പനി – പ്രിൻസി പ്രവീൺ എഴുതിയ കവിത

Mail This Article
ഒരു പനിയോർമ്മയിൽ
കുളിരുന്നു,
ചൊടിൾ ഉണങ്ങി വരണ്ടു
തൊണ്ടയിൽ ശബ്ദം
കിരുകിരുപ്പായി
അലോസരപ്പെടുത്തുന്നു
ചുക്കും കറുത്ത പൊന്നും
തുളസിയും തീർക്കുന്ന നേരിയ
എരുവിൽ നാവു തിണർക്കുന്നു
അമൃതാഞ്ചൻ നെറ്റിയിൽ
ചെറു തണുവേകുന്നു
കമ്പിളി പുതപ്പിനുള്ളിലേക്ക്
കോട മഞ്ഞു കുടഞ്ഞപോലെ
പനി കുളിരുന്നു
പനി പുതച്ചൊരുടലിലേക്ക് -
വിറകൊള്ളും മേനിയെ
ഉണർത്തുന്ന കാറ്റും
ചുണ്ടിലെ വരൾച്ചയെ
ചുംബിച്ചുണർത്തുന്ന തണുപ്പ്
പനി പൊള്ളിയമരുന്ന
വിരൽത്തുമ്പുകൾ
കാൽവിരലിൽ മുറുകെ -
പിടിക്കുന്ന കുളിരിന്റെ
നീല ഞരമ്പുകൾ.
പനിയുടൽ കൂർത്ത
നഖങ്ങളാൽ ഉള്ളാകെ
മാന്തി വലിക്കുമ്പോൾ
നീലക്കുറിഞ്ഞി മഞ്ഞിൽ
കുളിരണിഞ്ഞപോലെ
വെള്ളയുടുപ്പിട്ട മാലാഖ
ഇടുപ്പിൽ കുത്തിയിറക്കിയ
പാരസെറ്റമോൾ ഇൻജെക്ടിൻ
സൂചിമുന നോവിൽ
പടിയിറങ്ങുന്ന പനിയും കുളിരും.