ADVERTISEMENT

അക്കിത്തം ഒരിക്കൽ മാധവിക്കുട്ടിയെക്കുറിച്ച് എഴുതി: 

‘‘ചിരിച്ചുകൊണ്ട് ഓടിവന്ന ബാലാമണിയമ്മ മകളുടെ കൈപിടിച്ചുകൊണ്ട് ചോദിക്കുകയാണ്, ‘അക്കിത്തം അറിയില്ലേ ആമിയെ?’ ‘നേരിട്ടു കാണുന്നത് ഇപ്പോൾ ആദ്യമാണ്’, എന്ന് ഞാൻ പറഞ്ഞപ്പോഴേക്ക് ആമി ഉറക്കെച്ചൊല്ലി. 

‘‘മകൻ മരിച്ച ദുഃഖംപോ–

ലിരുന്നേനിറയത്തു ഞാൻ’’

ഉടനെ എന്റെ കണ്ണു നനഞ്ഞു. കാരണം, ഏതു കൃതിയുടെയും ഹൃദയം എവിടെ കിടക്കുന്നു എന്നവർക്ക് മനസ്സിലാവുമായിരുന്നു’’. 

വേദനകളുടെ വേദമാണ് അക്കിത്തം കവിതകളിൽ ഓതിയതിലേറെയും. കാതലുറച്ച അക്കിത്തക്കവിത പക്ഷേ കണ്ണീരിൽ അലിയുമായിരുന്നു. അക്കിത്തത്തെ അറിയാത്തവർ പോലും ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന് ഉരുവിട്ടിട്ടുണ്ടാകും. ഏതോ പഴഞ്ചൊല്ലെന്നു തോന്നിപ്പിക്കുമാറത്രയും അതു ഭാഷയിൽ പതിഞ്ഞുകഴിഞ്ഞിരിക്കുന്നു. വരികളും വരകളും പ്രസാദമായി കിട്ടിയവരാണ് അക്കിത്തത്തു മനയിലെ കുട്ടികൾ. അച്യുതനിൽ കവിതയുടെ ബാധ കൂട‌ിയത് ഏഴരവയസ്സിലാണ്. ക്ഷേത്രച്ചുമരുകളിൽ ഓരോന്നു കുത്തിനിറച്ചിരുന്ന കുട്ടികളുടെ ചെയ്തി കണ്ടു തോന്നിയ സങ്കടം പദ്യമായി. ‘അമ്പലങ്ങളിലീവണ്ണം തുമ്പില്ലാതെ വരയ്ക്കുകിൽ വമ്പനാം ഈശ്വരൻ വന്നിട്ടെമ്പാടും നാശമാക്കിടും’ എന്ന വരികളിൽ കവിതാവാസനയുണ്ടായിരുന്നു. 

മഹാകവി അക്കിത്തം
മഹാകവി അക്കിത്തം

  പൊന്നാനിക്കളരിയുടെ പശിമരാശി മണ്ണിൽ വേരോടി വളർന്ന കവിതയുടെ മാമരമായിരുന്നു അക്കിത്തം. ചങ്ങമ്പുഴയേക്കാളും ഇടശ്ശേരിക്കവിതയിലേക്കായിരുന്നു അതിനു ചായ്‌വ്. അക്കിത്തത്തിന്റെ ആദ്യ സമാഹാരം വെളിച്ചം കാണാൻ പ്രയത്നിച്ചതും നാട്ടുകാരൻ കൂടിയായ ഇടശ്ശേരിയാണ്. അദ്ദേഹമാണ് കുറച്ചു കവിതകൾ വാങ്ങി മംഗളോദയം പ്രസിൽ നൽകിയത്. കവിതയുടെ കതിർക്കനം അളക്കാൻ അവർ ഏൽപിച്ചതോ സാക്ഷാൽ ചങ്ങമ്പുഴയെയും. അന്നു മംഗളോദയത്തിൽ ജോലി ചെയ്യുകയായിരുന്നു ചങ്ങമ്പുഴ. ഈ കവിതകൾ അച്ചടിച്ചേ മതിയാകൂ എന്നു മഹാകവി നിലപാടെടുത്തതോടെ സമാഹാരത്തിനു മുന്നിലെ തടസ്സങ്ങൾ നീങ്ങി. ‘വീരവാദം’ എന്ന് അതിനു പേരിട്ടതും എ. അച്യുതൻ നമ്പൂതിരി എന്ന പേര് അക്കിത്തത്ത് അച്യുതൻ നമ്പൂതിരി എന്നാക്കിയതും ചങ്ങമ്പുഴ തന്നെ. അക്കിത്തത്തിന്റെ കവിശങ്ക തീർത്തുകൊടുത്തത് ഇടശ്ശേരിയായിരുന്നു. അദ്ദേഹം പറഞ്ഞു: ‘തനിക്കു ചിരിക്കാനറിയാം; അതുകൊണ്ടു കരയാനും. കരയാൻ അറിയുന്നവനേ കവിയാകാനാകൂ..തനിക്ക് അതിനാകും’.

  കമ്യൂണിസ്റ്റുകാരനെന്നും കമ്യൂണിസ്റ്റുവിരുദ്ധനെന്നും പഴികേട്ടിട്ടുണ്ട് അക്കിത്തം. അദ്ദേഹം കമ്യൂണിസ്റ്റാണെന്നു കരുതി പൊലീസ് പുറകെക്കൂടിയിരുന്നൊരു കാലമുണ്ടായിരുന്നു. ഒരിക്കൽ അക്കിത്തത്തു മനയിൽച്ചെന്ന് ചില പുസ്തകങ്ങളെല്ലാം എടുത്തുകൊണ്ടുപോയി. അവിടെയാണെങ്കിൽ എടുത്തുകൊണ്ടുപോകാൻ പറ്റാത്തത്ര പുസ്തകങ്ങളുണ്ടായിരുന്നു താനും. പടിഞ്ഞാറേ പത്തായപ്പുരയിലെ കൽക്കട്ട തീസിസ് ഭാഗ്യത്തിന് അവരുടെ കണ്ണിൽപ്പെട്ടില്ല. അക്കിത്തത്തെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. സർക്കിൾ ഇൻസ്പെക്ടർക്കു കവിയെയും കുടുംബത്തെയും അടുത്തറിയാമായിരുന്നതുകൊണ്ട് അകത്തുപിടിച്ചിട്ടില്ല.  എം.ഗോവിന്ദനാണ് അക്കിത്തത്തിനു കമ്യൂണിസ്റ്റ് ദർശനത്തിൽ താൽപര്യമുണ്ടാക്കിയത്.  യാഥാസ്തിക നമ്പൂതിരിമാരുടെ സംഘടന  അക്കിത്തം കമ്യൂണിസ്റ്റാണെന്ന് ആരോപിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. ‘മഹാകവി വിഡ്ഢിത്തം’ എന്നാണ് അവർ അക്കിത്തത്തെ വിളിച്ചത്. 

 അൻപതുകളിൽ ഒരിക്കൽ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥിയാകുന്നതിന്റെ പടിവരെ എത്തിയതാണ് അക്കിത്തം. ജവാഹർലാൽ നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.ബി.മേനോൻ തൃത്താല ഫർക്കയിൽ സ്ഥാനാർഥിയായി എത്തി. എതിരെ കരുത്തനായ ഒരു സ്ഥാനാർഥിയെ നിർത്താൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. അതിനുള്ള അന്വേഷണമാണ് അക്കിത്തത്തിലേക്കു നീണ്ടത്. ഇടശ്ശേരി ഗോവിന്ദമേനോനും മാധവമേനോനും ആവശ്യവുമായി എത്തിയപ്പോൾ അക്കിത്തത്തിന്റെ മനസ്സൊന്നിളകി. ചെറിയൊരു രാഷ്ട്രീയപ്പൂതി ഉണ്ടായിരുന്നുതാനും. ഒരു കൈ നോക്കാം എന്നു തീരുമാനിച്ചപ്പോൾ അച്ഛൻ നിരുൽസാഹപ്പെടുത്തി. രാഷ്‌ട്രീയവും തിരഞ്ഞെടുപ്പു മൽസരവുമല്ല കവിതയാണു നിന്റെ വഴിയെന്ന് അച്ഛൻ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. മുദ്രാവാക്യങ്ങൾക്കു പകരം കവിതകളും ശ്ലോകങ്ങളും. ചെങ്കൊടിക്കു പകരം കയ്യിൽ പേന. കവിതയാണു നിയോഗമെന്ന് അദ്ദേഹം മനസ്സിലാക്കി. കൽക്കട്ട തീസിസ് പൂർണമായി വായിച്ചതോടെ കമ്യൂണിസത്തോടുള്ള ഇഷ്ടം മനസ്സിൽനിന്നു മാഞ്ഞു. 

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതിയതോടെ അക്കിത്തം കമ്യൂണിസ്റ്റുകാരുടെ കണ്ണിലെ കരടായി. 

‘അരിവെപ്പോന്റെ തീയിൽ ചെ–

ന്നീയാമ്പാറ്റ പതിക്കയാൽ

പിറ്റേന്നിടവഴിക്കുണ്ടിൽ

കാൺമൂ ശിശുശവങ്ങളെ’ എന്നും

‘നിരത്തിൽ കാക്ക കൊത്തുന്നു

ചത്ത പെണ്ണിന്റെ കണ്ണുകൾ

മുല ചപ്പി വലിക്കുന്നു‌‌

നരവർഗ നവാതിഥി’ എന്നും അക്കിത്തം മലയാളത്തിന് അപരിചിതമായിരുന്ന ഭാവുകത്വതീക്ഷ്ണതയിൽ കുറിച്ചു. വരാനിരിക്കുന്ന അപചയങ്ങളെ ആ കവിത പ്രവചിച്ചു. ശൃംഗാരകവിതകൾക്കിടയിൽ പൂരപ്രബന്ധത്തിനും നാടൻ പാട്ടുകൾക്കിടയിൽ ഭരണിപ്പാട്ടിനുമുള്ള സ്‌ഥാനമാണ് രാഷ്‌ട്രീയ കവിതകൾക്കിടയിൽ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിനുള്ളതെന്നു കൂരമ്പുകളെയ്യപ്പെട്ടു. അഞ്ചു ദിവസം കൊണ്ടെഴുതി, പത്തുദിവസം കൊണ്ട് തിരുത്തിയെടുത്ത കവിത വിശ്വാസനഷ്ടത്തിന്റെ തീവ്രതയെ ആവാഹിച്ചെടുത്തു. 

എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ..

വായനക്കാരുടെ കത്തുകൾ വായിക്കുന്നതുമുതൽ കാർഷികരംഗം വരെയുള്ള പരിപാടികൾ ആകാശവാണിയിൽ കൈകാര്യം ചെയ്തിട്ടുണ്ട് അക്കിത്തം. ചടാപടാ തിരക്കഥകൾ ഏറെയെഴുതി. പി.കുഞ്ഞിരാമൻ നായരും മാധവിക്കുട്ടിയും പോലുള്ളവരുമായി അഭിമുഖം നടത്തി. തൃശൂരിലുള്ളപ്പോൾ അദ്ദേഹത്തിന്റെ പത്താം നമ്പർ മുറി എഴുത്തുകാരുടെ കേന്ദ്രമായിരുന്നു. കോഴിക്കോട്ടെ ‘കോലായ’ ചർച്ച തൃശൂരിലെത്തിയപ്പോൾ മുറിയിലായി. ‘ബലിദർശനം’ പോലുള്ള ഗംഭീര കവിതകൾ ആകാശവാണിക്കുവേണ്ടി എഴുതിയതാണ്. ആകാശവാണി നിലയം കാണാൻ വരുന്ന കുട്ടികളുമായുള്ള ഇടപെടലിൽ നിന്നാണ് ‘പണ്ടത്തെ മേശാന്തി’ എന്ന കവിതയുണ്ടായത്. അക്കിത്തത്തെയാണല്ലോ ആളുകൾ അറിയുക, അപ്പോൾ എല്ലാവരും വന്ന് അനുവാദം ചോദിക്കുന്നതു പതിവായി. ആ അനുഭവത്തിൽ നിന്നാണ് 

മഹാകവി അക്കിത്തം
മഹാകവി അക്കിത്തം

‘എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ

എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ’ എന്ന വരികൾ വരവായത്. ആകാശവാണിയെ മഹാക്ഷേത്രമായി സങ്കൽപ്പിച്ച കവിത. ഈ വരികൾക്കു പക്ഷേ എന്തെന്തു ധ്വനികളാണ്! ഏതൊക്കെ തരത്തിലാണ് പിൽക്കാലം അതിനെ വ്യാഖ്യാനിച്ചത്. അതായിരുന്നു അക്കിത്തത്തിന്റെ കവിത്വം. 

 ഇടശ്ശേരിയെക്കുറിച്ച് അക്കിത്തം എഴുതി: ‘പയറുവിത്തും കുമ്പളവിത്തും പോലെ നട്ടാൽ മുളച്ചുവരുന്ന സസ്യമാണ് സ്‌നേഹം എന്ന്, ശ്വസിച്ചുകൊണ്ടിരുന്ന എല്ലാ നിമിഷങ്ങളിലും നിശബ്‌ദം പ്രഖ്യാപിച്ച മനുഷ്യനായിരുന്നു ഇടശ്ശേരി. ഇടശ്ശേരി കവിയല്ലെന്ന് നിങ്ങൾ പറഞ്ഞോളൂ. അദ്ദേഹത്തിനൊരു ചുക്കുമില്ല. മനുഷ്യനല്ലെന്നു പറയുമോ? അതു നിങ്ങൾ പറഞ്ഞാലും ഇടശ്ശേരി ഒന്നു പൊട്ടിച്ചിരിച്ച ശേഷം നിങ്ങളുടെ അഭിപ്രായത്തിന് ഉപോൽബലകമായ എന്തെങ്കിലും ചൂണ്ടിക്കാണിച്ചുതരികയാവും ഉണ്ടാവുക. പക്ഷേ പൊന്നാനി താലൂക്കിലെ മണ്ണുപുരണ്ട മനുഷ്യൻ അവന്റെ മോതിരമിടാത്ത കൈകൊണ്ട് നിങ്ങളുടെ ചെപ്പയ്‌ക്കടിക്കും’. അക്കിത്തത്തിന്റെ കാര്യത്തിലും ഇതു ശരിയാണ്. 

English Summary:

Remembering Akkitham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com