഭൂതാവിഷ്ടർ എന്ന പേരിൽ മലയാളത്തിലേക്ക് എൻ.കെ. ദാമോദരൻ വിവർത്തനം ചെയ്ത ദെസ്തോവസ്കിയുടെ നോവൽ ഞാൻ കോളജിൽ പഠിക്കുന്ന കാലത്തു വലിയ വർത്തമാനങ്ങൾ ഉണ്ടാക്കിയിരുന്നു. ബ്രദേഴ്സ് കാരമസോവ് വായിച്ചപ്പോഴാണ് ദെസ്തോവസ്കിയുടെയും ടോൾസ്റ്റോയിയുടെയും ഒക്കെ ഭാവനാലോകത്ത് ക്രൈസ്തവദർശനങ്ങൾക്കുള്ള വലിയ സ്ഥാനം തിരിച്ചറിഞ്ഞത്. 

 

ദെസ്തോവസ്കിയിൽ, ഒരാളിൽത്തന്നെ വിശ്വാസവും അവിശ്വാസവും ഏറ്റുമുട്ടുന്നതിന്റെ പ്രതിസന്ധിയാണു കാണുക. അത്യധികമായ ലൈംഗിക തൃഷ്ണ തന്റെ ആത്മാവിനെ ദുഷിപ്പിക്കുന്നു എന്നു ചിന്തിച്ച്, സംഗീതവും സാഹിത്യവുമെല്ലാം മനുഷ്യനെ കളങ്കിതമാക്കുകയാണു ചെയ്യുന്നത്, അത് സത്യമാർഗത്തിൽനിന്നു നമ്മെ അകറ്റുവെന്ന സിദ്ധാന്തത്തിലേക്കാണ് ടോൾസ്റ്റോയി ഒടുവിൽ എത്തിയത്. ഇത്തരത്തിൽ അമ്പരിപ്പിക്കുന്ന വിശ്വാസപ്രശ്നങ്ങൾ കൃതിക്കും കർത്താവിനുമിടയിൽ വന്നുനിൽക്കാറുണ്ട്. നമ്മുടെ ആലോചനകളിൽ അതിനാൽ ഈ വിശ്വാസപ്രശ്നം ഇടയ്ക്കിടെ കടന്നുവരും. ഏതെങ്കിലും പ്രത്യയശാസ്ത്രത്തിൽ  മൗലികവാദിയായ ഒരാൾക്കു നല്ല ഫിക്‌ഷൻ എഴുതാനാകുമോ, കഥയെ അയാളുടെ വിശ്വാസം കൂച്ചുവിലങ്ങിടില്ലേ എന്നാണു പൊതുവേ ഉയരാറുള്ള സംശയം. 

olga-tokarczuk-01
ഓൾഗ തൊകാർച്ചൂക്ക്

 

ഹിന്ദുത്വ രാഷ്ട്രീയ പക്ഷത്തു നിന്നുവെന്നതിനാൽ അക്കിത്തം എഴുതുന്ന കവിതകൾ ഈ ആശയങ്ങൾക്കു പുറത്താണോ അകത്താണോ എന്നു വായനക്കാർ ചോദിക്കുന്നു. വലിയ എഴുത്തുകാരുടെ വിശ്വാസപ്രമാണങ്ങൾ  അവരുടെ സർഗരചനകളുടെ എതിരെ വരാറുണ്ട്. കടുത്ത ജൂതവിരുദ്ധത പരസ്യമായി പ്രകടിപ്പിച്ചിരുന്ന ആന്റോൺ ചെക്കോവിനെ എടുക്കുക. അദ്ദേഹത്തിന്റെ കഥകളിലോ നാടകങ്ങളിലോ ഈ ജൂതവിരുദ്ധത വന്നിട്ടില്ല. എങ്കിലും നാത്‌സികൾ പ്രോത്സാഹിപ്പിച്ച എഴുത്തുകാരിലൊരാൾ ചെക്കോവായിരുന്നു. 

 

എനിക്കിഷ്ടപ്പെട്ട അമേരിക്കൻ എഴുത്തുകാരിയാണു ഫ്ലാനറി ഒ കോണർ. ചെറുപ്പത്തിലേ മരിച്ചുപോയി. അമേരിക്കയിലെ ജോർജിയ ആയിരുന്നു കോണറിന്റെ ജന്മദേശം. കോണർ പഠിക്കുന്ന കാലത്ത് കുറച്ചു കഥകളുമായി ന്യൂയോർക്കിൽ ഒരു എഡിറ്ററുടെ അടുക്കൽ പോയി. കോണറുടെ ഇംഗ്ലിഷ് കേട്ടിട്ട് അയാൾക്ക് ഒരക്ഷരം മനസ്സിലായില്ല. ഒടുവിൽ കോണർ ഒരു കടലാസ്സിൽ തനിക്കു പറയാനുള്ളത് എഴുതി നൽകുകയായിരുന്നു. 

 

മനുഷ്യരിലെ അക്രമവാസനകളാണു കോണറുടെ പ്രധാനവിഷയം. കോണറുടെ ഡയറികൾ, അവരുടെ മരണശേഷം ‘ദ് ഹാബിറ്റ് ഓഫ് ബീയിങ്’ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ ഒരിടത്ത് ഇങ്ങനെ വായിക്കാം- ‘സാധാരണ പറയാറുണ്ട് ഒന്നിലും വിശ്വസിക്കാത്തവർക്കാണു നല്ല കാഴ്ചയുണ്ടാകുക എന്ന്. എന്നാൽ ഒരു മൈക്രോസ്കോപിനു കീഴെ കോശങ്ങൾ സൂക്ഷ്മപരിശോധന നടത്തുന്ന ആളുടെ കാര്യത്തിൽ ഇതു ഗുണം ചെയ്തേക്കും. നിങ്ങൾ ഫിക്‌ഷൻ എഴുതുകയാണെങ്കിൽ പ്രയോജനപ്പെടുകയില്ല. ഫിക്‌ഷൻ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒന്നിലും വിശ്വസിക്കാതിരിക്കുക എന്നാൽ ഒന്നും കാണാതിരിക്കുക എന്നാണർഥം.’

 

എഴുത്തുകാരനിലെയും കലാകാരനിലെയും രാഷ്ട്രീയപ്രകാശനം അയാളുടെ രചനകളിൽ സംഭവിച്ചുകൊള്ളമെന്നില്ല. ടി.എം. കൃഷ്ണ തന്റെ രാഷ്ട്രീയനിലപാടു വ്യക്തമാക്കാൻ തന്റെ സംഗീതത്തിനു പുറത്താണ് ഇടം കണ്ടെത്തുന്നത്. എന്നാൽ ബംഗാളിൽ ഹിന്ദുത്വ ആശയങ്ങൾക്കു വ്യാപകമായ പ്രചാരമുണ്ടായപ്പോൾ ദേശീയത എന്ന സങ്കൽപത്തിലെ അപകടങ്ങളെപ്പറ്റി നിരന്തരം എഴുതാൻ ടഗോർ മടിച്ചില്ല. ടഗോറിന്റെ നോവലുകളും ഗദ്യരചനകളും രാഷ്ട്രീയസംഘർഷങ്ങളെ ഒളിപ്പിച്ചുവച്ചില്ല.

 

 

ഒരു വ്യക്തി എഴുത്തുകാരായാലും കലാകാരന്മാരായാലും സാമൂഹികപ്രശ്നങ്ങളോടു പ്രതികരിക്കുകയും രാഷ്ട്രീയനിലപാടുകൾ പരസ്യപ്പെടുത്തുകയും വേണമെന്നാണു ഞാൻ പറയുക. എന്നാൽ അത് ഉറപ്പായും സ്വന്തം സൃഷ്ടികളിലൂടെ ആകണമെന്നില്ല. സജീവരാഷ്ട്രീയക്കാരനായ ഒരാളെഴുതുന്ന കഥ അതേ ആശയങ്ങൾ നിറഞ്ഞതാകണമെന്നില്ല. അതേസമയം വീടിനു പുറത്തിറങ്ങാത്ത ഒരാളുടെ രചനകൾ രാഷ്ട്രീയവിചാരങ്ങളാൽ പൊള്ളുകയും ചെയ്തേക്കാം.

 

ഒരു കൃതി പലതരം കഥകളുടെയോ ഉദ്ധരണികളുടെയോ മിശ്രിതമായിത്തീരുന്നതിലെ ആഹ്ലാദം നാമാദ്യമേ പറഞ്ഞു. അത് എഴുത്തുകാരന്റെ വിശ്വാസപ്രമാണവും രചനകളും തമ്മിലുള്ള വൈരുധ്യത്തിലേക്ക് എത്തിപ്പോയി. ഇതു മനഃപൂർവമല്ല. കറുപ്പുവെളുപ്പു ദ്വന്ദ്വങ്ങളിൽ നമുക്കു സാഹിത്യത്തെ സമീപിക്കാനാവില്ല. ഇതു നല്ലത്, ഇതു ചീത്ത എന്ന രീതിയിൽ. ‘ഐ ആം എ ബണ്ടിൽ ഓഫ് കോൺട്രഡിക്‌ഷൻസ്’ എന്നു പറഞ്ഞതു ഫ്ലോബേറാണ്. അതുകൊണ്ടാണു ദ്വന്ദ്വങ്ങളായി തിരിക്കാൻ പ്രയാസം വരുന്നത്. നൊബേൽ സമ്മാന ജേതാവായ പോളിഷ് എഴുത്തുകാരി ഓൾഗ തൊകാർച്ചൂക്കിന്റെ ‘ഹൗസ് ഓഫ് ഡേ, ഹൗസ് ഓഫ് നൈറ്റ്’ എന്ന നോവലിൽ താൻ സെക്കൻഡ് ഹാൻഡ് ആണ് എന്നു വിശ്വസിക്കുന്ന ഒരാളുടെ കഥ വിവരിക്കുന്നുണ്ട്. താൻ മറ്റാരോ ഉപയോഗിച്ച് ഉപേക്ഷിച്ചതാണത്രേ. 

 

ഉദ്ധരണികളാൽ സമൃദ്ധമായ ഒരു പുസ്തകത്തിന്റെ മനോഹാരിത സങ്കൽപിക്കാനുള്ള ഒരു വഴി ഒരു നോട്ട് ബുക്ക് എടുത്ത് ഇന്നു മുതൽ തനിക്കിഷ്ടമായ കഥാഭാഗങ്ങളോ കാവ്യശകലങ്ങളോ എഴുതിവയ്ക്കുക എന്നതാണ്. അങ്ങനെ പതിവായെഴുതി കുറേവർഷങ്ങൾ കഴിഞ്ഞ് അതെടുത്തുനോക്കിയാൽ നിങ്ങൾ എടുത്തെഴുതിയതിന്, ആ തിരഞ്ഞെടുപ്പിന് ഒരു സ്വഭാവമുണ്ടെന്നു കാണാനാകും. അതായത് അവ പരസ്പരബന്ധമില്ലാത്ത കുറിപ്പുകളുടെ കൂട്ടമല്ലെന്നും അവയ്ക്കു ഒരു പൊതുസ്വഭാവം, ഒരു വ്യക്തിത്വം ഉണ്ടെന്നും നിങ്ങൾ കണ്ടെത്തും. അത് ആഹ്ലാദകരമാകും എന്നാണ് എനിക്കു തോന്നുന്നത്.

 

English Summary : Quotations, Osho, Rabindranath Tagore,Leo Tolstoy, Olga Tokarczuk,Olga Tokarczuk

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com