ADVERTISEMENT

അന്ന് പതിവിലും ഒരു പാട് നേരത്തേ കോളേജിൽ നിന്നുമിറങ്ങി.  വീട്ടിൽ ആരും ഉണ്ടാവില്ല എന്നുറപ്പായിരുന്നു. ഒരു ഫാൻസിസ്റ്റോറിൽ കയറി പുതിയൊരു ബ്ലെയിഡ് വാങ്ങുമ്പോൾ പതിവുപോലെ കമ്മലുകളൊന്നും മാടി വിളിച്ചതേയില്ല. അല്ലെങ്കിലും ഇനി അതിന്റെയൊന്നും ആവശ്യമില്ലല്ലോ. വീട്ടിലേക്കുള്ള ബസ്സിൽ തിരക്ക് ഒട്ടുമില്ലായിരുന്നു. എന്നും കാണാറുള്ള വഴിവക്കിലെ മരങ്ങളോട്, ആകാശത്ത് അവിടവിടയായി കാണപ്പെട്ട മേഘങ്ങളോട്, പൂക്കളോട്, കാറ്റിനോട് ഒക്കെ നിശബ്ദമായി യാത്ര പറഞ്ഞു. ഈ വഴി ഇനിയൊരു യാത്രയില്ല. ഇരമ്പി വന്ന കണ്ണീർ കണ്ണുകൾക്കുള്ളിൽത്തന്നെ അടച്ചു വച്ച് അവസാനത്തെ കാഴ്ചകൾ കൺതുറന്ന് കൺനിറയെ കണ്ടു. വീട്ടിലെത്തി, ആദ്യം റൂം വൃത്തിയാക്കി. ബ്ലെയിഡിന്റെ മൂർച്ച പരിശോധിച്ചു. നേർത്ത ഞരമ്പിന് അതുകൊണ്ടൊരു തലോടൽ മാത്രം മതിയെന്ന് തോന്നി. ഒരു പാത്രത്തിൽ വെള്ളം ചൂടാകാൻ വച്ചു. ചൂടുവെള്ളം ഞരമ്പിലെ ചോരയെ വേഗത്തിൽ വലിച്ചൂറ്റിയെടുത്തു കൊള്ളും.

 

ഒരു പ്രണയം അർബുദം പോലെ  ഹൃദയത്തെ അത്രമേൽ ആഴത്തിൽ ബാധിച്ചു പോയ കാലമായിരുന്നു. അത് നൽകുന്ന വേദന സഹിക്കാൻ ജീവിതത്തിന് ശക്തി പോരാതായിരിക്കുന്നു. മരണം മാത്രമാണ് പോംവഴിയെന്ന് നിശ്ചയിച്ചുറപ്പിച്ചു കഴിഞ്ഞു. ഒരു സൗഹൃദം, തമാശയായി പാകിയ പ്രണയത്തിന്റെ വിത്തുകളാണ്. അത് ഇത്രയും ആഴത്തിൽ വേരോടുമെന്നും അത്രയും ഉയരത്തിൽ പന്തലിക്കുമെന്നും വിതച്ചയാളോ വളർത്തിയ ആളോ അറിഞ്ഞതേയില്ല. തമാശ സീരിയസ്സായപ്പോഴാണ് പ്രണയം ഒറ്റ വഴിക്ക് മാത്രമാണ് ഒഴുകുന്നതെന്ന് തിരിച്ചറിഞ്ഞത്.  ജീവിതം അതിൽപ്പെട്ട് ഉലഞ്ഞൊഴുകിപ്പോകുന്നത് നിസ്സഹായമായി നോക്കി നിൽക്കാനേ അന്ന് കഴിഞ്ഞുള്ളൂ. ഒരു ട്യൂമർ പോലെ അത് ജീവിതം മുഴുവൻ പടർന്നു പിടിക്കാൻ തുടങ്ങിയപ്പോഴാണ്, വേദന അസഹനീയമായപ്പോഴാണ് ഒറ്റമുറിവിൽ ഒക്കെയും അവസാനിപ്പിക്കാൻ തീരുമാനമെടുത്തതും. ബ്ലെയിഡ് കൈയിലെടുത്തപ്പോൾ, പറയാതെ പോകാൻ വയ്യെന്ന് തോന്നി. ഫോണിന്റെ അങ്ങേത്തലയ്ക്കൽ അയാൾ അധീരനായി. ജീവിതത്തിൽ ഒരൽപ്പം പോലും എന്നെ ഉൾക്കൊള്ളാൻ കഴിയാത്ത വിധം നിസ്സഹായനായിരുന്നു അയാൾ. പക്ഷേ, പിന്നീട് വരുന്ന ചോദ്യങ്ങൾ, പോലീസ് അന്വേഷണങ്ങൾ ഒക്കെയും അയാളെ വല്ലാതെ ഭയപ്പെടുത്തിയിരിക്കണം. ആവുന്ന പോലെയൊക്കെ അയാൾ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഏതൊക്കെയോ വാക്കുകളിൽ ഞാൻ വീണു പോയി. ഒടുവിൽ ആ തീരുമാനം ഞാൻ ഉപേക്ഷിച്ചു.

 

രണ്ട് ദിവസത്തെ കടുത്ത പനി. കഷ്ടിച്ച് വിജയിച്ച ഒരോപ്പറേഷന്റെ ആഫ്റ്റർ ഇൻഫെക്ഷൻ. ഹൃദയത്തിൽ നിന്നും ആ അർബുദത്തെ ഞാൻ മുറിച്ചെറിഞ്ഞിരുന്നു. അതിന്റെ ആഴത്തിലുള്ള പാട്. മുറിവിന്റെ കടുത്ത വേദന. എനിക്ക് ചുറ്റും  മരുഭൂമി മാത്രമായി. എന്റെ കടമ്പു വൃക്ഷം ഇലകൾ കൊഴിഞ്ഞ് നിശബ്ദമായി. എന്റെ യമുനാ നദിയിലെ അവസാനത്തെ ഉറവും ഇല്ലാതായി. വിലക്ഷണ രാഗം ഉതിർക്കുന്ന, പൊട്ടിപ്പോയ ഒരോടക്കുഴൽ മാത്രം എന്റെ കൈയിലവശേഷിച്ചു. ഞാൻ വൃന്ദാവനത്തിലെ രാധയായി. ഒരിക്കലും എത്തില്ല എന്നുറപ്പുള്ള കണ്ണനെ പ്രതീക്ഷിച്ചിരിക്കുന്നവൾ. വിവാഹാലോചനകൾ. പ്രണയാഭ്യർഥനകൾ. ഒന്നിലും മനസ്സൊന്നെത്തിപ്പോലും നോക്കിയില്ല. ഏതൊരാൾക്കൂട്ടത്തിലും വിഷാദത്തിന്റെ ഒറ്റ വഴിപോലെ ഞാൻ നടന്നു. ഏത് ചിരിയിലും കനപ്പെട്ട ഒരു നിശബ്ദതയെ ഞാൻ കഷ്ടപ്പെട്ട് ചുമന്നു. സൗഹൃദങ്ങൾ തണലായിരുന്നു. പക്ഷേ, ആ തണലിലും ഒരു വെയിൽച്ചീള് സദാ സമയവും എന്നെ പൊള്ളിച്ചുകൊണ്ടിരുന്നു.

 

ദിവസങ്ങളും മാസങ്ങളും അടർന്ന് വീണു. പതുക്കെപ്പതുക്കെ കൗൺസിലിങ്ങുകൾ എന്നെ സ്പർശിക്കാൻ തുടങ്ങി. ജീവിതത്തിന്റെ തണുപ്പും ചൂടും തിരികെ വന്നു. എങ്കിലും ഒരു കനൽക്കട്ട ഒരിക്കലും അണയാത്ത പോലെ ഉള്ളിൽ നീറി. അമ്മവീട്ടിലെ അവധിക്കാലങ്ങളിൽ പളളിമുറ്റത്തു നിന്നും നീണ്ടെത്തുന്ന ഒരു നോട്ടം. കടലുപോലെ ആഴമുള്ള കണ്ണുകൾ. അപൂർവമായി എത്തി നോക്കുന്ന പുഞ്ചിരി. ജന്മാന്തരങ്ങളിൽ നിന്നും പാറി വീഴുന്ന സാന്ത്വനം പോലെ നിശബ്ദമായ ചില വാക്കുകൾ. ചിലപ്പോഴൊക്കെ അതൊരു കരുതലായി എന്നെപ്പൊതിയുന്നത് ഞാനറിയാതിരുന്നില്ല. അതൊരു ചാറ്റൽ മഴയുള്ള ദിവസമായിരുന്നു. പള്ളിമുറ്റത്തു നിന്നും ഞാനോടി വരാന്തയിലേക്ക് കയറി. അന്ന് ആ നോട്ടം ഹൃദയത്തിലൊന്നു തൊട്ടു. വരണ്ട മണ്ണിൽ എവിടെയോ ഒരു നേർത്ത നനവ്. വഴിതെറ്റിയലഞ്ഞ ഒരു കിളി ഒടുവിൽ അതിന്റെ കൂട് കണ്ടെത്തിയ പോലെ. മഴ തോർന്ന വഴിയിലൂടെ ഒരുമിച്ചു നടക്കുമ്പോൾ, ഇനി എല്ലാ വഴികളിലും ഇതുപോലെ ഒരുമിച്ചു നടന്നാലോ എന്ന ചോദ്യത്തിനുത്തരമെന്നപോൽ എന്റെ മിഴികൾ പെയ്തു കൊണ്ടേയിരുന്നു. പക്ഷേ, ഉള്ളിലെ കനൽക്കഷണം എന്നെ നീറ്റി.. മറ്റൊരു പ്രണയം അസാധ്യമാണെന്ന്  ഓർമ്മിപ്പിച്ചു. വായിച്ചു തീർത്ത അനേകം അക്ഷരങ്ങൾ അത് ശരിവച്ചു. ഒരു പൊട്ടിച്ചിരിയായിരുന്നു ആദ്യ മറുപടി. ഇതൊക്കെ എത്ര നിസ്സാരമാണെന്ന് പറഞ്ഞ് അദ്ദേഹം എന്നെ വിസ്മയിപ്പിച്ചു. വാക്കുകൾ  കൊണ്ട് ഉമ്മ വച്ച് എന്റെ മുറിവുകളെ ചിത്രശലഭങ്ങളാക്കി. പിടയുന്ന എന്റെ ഹൃദയത്തെ അത്രമേൽ  അലിവോടെ ചേർത്തു പിടിച്ചു. ഒപ്പമുണ്ടാകും എന്ന ഒറ്റ വാക്കിന്റെ വേരിൽ നിന്നും ഞങ്ങൾ ഇലകളും പൂക്കളുമായി. ഒരു ഒറ്റമരക്കാടായി. പൊടുന്നനെ എനിക്ക് ചുറ്റും മഴ പെയ്തു. എന്റെ മരുഭൂമിയിൽ വൃക്ഷങ്ങൾ നിറഞ്ഞു. ഇറുങ്ങെപ്പൂത്ത വള്ളികൾ ആ മരങ്ങളെ കെട്ടിപ്പിടിച്ചു. ചിത്രശലഭങ്ങൾ ചിറകടിച്ചു. കിളിയൊച്ചകൾ നിറഞ്ഞു. വരണ്ടുപോയ അരുവികൾ  നിറഞ്ഞൊഴുകി. പ്രണയം ഞങ്ങൾക്ക് മേൽ കവിഞ്ഞൊഴുകി. ഞാൻ വീണ്ടും പ്രണയിനിയായി. പ്രണയം കൊണ്ട് അദ്ദേഹമെന്നെ ഉൻമാദിനിയാക്കി. എന്റെ മുടിയിഴകൾ കരിമേഘങ്ങളായി ആർത്തു പെയ്തു. എന്റെ കണ്ണുകൾ നക്ഷത്രങ്ങളെപ്പോലെ മിന്നിത്തിളങ്ങി. എന്റെ ചിരി ഞങ്ങൾക്ക് ചുറ്റും നിലാവ് വിരിച്ചു. ജീവിച്ചിരുന്നതു കൊണ്ടു മാത്രം എനിക്ക് കിട്ടിയ സൗഭാഗ്യങ്ങൾ.

 

ഉള്ളിലെ കനൽക്കട്ട  ചാരം പോലുമവശേഷിപ്പിക്കാതെ എങ്ങോ പാറിപ്പോയിരുന്നു. പഴയ പ്രണയം കൗമാരകാലത്തെ മുഖക്കുരുപ്പാട് മാത്രമാണെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. അതൊരോർമ്മയായിപ്പോലും അലട്ടാതായി. പക്ഷേ,  അന്ന് അതെനിക്ക് തന്ന ട്രോമ ഭീകരമായിരുന്നു. അതു കൊണ്ടാവണം ഒരു പച്ചപ്പുപോലും അവശേഷിക്കാത്ത വിധത്തിൽ ആ സൗഹൃദം തന്നെയും കരിഞ്ഞുണങ്ങിപ്പോയത്. എന്തുകൊണ്ടാവും പ്രണയനഷ്ടം ഒരാളെ മരണവക്കിലെത്തിക്കുന്നത്? ജീവിക്കാൻ ഒരായിരം കാരണങ്ങൾ ഉണ്ടായിട്ടും ആ ഒരൊറ്റ കാരണത്താൽ മരിക്കാൻ തീരുമാനിക്കുന്നത്.? നമ്മൾ കേൾക്കുന്ന പാട്ടുകൾ, വായിക്കുന്ന പുസ്തകങ്ങൾ, കാണുന്ന സിനിമകൾ ഇതെല്ലാം നമ്മളോട് പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നു. പ്രണയം, പ്രത്യേകിച്ച് ആദ്യ പ്രണയം ദിവ്യമാണ് എന്ന് ഉദ്ഘോഷിക്കുന്നു. ദിവ്യവുമല്ല; ഒരു മാങ്ങാത്തൊലിയുമല്ല എന്ന് പുതിയ തലമുറയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. പ്രണയം ഒരു തെരെഞ്ഞെടുക്കൽ പ്രക്രിയ കൂടിയാണ്. ഇവൾ/ ഇവൻ എന്റെ ജീവിതത്തിന് പാകമാകുമോ എന്ന പരിശോധിക്കൽ. പ്രണയത്തിലാകുമ്പോൾ തിരിച്ചിറങ്ങാനുള്ള ഒരു വാതിൽ കൂടി തുറന്നു വയ്ക്കുക; കുറഞ്ഞ പക്ഷം  ഈ പ്രണയം ടോക്സിക്കല്ലയെന്നും പങ്കാളി തന്നേയും അത്ര തന്നെ സ്നേഹിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നത് വരെയെങ്കിലും.

 

പ്രണയത്തെ ലോകം നോക്കിക്കാണുന്നതെങ്ങനെയാണ്? ഒരിക്കൽ പെട്ടു പോയാൽ ആ പ്രണയത്തിന്റെ തടവറയിൽ തന്നെ കുടുങ്ങിക്കിടക്കുന്നവരെ മഹത്വവൽക്കരിക്കുകയും അവരെ മിത്താക്കി മാറ്റുകയും ചെയ്യുന്നത് കാലഘട്ടത്തിന്റെ സ്വഭാവമാണ്. കാഞ്ചനമാലമാരാണോ പുതിയ തലമുറയ്ക്ക് മാതൃകയാകേണ്ടത്. അവരുടെ പ്രണയത്തിന്റെ തീവ്രതയെ കുറച്ചു കാണുകയല്ല; മറിച്ച് ഇത്തരം മഹത്വവൽക്കരണങ്ങളാൽ വഴിതെറ്റപ്പെട്ടു പോയേക്കാവുന്ന കുറച്ചു പേരെയെങ്കിലും ഓർത്തു പോകുന്നതു കൊണ്ടാണ്. കുട്ടികൾ വ്യക്തികളാണ്. നാളെത്തെ പൗരൻമാരാണ്. നാളയെ നയിക്കേണ്ടവരാണ്. ഭാവിയെ രൂപപ്പെടുത്തേണ്ടവരാണ്. പക്ഷേ, സ്വന്തം പങ്കാളിയെ സ്വയം തെരെഞ്ഞെടുക്കാൻ പോലും അവകാശമില്ലാത്തവരുമാണ്. പ്രണയം പലപ്പോഴും പാട്രിയാർക്കി കാത്തു സൂക്ഷിക്കുന്നതായി കാണാം. കാമുകിയുടെ തോളിൽ നിന്നും ഊർന്നു വീഴുന്ന ഷാൾ യഥാസ്ഥാനത്തുറപ്പിക്കുന്ന കാമുക വീഡിയോകൾ ടിക് ടോക്കിൽ സുലഭമായിരുന്നു ഒരു കാലത്ത്. വസ്ത്രസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും പ്രണയത്തിന്റെ പേരിൽ സ്വന്തം ഇഷ്ടം പങ്കാളിയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ടോക്സിക്കാണെന്നും കുട്ടികൾ പഠിക്കേണ്ടത് കുടുംബത്തിൽ നിന്ന് തന്നെയാണ്. സുഹൃത് ബന്ധങ്ങൾ, സോഷ്യൽ മീഡിയയുടെ ഉപയോഗം എന്നിവയിലുള്ള നിയന്ത്രണങ്ങൾ എന്നിവയും ടോക്സിക്കാണ്. ഇത് തിരിച്ചറിയാൻ കുട്ടികൾക്ക് കഴിയണം.

 

ഇക്കാര്യങ്ങളിൽ കുട്ടികളെ സഹായിക്കാൻ ഏറ്റവുമധികം സാധിക്കുന്നത് മാതാപിതാക്കൾക്കാണ്. പക്ഷേ, മകനോ മകളോ പ്രണയത്തിൽപ്പെട്ടാൽ ഉള്ളു പിടയ്ക്കുന്ന, അവരെ എങ്ങനെ അതിൽ നിന്നും പിന്തിരിപ്പിക്കാം എന്ന് തല പുകയ്ക്കുന്ന മാതാപിതാക്കളാണ് ഇവിടുള്ളത്. പരസ്പരം ബഹുമാനിക്കാൻ പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മറ്റേയാളിന്റെ കാര്യങ്ങളെ മാനിക്കണം. പ്രണയത്തിന്റെയെന്നല്ല മറ്റൊന്നിന്റേയും പേരിൽ തമാശ കളിക്കാനുള്ളതല്ല മറ്റുള്ളവരുടെ ജീവിതം എന്ന് അവർ മനസിലാക്കണം. നിർഭാഗ്യവശാൽ നമ്മുടെ കുടുംബങ്ങളിൽ ഇതൊന്നും ആരും കുട്ടികളെ പഠിപ്പിക്കുന്നില്ല. പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത് പോലും മഹാപാപമായി കരുതുന്നു. കുട്ടികൾ പ്രണയിക്കട്ടെ.. എത്ര പ്രണയം വേണമെങ്കിലും പരാജയപ്പെട്ടോട്ടെ. നിങ്ങളോട് അത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മാത്രം നൽകിയാൽ മതി. ഒടുവിലവർ ഏറ്റവും മികച്ചത്  കണ്ടെത്തും. തീർച്ച. ജാതിയും ജാതകവുമല്ല; മനസ്സും ജീവിതവുമാണ് പൊരുത്തപ്പെടേണ്ടത് എന്ന് ഇന്നത്തെ കുട്ടികൾക്കറിയാം. പ്രണയം എതിർക്കപ്പെടുമ്പോൾ അവർ സമ്മർദ്ദത്തിലാവുകയാണ്. കുട്ടികളാണ്... നിസ്സഹായരാണവർ..രക്ഷപെടാൻ അവർക്കേറ്റവും എളുപ്പമുള്ള വഴി അവർ തെരെഞ്ഞെടുക്കും. അതൊരു പക്ഷേ, മരണമായേക്കാം..

 

സ്വന്തം പ്രണയത്തെക്കുറിച്ച് മാതാപിതാക്കളോട് തുറന്നു പറയാനുള്ള സാഹചര്യം ഒരുക്കുക. അവരുടെ കൂട്ടുകാരിയെ/കാരനെ  മനസിലാക്കാൻ സഹായിക്കുക. ആ ബന്ധം നല്ലതല്ലെങ്കിൽ കുട്ടികൾ തന്നെ അത് തിരിച്ചറിയും. നിങ്ങളോട് അത് തുറന്നു പറയും. നിങ്ങൾക്കവരെ സഹായിക്കാനാവും. ആത്മഹത്യയെക്കുറിച്ച് അവർ ചിന്തിക്കുക പോലുമില്ല. പ്രണയത്തിൽ ഇനിയാരും മരണത്തെ തിരയാതിരിക്കട്ടെ. അതിന്റെ പേരിൽ ഇനി ഒരു ജീവനും പൊലിയാതിരിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com