ADVERTISEMENT

‘ഏകാന്തതയുടെ അമാവാസിയിൽ എനിക്കു കൈവന്ന ഒരു തുള്ളി വെളിച്ചമാണ് കവിത’ എന്നെഴുതിയ കവി, ആ തുള്ളി വെളിച്ചത്തിൽ നിന്ന് കവിതയുടെ പല തോന്ന്യാക്ഷരങ്ങളുണ്ടാക്കി. വിളക്കുവച്ചൊരു പട്ടുവിരിച്ച് വിളിച്ചിരുത്തി കൈരളിയെ പാലമൃതൂട്ടുകയും ചെയ്തു. കവിയെന്നു പറഞ്ഞാൽ ഏറിയകൂറു മലയാളികൾ ക്കും ആ മൂന്നക്ഷരമായിരുന്നു– ഒഎൻവി. 

 

മലയാള കവിതയെ വരേണ്യാഭിമുഖ്യങ്ങളിൽനിന്നും സംസ്കൃതജഡിലതയിൽനിന്നും നാട്ടുമൊഴിവഴികളി ലൂടെ കൈപിടിച്ചു നടത്തിയവരിൽ പ്രമുഖനായിരുന്നു ഈ കവി. ജനകീയതയും ജനപ്രിയതയും അദ്ദേഹത്തിനു തൊട്ടുകൂടാത്തതായിരുന്നില്ല. കവിപ്രശസ്തിയുടെ കാര്യത്തിൽ അദ്ദേഹത്തിനു കാര്യമായ വെല്ലുവിളികൾ ഉണ്ടായിരുന്നില്ല. ഗായകനെന്നു പറയുമ്പോൾ യേശുദാസ് നിനവിൽ വരുന്നതുപോലെ കവിയെന്നു പറയുമ്പോൾ അത് ഒഎൻവിയായിരുന്നു.

 

ചങ്ങമ്പുഴയിൽ മുങ്ങിക്കുളിച്ചെങ്കിലും അതിന്റെ കുളിരിൽ തണുത്തുവിറയ്ക്കാതെ കവിതയുടെ പുതിയ സൂര്യനെ തോറ്റിയുണർത്തി. ‘ഇവിടെ വിരിയുന്ന മുല്ലപോൽ, മുക്കുറ്റി പോൽ ഇനിയ നിൻ കാലൊച്ച കേൾക്കുവാൻ’ എന്നും കാതോർത്തിരുന്നു. സർഗലയതാളങ്ങൾ തെറ്റുന്നതും ജീവരഥചക്രങ്ങൾ ചാലിലുറയുന്നതും കണ്ടുനൊന്ത് ‘ഭൂമിക്കൊരു ചരമഗീതം’ എഴുതി. 

 

 

വിപുലമായ കാവ്യാനുശീലനം ഉണ്ടായിരുന്നിട്ടും വിദേശത്തു നിന്ന് കാവ്യപ്രവണതകളെയും പ്രസ്ഥാനങ്ങ ളെയും മലയാളമൊഴിയിലേക്ക് അദ്ദേഹം ഇറക്കുമതി ചെയ്തില്ല. മലയാളത്തിൽ ചിലർ ചെയ്തതുപോലെ യൂറോപ്പിൽ നിന്ന് അദ്ദേഹം നാർക്കോട്ടിക് ആധുനികതയെ ഒളിച്ചുകടത്തിയില്ല. പാബ്ലോ നെരൂദയെ സൂക്ഷ്മമായി വായിച്ചിരുന്നെങ്കിലും ലാറ്റിനമേരിക്കയുടെ തനത് ആധുനികതയെയും അദ്ദേഹം ഇവിടേക്കു പറിച്ചുനട്ടില്ല. അതൊരു തനിനാടൻ വഴിയായിരുന്നു. കോൺക്രീറ്റ് മതിലുകളുടെ മിനുസമില്ലാത്ത, പല തരക്കാരായ കല്ലുകൾ ഇടകലർന്ന കയ്യാലകളും അതിലെ പച്ചപ്പടർപ്പുകളും നിറഞ്ഞതായിരുന്നു അത്.

 

 

ചങ്ങമ്പുഴയുടെ കാവ്യവിദ്യാലയത്തിൽ ഒരുകാലത്തു പഠിച്ചിരുന്നെങ്കിലും അനുഭൂതികളുടെയും ആനന്ദാന്വേ ഷണങ്ങളുടെയും കാര്യത്തിൽ ധൂർത്തനോ അതിസാഹസിയോ ആയിരുന്നില്ല ഒഎൻവി. വ്യക്തിനിഷ്ഠമായ ദുഃഖങ്ങൾ പോലും സാമൂഹികമായ അനുഭവമായി. വികാരത്തള്ളിച്ച കൊണ്ട് വാക്കുകൾക്കു ശ്വാസം മുട്ടിയില്ല. 

 

 

ഒഎൻവി, വയലാർ, പി.ഭാസ്കരൻ എന്നീ തരുണകവികൾ ‘ചുവന്നമഷി’ കൊണ്ടാണ് കവിതയെഴുതി ത്തുടങ്ങിയത്. ഐക്യകേരളത്തിന്റെ പിറവിയെയും പരിണാമത്തെയും അവർ കവിത കൊണ്ടു പൂരിപ്പിച്ചു. സാമൂഹികനീതിയെക്കുറിച്ച് അതു വേവലാതികൊണ്ടു. ഓരങ്ങളിൽ പാർക്കുന്ന മനുഷ്യർ വേദനകളും സ്വപ്നങ്ങളുമായി ആ കവിതയിൽ വന്നു താമസിച്ചു. കീഴാളമായ മൊഴിവഴിയിലൂടെ നടക്കാൻ കൊതിച്ച തുകൊണ്ടാണ് ‘വേണമെനിക്ക് കറുത്തൊരു താജ്മഹൽ’ എന്ന് അദ്ദേഹം എഴുതിയത്. പോൾ റോബ്സൺ എന്ന ഗായകനെക്കുറിച്ച് ‘കറുത്ത പക്ഷിയുടെ പാട്ട്’ എഴുതിയത്. വേദാന്തമായിരുന്നില്ല, വേദനയായിരുന്നു ഒഎൻവിക്കവിതയുടെ പൊരുൾ. സൈലന്റ് വാലി സമരത്തേക്കാൾ മലയാളിയുടെ പാരിസ്ഥിതിക ജാഗ്രതയെ ഉണർത്തിയിട്ടുണ്ടാകും ‘ഭൂമിക്കൊരു ചരമഗീതം’.

 

‘ബോധമാം നിറനിലാവൊരു

തുള്ളിയെങ്കിലും ചേതനയിൽ

ശേഷിക്കുവോളം നിന്നിൽ നിന്നു

രുവായി, നിന്നിൽ നിന്നുയിരാർ

ന്നൊരെന്നിൽ നിന്നോർമകൾ മാത്രം’ 

എന്നൊരു തിരിച്ചറിവും ഓർമപ്പെടുത്തലുമായിരുന്നു അത്.

 

1931 മേയ് 27നു കൊല്ലത്തെ ചവറയിൽ ജനിച്ച ഒഎൻവിയുടെ കാവ്യസപര്യ ഏഴുപതിറ്റാണ്ടോളം നീണ്ടു. ഇക്കാലം കൊണ്ടു മലയാളിയുടെ തീനും കുടിയും മരുന്നും മന്ത്രവും മൊഴിയും ഉടുപ്പുമെല്ലാം മാറി. രുചികളും അഭിരുചികളും മാറി. അന്യാധീനപ്പെട്ട ജനതയായി നാം. 

‘ഒത്തുനിന്നീ പൂനിലാവും

നെൽക്കതിരും കൊയ്യാം

പാട്ടുകാരൻ നാളെയുടെ 

ഗാട്ടുകാരനല്ലോ’

വെറുതേയീ മോഹമെന്നറിയുമ്പോഴും പഴയ ഭൂമിമലയാളത്തെ തോറ്റിയുണർത്തുകയായിരുന്നു കവി.

 

കനം കൂട്ടി, കള്ളത്തൊണ്ടയിൽ പാടാൻ വയ്യെന്ന് ഒരഭിമുഖത്തിൽ ഒഎൻവി പറയുകയുണ്ടായി. പാട്ടുകൂടുത ലും കവിത കുറവുമെന്ന് അദ്ദേഹത്തെ വിമർശിക്കുന്നവരുടെ നാവിലും ആ പച്ചമലയാള മൊഴി പലമട്ടിൽ വരാതിരിക്കില്ല. ‘ദാഹിക്കുന്ന പാനപാത്രം’ എന്ന സമാഹാരത്തിന്റെ ആമുഖത്തിൽ മുണ്ടശേരി മാഷ് എഴുതി: ‘ഒഎൻവി ജീവിതത്തിലേക്ക് കടക്കുന്നതേയുള്ളൂ. പക്ഷേ, ഏതാണ്ടൊരായുസ്സിന്റെ ജോലി തീർത്തിരിപ്പാണ് അദ്ദേഹം. മറ്റൊരായുസ്സിന്റെ പണിക്ക് തയാറെടുത്തുകൊണ്ട്’. ഒഎൻവിയെ ഓർക്കുമ്പോൾ നമ്മുടെ മൊഴിയിലേക്കും മണ്ണിലേക്കുമുള്ള തിരിച്ചുപോക്കാകുന്നു. 

 

മാഞ്ഞുപോയൊരു ഓണനിലാവിന്റെ പേരാണ് ഒഎൻവി.

 

English Summary : ONV Kurup And His Poems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com