ADVERTISEMENT

കവി, ഗാനരചയിതാവ്, പരിഭാഷകന്‍, ചിത്രകാരന്‍, വാഗ്‌മി... കെ. ജയകുമാറിനെ വർണ്ണിക്കാൻ ഇവയ്ക്കൊപ്പം കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് എന്ന പദം കൂടി ചേരുന്നു. 

പ്രസിദ്ധീകരിച്ച നാല്പത്തിയേഴു പുസ്തകങ്ങളിൽ പതിനൊന്നും കവിതാസമാഹാരങ്ങൾ. അതിലൊന്നിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന്റെ നിറവ്.

‘പിങ്ഗളകേശിനി’ – സ്വത്വസംഘർഷ പീഡകളിലൂടെയുള്ള ആത്മാന്വേഷണം വിഷയമാക്കിയ ഈ കവിതാസമാഹാരം 2020 ൽ ആണ് പ്രസിദ്ധീകൃതമായത്. ‘ഒറ്റപ്പെട്ടവന്റെ പാട്ട്’, ‘സന്താപവൃക്ഷം’, ‘പ്രേമയാനം തുടങ്ങുകയാണ്’, ‘അര്‍ദ്ധവൃത്തങ്ങള്‍’, ‘രാത്രിയുടെ സാധ്യതകൾ’ തുടങ്ങി പതിനൊന്നു കവിതാസമാഹാരങ്ങളിൽ പിങ്ഗളകേശിനിയിൽ കേൾക്കുന്നത് കലാപത്തിന്റെ ഉൾമുഴക്കങ്ങൾ.

അധികാരഗർവ്വത്തിന്റെ തുറക്കാത്ത കോട്ടവാതിലിനു മുന്നിൽ നിൽക്കുന്ന ‘പിങ്ഗളകേശിനി’യിൽ നിരവധി പെൺജന്മങ്ങളുടെ മുറിവുകൾ കാണാം. വെയിലിലും മഴയിലും മഞ്ഞിലും നിർവികാരതയോടെ നീറുന്ന ജീവിതത്തെ കഥാപാത്രങ്ങള്‍ കവിമനസ്സിന്റെ ഉഷ്ണപ്രവാഹങ്ങൾ വായനക്കാരിലേക്ക് കൃത്യമായി എത്തിക്കുന്നുണ്ട്. പ്രത്യക്ഷയാഥാർഥ്യങ്ങൾക്കപ്പുറം സത്യങ്ങളുടെ അനാവരണമാകുകയാണിവിടെ കവിത. വർത്തമാനകാലത്തിന്റെ ആസുരത കണ്ട് തപിക്കുന്ന കവിമനസ്സിന്റെ കല്പനാസമൃദ്ധവും തീക്ഷ്ണവുമായ ഉദീരണങ്ങളാണ് ഈ കവിതാസമാഹാരം.

 കെ. ജയകുമാർ
കെ. ജയകുമാർ

1952 ഒക്ടോബർ ആറിന്  പ്രശസ്ത ചലച്ചിത്രസം‌വിധായകൻ എം. കൃഷ്ണൻ നായരുടെയും സുലോചനയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച കെ. ജയകുമാർ, കേരള സർവകലാശാലയിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1978 -ൽ ഐഎഎസ് നേടി അസിസ്റ്റൻറ് കലക്ടറായി സർക്കാർ സർവീസിൽ പ്രവേശിച്ചു. കോഴിക്കോട് ജില്ലാ കലക്ടർ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തുടങ്ങിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചു. കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ തുടങ്ങിയ പദവികളും വഹിച്ച അദ്ദേഹം ചീഫ് സെക്രട്ടറിയായും പ്രവർത്തിച്ചു. വിരമിച്ചശേഷം 2012 ൽ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായി സ്ഥാനമേറ്റു. 

k-jayakumar-book

വിദ്യാഭ്യാസകാലം മുതൽക്കേ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ചലച്ചിത്രഗാനങ്ങളും എഴുതി. ആറു കൃതികള്‍ ഇംഗ്ലിഷില്‍ രചിച്ച കെ. ജയകുമാർ, ടഗോറിന്റെ ‘ഗീതാഞ്ജലി’, ഖലീല്‍ ജിബ്രാന്റെ ‘പ്രവാചകന്‍’, ഒമര്‍ ഖയ്യാമിന്റെ ‘റുബായിയത്ത്’, റൂമിയുടെ ‘നൂറു കവിതകള്‍’ എന്നിവ മലയാളത്തിലേക്കും, ജയദേവന്റെ ‘ഗീതാഗോവിന്ദം’ ഇംഗ്ലിഷിലേക്കും വിവര്‍ത്തനം ചെയ്തു.. ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലും കൃതികൾ പ്രസിദ്ധീകരിച്ചു. നൂറിലേറെ സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. ജ്ഞാനപ്പാന പുരസ്‌കാരം, കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌കാരം, പി. ഭാസ്‌കരന്‍ പുരസ്‌കാരം അടക്കം അനേകം പുരസ്കാരങ്ങൾ നേടി. 2022 ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. 

English Summary:

"Pingalakeshini" and Beyond: The Enduring Impact of K. Jayakumar's Work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com